പിപി ദിവ്യ സിപിഎമ്മുമായി അകലുന്നോ? ചർച്ചയായി ആ വാക്കുകൾ, 'ഉപേക്ഷിക്കുന്നത് നന്ദികേടല്ല, തിരിച്ചറിയലാണ്'

തലശ്ശേരി: കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും, എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്‌റ്റ് ചെയ്യപ്പെട്ട വ്യക്തിയുമായ പിപി ദിവ്യ സിപിഎമ്മുമായി അകലുന്നുവെന്ന് അഭ്യൂഹം. ഏറ്റവും ഒടുവിൽ പിപി ദിവ്യ ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ പ്രധാനമായും ഇത്തരമൊരു ചർച്ച ഉയർന്നുവന്നിരിക്കുന്നത്. നേരത്തെ തന്നെ ദിവ്യ പാർട്ടിയുമായി അകൽച്ചയിലാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

ഒരു കരയിൽ നിന്നും മറു കരയിൽ എത്താൻ സഹായിച്ചതിനെ ജീവിതകാലം മുഴുവൻ ചുമന്ന് നടക്കേണ്ടതില്ലെന്നും അതിനെ ഉപേക്ഷിക്കുന്നത് നന്ദികേടല്ല, മറിച്ച് ജീവിതം പഠിപ്പിച്ച പാഠമാണതെന്നും പിപി ദിവ്യ ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു. ബുദ്ധന്റെ കഥയുമായി ബന്ധപ്പെടുത്തിയാണ് പിപി ദിവ്യ ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഇതോടെ നിരവധി പേരാണ് പോസ്‌റ്റിനോട് പ്രതികരിച്ചു രംഗത്ത് വന്നിരിക്കുന്നത്.

pp divya

പിപി ദിവ്യയുടെ പോസ്‌റ്റ് പൂർണരൂപം:

ഓരോ ജീവിതത്തിനും പറയാൻ ഒരു കഥയുണ്ട്... ഓരോ കഥയിലും തിരിച്ചറിയാൻ ഒരു സത്യവും.

ജീവിതത്തിന്റെ ഏതോ വഴിത്തിരിവിൽ കണ്ടുമുട്ടിയ മനുഷ്യർ... കടന്നുപോയ സാഹചര്യങ്ങൾ... ഹൃദയത്തിൽ മായാതെ കിടക്കുന്ന ചില ഓർമ്മകൾ... കാലം മായ്ച്ചുകളയാത്ത ചില മുറിവുകൾ... ഇതെല്ലാം മനസ്സിൽ അവശേഷിപ്പിച്ച ചിന്തകളുണ്ട്. ചില അനുഭവങ്ങൾ ചിരിയുടെ പൂക്കാലം സമ്മാനിച്ചു. ചിലത് കണ്ണീരിന്റെ നനവുള്ള ഓർമ്മകളായി മാറി. മറ്റു ചിലത് മനുഷ്യരെ തിരിച്ചറിയാനും ബന്ധങ്ങളുടെ ആഴം അളക്കാനും സത്യത്തിന്റെയും നീതിയുടെയും വില മനസ്സിലാക്കാനും പഠിപ്പിച്ചു.

അങ്ങനെയിരിക്കെ, അടുത്തിടെ വായിച്ച ഒരു കഥ മനസ്സിൽ ആഴത്തിൽ പതിഞ്ഞു. ബുദ്ധൻ തന്റെ ശിഷ്യന്മാരോട് പറഞ്ഞതായി കേട്ടിട്ടുള്ള ഒരു കഥ...ഒരു മനുഷ്യൻ യാത്രയ്ക്കിടയിൽ ആഴമേറിയ ഒരു നദിക്കരയിലെത്തി. മറുകരയിലെത്താൻ പാലമില്ല, വള്ളമില്ല, സഹായിക്കാൻ ആരുമില്ല. ഒടുവിൽ അവിടെക്കണ്ട മരത്തടികളും കമ്പുകളും ചേർത്ത് അയാൾ ഒരു ചങ്ങാടമുണ്ടാക്കി. പ്രതിബന്ധങ്ങളെ അതിജീവിച്ച് സുരക്ഷിതമായി മറുകരയിലെത്തി.

തന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ച ആ ചങ്ങാടത്തോട് അയാൾക്ക് വല്ലാത്ത നന്ദി തോന്നി. അതിനെ ഉപേക്ഷിക്കാൻ മനസ്സുവരാതെ, ഇനി എവിടെപ്പോയാലും ചങ്ങാടം കൂടെ കൊണ്ടുപോകാൻ അയാൾ തീരുമാനിച്ചു. അങ്ങനെ, യാത്ര സുഗമമാക്കിയ ആ ചങ്ങാടം തലയിലേറ്റി അയാൾ വീണ്ടും യാത്ര തുടർന്നു.

