301 റൺസ് വിജയലക്ഷ്യം,അന്ന് പാകിസ്താനെ തകർത്തത് ഷമിയുടെ മികച്ച ബൗളിംഗ്;കുറിപ്പുമായി പദ്മജ
കോഴിക്കോട്; ട്വന്റി20 ലോകകപ്പിൽ പാകിസ്താനെതിരായ മത്സരത്തിൽ ഇന്ത്യയുടെ കനത്ത തോൽവിക്ക് പിന്നാലെ കടുത്ത സൈബർ ആക്രമണമായിരുന്നു ഇന്ത്യൻ താരം മുഹമ്മദ് ഷമിക്കെതിരെ ഉയർന്നത്. തോൽവിക്ക് കാരണം ഷമിയാണെന്ന തരത്തിലായിരുന്നു കേട്ടാലറയ്ക്കുന്ന ഭാഷയിൽ ഹിന്ദുത്വവാദികൾ താരത്തിനെതിരെ രംഗത്തെത്തിയത്. അതേസമയം സൈബർ ആക്രമണങ്ങളിൽ ഷമിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ക്രിക്കറ്റ് താരങ്ങളും രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരെല്ലാം രംഗത്തെത്തിയിരുന്നു.
വിഷയത്തിൽ പ്രതികരിക്കുകയാണ് കോൺഗ്രസ് നേതാവ് പദ്മ വേണുഗോപാൽ.ഷമിക്കെതിരായി പ്രചരണം നടത്തുന്നവർ നമ്മുടെ രാജ്യത്തിന്റ സമാധാന അന്തരീക്ഷം ഇല്ലാതാക്കി രാജ്യത്ത് വർഗ്ഗീയത പ്രചരിപ്പിക്കാൻ ആണ് ശ്രമിക്കുന്നതെന്ന് പദ്മജ ഫേസ്ബുക്കിൽ കുറിച്ചു.

പാക്കിസ്ഥാന് എതിരെയുള്ള മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടതിന്റ പേരിൽ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ദേശീയത ചോദ്യം ചെയ്യുന്ന തരത്തിൽ സംഘപരിവാർ വിഭാഗങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വർഗ്ഗീയ വിദ്വേഷ പ്രചരണങ്ങൾ നടത്തുന്നത് സങ്കടകരമാണ്. ഇന്ത്യൻ ടീമിലെ പാക്കിസ്താൻ ചാരനായി ഷമിയെ ചിത്രീകരിച്ച പ്രചരണവും അദ്ദേഹത്തോട് പാക്കിസ്ഥാനിലേക്ക് പോകുവാനും വർഗ്ഗീയ മനസ്സിന്റെ ഉടമകളായ ഇവർ പറയുന്നു. ഇത്തരം പ്രചരണക്കാർ നമ്മുടെ രാജ്യത്തിന്റ സമാധാന അന്തരീക്ഷം ഇല്ലാതാക്കി രാജ്യത്ത് വർഗ്ഗീയത പ്രചരിപ്പിക്കാൻ ആണ് ശ്രമിക്കുന്നത്. തികച്ചും അപലപനീയമാണ് ഇത്.

ക്രിക്കറ്റ് ഒരു കളിയാണ്, എല്ലാ ദിവസവും ഒരു കളിക്കാരന് തന്റെ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കണം എന്നില്ല. മുഹമ്മദ് ഷമി എന്ന കളിക്കാരനെ സംബന്ധിച്ച് തന്റെ മോശം ദിവസങ്ങളിൽ ഒന്ന് മാത്രമായിരുന്നു കഴിഞ്ഞ ദിവസവും. അതിന്റെ പേരിൽ ആ കളിക്കാരനെ രാജ്യദ്രോഹി എന്ന് വിളിക്കുന്നവരോട് 2015 ലോകകപ്പിലെ ഷമിയുടെ പ്രകടനം ഓർമ്മപ്പെടുത്തുകയാണ്. അന്ന് ലോകകപ്പിലെ ആദ്യ മത്സരം പാകിസ്ഥാന്റെ ഒപ്പം ആയിരുന്നു. 301 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താനെ തകർത്തത് ഷമിയുടെ മികച്ച ബൗളിംഗ് ആയിരുന്നു.

