ഭിന്നലിംഗക്കാര്‍ക്കായി സ്‌കൂളും, ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ സ്‌കൂള്‍ കൊച്ചിയില്‍...
റെസിഡന്‍ഷ്യല്‍ സൗകര്യത്തോടെയുള്ള സഹജ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഡിസംബര്‍ 30ന് കല്‍ക്കി സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്യും.
കൊച്ചി: ഭിന്നലിംഗക്കാര്‍ക്കായി കൊച്ചിയില്‍ സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ഭിന്നലിംഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായാണ് കൊച്ചിയില്‍ സ്‌കൂള്‍ തുടങ്ങുന്നത്. റെസിഡന്‍ഷ്യല്‍ സൗകര്യത്തോടെയുള്ള സഹജ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഡിസംബര്‍ 30ന് കല്‍ക്കി സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്യും.
ട്രാന്‍സ് ഇന്ത്യ ഫൗണ്ടേഷനില്‍ പ്രവര്‍ത്തിക്കുന്ന ആറു ഭിന്നലിംഗക്കാരാണ് സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത ഭിന്നലിംഗക്കാരായ 10 വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം നല്‍കുക. നാഷണല്‍ ഓപ്പണ്‍ സ്‌കൂള്‍ സിലബസിലായിരിക്കും സ്‌കൂളിന്റെ പ്രവര്‍ത്തനം.

ഇതോടൊപ്പം വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വ വികസനത്തിന് സഹായിക്കുന്ന പരിശീലനങ്ങളും പാഠ്യേതര പദ്ധതികളും കരിക്കുലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും സ്‌കൂളിന്റെ ഭാരവാഹികളും ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റുകളുമായ വിജയരാജ മല്ലിക, മായ മേനോന്‍, ഫൈസല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഭിന്നലിംഗക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനും മെച്ചപ്പെട്ട ജീവിത സാഹചര്യം ഉണ്ടാക്കിയെടുക്കാനും വേണ്ടിയാണ് സ്‌കൂള്‍ ആരംഭിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. കൊച്ചി മെട്രോ അടക്കമുള്ള സ്ഥാപനങ്ങള്‍ ഭിന്നലിംഗക്കാര്‍ക്ക് ജോലി വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ മതിയായ യോഗ്യതയില്ലാത്തതാണ് പലരുടെയും പ്രശ്‌നം.
ഇതെല്ലാം മറികടക്കാന്‍ സ്‌കൂളിന്റെ പ്രവര്‍ത്തനത്തിലൂടെ സാധിക്കും. ഒര കൂട്ടം അധ്യാപകരും സാമൂഹിക പ്രവര്‍ത്തകരും സ്‌കൂളിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ട്രാന്‍സ്‌ജെന്‍ഡര്‍ ആയതിന്റെ പേരില്‍ പഠനം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നവര്‍ക്ക് പഠനം പൂര്‍ത്തികരിക്കാനുള്ള അവസരമുണ്ടാകുമെന്നും ഭാരവാഹികള്‍ അറിയിച്ചു.












Click it and Unblock the Notifications