കഥ പറഞ്ഞുതീർത്ത ബുദ്ധൻ ശിഷ്യന്മാരോട് ചോദിച്ചു:

"അയാൾ ചെയ്യുന്നത് ശരിയാണോ?"

ശിഷ്യന്മാർ ഒരേ സ്വരത്തിൽ പറഞ്ഞു: "അല്ല."

ഒന്ന് ആലോചിച്ചുനോക്കൂ... നമ്മുടെ ജീവിതത്തിലും ഇങ്ങനെയുള്ള ചില ചങ്ങാടങ്ങളില്ലേ?

ഒരിക്കൽ നമ്മെ ചേർത്തുപിടിച്ച ചില ബന്ധങ്ങൾ ഇന്ന് നമ്മെ വേദനിപ്പിക്കുന്നുണ്ടാകാം. ഒരുകാലത്ത് തുണയായിരുന്ന ചില ശീലങ്ങൾ ഇന്ന് നമ്മുടെ മുന്നോട്ടുള്ള യാത്രയ്ക്ക് തടസ്സമാകുന്നുണ്ടാകാം. ഒരിക്കൽ നമുക്ക് ശരിയെന്നു തോന്നിയതെല്ലാം എക്കാലവും ശരിയായിരിക്കണമെന്നില്ല.

ചിലതിനോട് നാം നന്ദിയുള്ളവരായിരിക്കണം... ചിലതിനെ സ്നേഹത്തോടെ യാത്രയാക്കണം.

നമ്മെ ഒരു കരയിൽനിന്ന് മറ്റൊരു കരയിലേക്ക് എത്തിക്കാൻ സഹായിച്ച ചങ്ങാടത്തെ ജീവിതകാലം മുഴുവൻ ചുമന്നുനടക്കേണ്ടതില്ല. അതിനെ ഉപേക്ഷിക്കുന്നത് നന്ദികേടല്ല; മറിച്ച്, ജീവിതം നമ്മെ പഠിപ്പിച്ച പാഠത്തെ തിരിച്ചറിയലാണ്.

ജീവിതത്തിലും അങ്ങനെതന്നെ... ചില മനുഷ്യർ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത് ഒരു പാഠം പഠിപ്പിക്കാനായിരിക്കാം. ചില അനുഭവങ്ങൾ നമ്മെ തകർക്കാനല്ല, കൂടുതൽ കരുത്തുള്ളവരാക്കാനായിരിക്കാം. ചില വേർപിരിയലുകൾ നഷ്ടങ്ങളല്ല; പുതിയ വഴികളിലേക്കുള്ള തുടക്കങ്ങളായിരിക്കാം.

എല്ലാറ്റിനെയും മുറുകെപ്പിടിക്കുന്നതല്ല ജീവിതം; വിട്ടുപോകേണ്ടതിനെ തിരിച്ചറിയാനുള്ള വിവേകം കൂടിയാണ് ജീവിതം.

പ്രിയ സുഹൃത്തുക്കളേ,

ഇവിടെ ഞാൻ പങ്കുവയ്ക്കുന്നത് വെറും സങ്കൽപ്പകഥകളല്ല. ജീവിതയാത്രയിൽ കണ്ടുമുട്ടിയ മനുഷ്യരും അനുഭവിച്ച സാഹചര്യങ്ങളും മനസ്സിൽ അവശേഷിപ്പിച്ച ചിന്തകളും ചോദ്യങ്ങളുമാണ്. ചില കഥകളിൽ നിങ്ങൾക്ക് പരിചിതമായ മുഖങ്ങൾ തെളിഞ്ഞേക്കാം. ചില അനുഭവങ്ങളിൽ നിങ്ങളുടെ തന്നെ ജീവിതത്തിന്റെ നിഴലുകൾ കണ്ടേക്കാം.

ഓർമ്മകളുടെ വഴികളിലൂടെ... മനുഷ്യബന്ധങ്ങളുടെ ഉള്ളറകളിലൂടെ... സത്യത്തിന്റെയും നീതിയുടെയും അർത്ഥങ്ങൾ തേടി ഒരു യാത്ര.

കാരണം, ഓരോ കഥയ്ക്കു പിന്നിലും ഒരു ജീവിതമുണ്ട്... ഓരോ ജീവിതത്തിനുള്ളിലും പറയാതെപോയ ഒരു സത്യവും.

"Justice may be delayed, but the voice of truth will never fade."

സത്യം പറയാനുള്ള ധൈര്യത്തോടെയും നീതി തിരിച്ചറിയാനുള്ള വിവേകത്തോടെയും... ഈ യാത്ര ഇവിടെ തുടരുന്നു. ..വായിക്കണം. ..അഭിപ്രായങ്ങൾ അറിയിക്കണം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma