'പ്രധാനമന്ത്രിയെ അപമാനിച്ചു'; ഹൈക്കോടതി ജീവനക്കാരുടെ നാടകത്തിന് എതിരെ പരാതി, രണ്ട് പേർക്ക് സസ്‌പെൻഷൻ
കൊച്ചി: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഹൈക്കോടതിയിൽ അവതരിപ്പിച്ച നാടകത്തിനെതിരെ പരാതി. ഹൈക്കോടതി ജീവനക്കാർ അവതരിപ്പിച്ച 'വൺ നേഷൻ വൺ വിഷൻ വൺ ഇന്ത്യ' എന്ന നാടകത്തിനെതിരെയാണ് ലീഗൽ സെല്ലും ഭാരതീയ അഭിഭാഷക പരിഷത്തും പരാതി നൽകിയത്. പ്രധാനമന്ത്രിയേയും രാജ്യത്തേയും ഈ നാടകത്തിലൂടെ അപമാനിച്ചു എന്നാണ് പരാതിയിൽ പറയുന്നത്.
നാടകത്തിലെ പ്രധാനമന്ത്രിയുടെ വാക്കുകളുടെ പ്രയോഗരീതി ആക്ഷേപിക്കുന്ന തരത്തിൽ ആണെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. സുപ്രീംകോടതി ചീഫ് ജസ്‌റ്റിസിനും ഹൈക്കോടതി ചീഫ് ജസ്‌റ്റിസിനും കേന്ദ്ര നിയമ മന്ത്രിക്കുമാണ് ഇത് സംബന്ധിച്ച് ലീഗൽ സെല്ലും, അഭിഭാഷക പരിഷത്തും പരാതി നൽകിയത്.

സംഭവം വിവാദമായതോടെ രണ്ട് പേർക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. അസിസ്‌റ്റന്റ് റജിസ്ട്രാർ ടിഎ സുധീഷ്, കോർട്ട് കീപ്പർ പിഎം സുധീഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്‌തത്. സംഭവത്തെക്കുറിച്ച് വിജിലൻസ് റജിസ്ട്രാർ അന്വേഷിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. അന്വേഷണ വിധേയമായിട്ടാണ് ഇരുവരെയും സസ്പെൻഡ് ചെയ്‌തിരിക്കുന്നത്. നാടകത്തിലെ സംഭാഷണങ്ങൾ എഴുതിയത് അസിസ്‌റ്റന്റ് റജിസ്ട്രാർ സുധീഷ് ആയിരുന്നു. പരാതി ഉയർന്നതോടെ ഹൈക്കോടതി ചീഫ് ജസ്‌റ്റിസാണ് നടപടിക്ക് ഉത്തരവിട്ടത്.
കഴിഞ്ഞ ദിവസം റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചു ഹൈക്കോടതിയിൽ സംഘടിപ്പിച്ച പരിപാടികളുടെ ഭാഗമായാണ് 'വൺ നേഷൻ, വൺ വിഷൻ, വൺ ഇന്ത്യ' എന്ന വിവാദ നാടകം അരങ്ങേറിയത്. ഹൈക്കോടതി ജീവനക്കാരും അഡ്വ. ജനറൽ ഓഫിസിലെ ജീവനക്കാരും ക്ലർക്കുമാരും ഒക്കെ ചേർന്നാണ് ഒൻപത് മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ ഹ്രസ്വനാടകം അരങ്ങിലെത്തിച്ചത്.
ഹൈക്കോടതി ജീവനക്കാർ അവതരിപ്പിച്ച നാടകത്തിൽ പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിച്ചെന്നാണ് പ്രധാനമായും ഉയരുന്ന ആരോപണം. പ്രധാനമന്ത്രിയുടെ വാക്കുകളുടെ പ്രയോഗ രീതികളെ കളിയാക്കുന്നതിന് പുറമെ കേന്ദ്രപദ്ധതികളെയും സ്വാതന്ത്ര്യത്തിന്റെ അമൃത വർഷാഘോഷത്തെയും നാടകത്തിൽ അധിക്ഷേപിച്ചതായി പരാതിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.












Click it and Unblock the Notifications