2019ലും ഷമിയുടെ മികച്ച ബൗളിംഗ് പ്രകടനങ്ങൾ ആണ് ഇന്ത്യയെ മിക്ക മത്സരങ്ങളിലും തോൽവിയിൽ നിന്ന് രക്ഷിച്ചത്. അന്ന് ഷമിക്ക് സ്തുതി പാടിയവർ ഇന്ന് ഒരു തോൽവിയുടെ പേരിൽ വേട്ടയാടുന്നു. ഈ വേട്ടയാടൽ മുഹമ്മദ് ഷമി എന്ന കളിക്കാരനെ മാനസികമായി തളർത്താതെ വരാനിരിക്കുന്ന കളികളിൽ മികച്ച പ്രകടനം നടത്തി ഇന്ത്യയെ ട്വന്റി -20 ലോക ചാമ്പ്യന്മാർ ആക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു, ഫേസ്ബുക്ക് കുറിപ്പിൽ പദ്മജ പറഞ്ഞു.

അതേസമയം എംഎൽഎ നജീബ് കാന്തപുരവും വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ വായിക്കാം-കഴിക്കുന്ന ഭക്ഷണത്തിൽ പോലും വർഗ്ഗീയത കാണുന്ന നാട്ടിൽ ഒരു കായിക താരത്തിന്റെ പ്രകടനം മതം ചേർത്ത് നിരൂപണം നടത്തുന്നുവെന്ന് കേൾക്കുമ്പോൾ വലിയ അത്ഭുതമൊന്നുമില്ല. മുഹമ്മദ് ഷമി എന്ന അയാളുടെ പേരാണ് അവർക്ക് അസ്വസ്ഥതയുണ്ടാക്കുന്നത്. ഒളിംപിക്സിൽ ഇന്ത്യൻ താരങ്ങൾ മെഡൽ നേടിയപ്പോൾ അത് മോഡിയുടെ തന്ത്രവിജയമായി ആഘോഷിച്ച വിവരദോഷികൾക്ക് ഈ തോൽവിയുടെ ക്രെഡിറ്റും മൂപ്പർക്ക് നൽകാൻ താൽപര്യമില്ല. പക്ഷേ, 'മുഹമ്മദ് ഷമി' എന്ന ഇന്ത്യൻ ക്രിക്കറ്റ് താരം 'പാക്കിസ്ഥാൻ ചാരൻ' അവരുടെ പണം വാങ്ങി ഇന്ത്യയെ തോൽപ്പിച്ചുവത്രെ.

ഇതൊക്കെ സ്പോർട്സ്മാൻ സ്പിരിറ്റിലെടുക്കുന്നതിന് പകരം ഇതിലും മതവും ജാതിയും കാണുന്നവരെ നയിക്കുന്നത് വെറുപ്പാണ്. ആ വെറുപ്പുൽപ്പാദിപ്പിക്കുന്ന പ്രത്യയ ശാസ്ത്രത്തിന്റെ പേരാണ് സംഘ് പരിവാർ. കളിക്കളത്തിൽ മാത്രമല്ല, ഇന്ത്യൻ രാഷ്ട്രീയ ഭൂപടത്തിലും ചുറ്റും വെള്ളം നിറഞ്ഞ ഒരു തുരുത്തുപോലെയാണ് മുസ്ലിം സമുദായമെന്ന യാഥാർത്ഥ്യത്തിന്റെ പ്രതിഫലനമാണ് ഈ ഹെയ്റ്റ് കാംപെയിനും. മനുഷ്യ ജീവിതത്തിന്റെ സ്വാഭാവികതയായ ഭക്ഷണം, വസ്ത്രം, വിനോദം തൊട്ട് ശ്വാസനിശ്വാസത്തിൽ വരെ രാഷ്ട്രീയം കലർത്തുന്ന ഈ കാലത്ത് ഷമിയുടെ കൂടെ നിരുപാധികം നിൽക്കേണ്ട ബാധ്യത ഇന്ത്യൻ ജനതക്കുണ്ട്, പോസ്റ്റിൽ പറയുന്നു.
ഇത്രയും സമ്മാനങ്ങളോ.. പിറന്നാൾ ആഘോഷം പൊടിപൊടിച്ച് അനുശ്രീ..ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications