ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് കീഴടങ്ങി, നടപടി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ
കൊച്ചി: ഐബി ഉദ്യോഗസ്ഥയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി സുകാന്ത് സുരേഷ് കീഴടങ്ങി. കേസിൽ സുകാന്തിന്റെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രതി കീഴടങ്ങിയത്. കൊച്ചി ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലെത്തിയാണ് പ്രതി കീഴടങ്ങിയത്. സുകാന്തിനെ പ്രതി ചേര്‍ത്ത് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇയാളെ പിടികൂടാത്തതിൽ വിവിധ കോണുകളിൽ നിന്ന് വിമർശനം ശക്തമായിരുന്നു.
മരണപ്പെട്ട ഐബി ഉദ്യോഗസ്ഥരുടെ കുടുംബം ഇക്കാര്യത്തിൽ ആരോപണം ഉയർത്തിയതിന് പിന്നാലെയാണ് സുകാന്ത് കീഴടങ്ങിയത്. ഐബി ഉദ്യോഗസ്ഥയുടെ മരണത്തിനുശേഷം രണ്ട് മാസത്തോളം ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. നേരത്തെ മെയ് 22ന് മുൻകൂര്‍ ജാമ്യാപേക്ഷയിൽ വിധി പറയുന്നതുവരെ സുകാന്തിന്റെ അറസ്‌റ്റ് ഹൈക്കോടതി തടയുകയും ചെയ്‌തിരുന്നു.

എന്നാൽ ഇന്ന് ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് നാടകീയമായ കീഴടങ്ങൽ അരങ്ങേറിയത്. ഇയാളെ സെന്‍ട്രല്‍ പോലീസ് കസ്‌റ്റഡിയിലെടുത്ത് തിരുവനന്തപുരം സിറ്റി പോലീസിന് കൈമാറും. ഇത്രനാൾ ഒളിവില്‍ കഴിഞ്ഞിട്ടും ഇയാളെ എന്തുകൊണ്ട് പിടിക്കാന്‍ സാധിച്ചില്ലെന്ന് ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു. ഇയാള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ അത് കേസിനെ ഗുരുതരമായി ബാധിക്കുമെന്ന വാദവും കണക്കിലെടുത്താണ് മുൻകൂർ ജാമ്യം നിഷേധിച്ചത്.
ജസ്‌റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് ജാമ്യ ഹര്‍ജി തള്ളിയത്. മുന്‍ ഐബി ഉദ്യോഗസ്ഥന്‍ കൂടിയാണ് സുകാന്ത് സുരേഷ്. ആത്മഹത്യ പ്രേരണ കുറ്റമുള്‍പ്പെടെ ചുമത്തപ്പെട്ടതിന് പിന്നാലെ ഇയാളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു. മരണപ്പെട്ട ഉദ്യോഗസ്ഥയുടെ സുകാന്തുമായുള്ള വാട്‌സാപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉൾപ്പെടെ പുറത്തുവന്നിരുന്നു. അതിന് പിന്നാലെയാണ് ഇയാളെ പിരിച്ചുവിട്ടത്.
പോലീസ് അന്വേഷണം വേഗത്തിൽ ആക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബം രംഗത്ത് വന്നിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. അന്വേഷണം വേഗത്തിൽ ആക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതാണെന്നും പോലീസ് നടപടിയെടുത്തില്ലെങ്കിൽ മറ്റു വഴികൾ നോക്കേണ്ടിവരുമെന്നാണ് കുടുംബം വ്യക്തമാക്കിയത്.
ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഐബി ഓഫീസറായ യുവതിയെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സുകാന്തിന്റെ പങ്ക് ഉൾപ്പെടെ പുറത്തുവന്നത്. തുടക്കം മുതൽ പെൺകുട്ടിയുടെ കുടുംബം സുകാന്തിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ഇയാളിലേക്ക് തിരിഞ്ഞത്.












Click it and Unblock the Notifications