'കേരളത്തിൽ കൂടുതൽ പേരും ബുദ്ധിജീവികൾ, തീരുമാനം നിങ്ങളുടേത്'; ബിജെപി പ്രചരണ വേദിയിൽ വീണ്ടും ശോഭന
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ബിജെപി പ്രചാരണ വേദിയിൽ സംസാരിച്ച് നടി ശോഭന. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ആറ്റിങ്ങലിലെ പരിപാടിയിലാണ് ശോഭന പ്രസംഗിച്ചത്. ഇത് മോദിയുടെ മൂന്നാം ഇന്നിംഗ്‌സിന്റെ സമയം ആണെന്നും, തീരുമാനം എടുക്കേണ്ടത് നിങ്ങളാണെന്നും ശോഭന ജനങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം രാജീവ് ചന്ദ്രശേഖറിന്റെ പ്രചരണ പരിപാടിയിൽ താരം പങ്കെടുത്തിരുന്നു.
ഇതിന് പിന്നാലെയാണ് മോദി എത്തുന്ന വേദിയിൽ അവർ പ്രസംഗിച്ചത്. നരേന്ദ്ര മോദിയുടെ വികസന സ്വപ്‌നങ്ങളിൽ ഊന്നിയാണ് പ്രസംഗം മുന്നോട്ട് പോയത്. കേരളത്തിലെ പൊതു സാഹചര്യവും വിദേശത്തേക്കുള്ള ചെറുപ്പക്കാരുടെ ഒഴുക്കും ഉൾപ്പെടെ തന്റെ ഹ്രസ്വമായ പ്രസംഗത്തിൽ ശോഭന വിവിധ വിഷയങ്ങൾ ചൂണ്ടിക്കാട്ടി.

'ഇന്ന് എന്റെ ചില അഭിപ്രായങ്ങളാണ് നിങ്ങളോട് എനിക്ക് പങ്കുവയ്ക്കാനുള്ളത്. പക്ഷേ പല കാര്യങ്ങളും നിങ്ങൾക്കാണ് അറിയുന്നത്. അതുകൊണ്ട് തന്നെ തീരുമാനം എടുക്കേണ്ടത് നിങ്ങളാണ്. ഒരു കേരളീയൻ എന്ന അർത്ഥത്തിൽ എല്ലാ തലത്തിലുമുള്ള നേട്ടവും ഈ നാടിന് ലഭിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്, അത്രേയുള്ളൂ' ശോഭന പറഞ്ഞു തുടങ്ങി.
'കേരളത്തിന്റെ ഒരു പ്രത്യേകത എന്താണെന്ന് വെച്ചാൽ ഭൂരിപക്ഷം ആൾക്കാരും ഇന്റലിജൻഡ് ആണ്, വിദ്യാസമ്പന്നരാണ്, ബുദ്ധിജീവികളാണ്. അതുകൊണ്ട് ഒരു പരിധിവരെ എല്ലാവർക്കും അവരവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ഒരു കഴിവുണ്ട്. ഉദാഹരണത്തിന് വർഷങ്ങളായി ഇവിടെ നിന്ന് ആളുകൾ വിദേശത്തേക്ക് പോയി കൊണ്ടിരിക്കുകയാണ്' താരം പറയുന്നു.
'എന്തുകൊണ്ട്, ഇത്രയും അധികം ആളുകൾ അതും കേരളത്തിൽ നിന്ന് പോവുന്നു. ഇത്രയധികം മസ്‌തിഷ്‌ക ചോർച്ച, തൊഴിൽ ശേഷിയുടെ ചോർച്ച എങ്ങനെ ഉണ്ടാവുന്നു. ഇവർ ഇത്രയധികം പേർ പുറത്തുപോയി ജോലി എടുത്ത് പണം ഇങ്ങോട്ട് അയക്കുന്നു. അതൊരു തരത്തിൽ പ്രശ്‌ന പരിഹാരം തന്നെയാണ്' എന്നും ശോഭന പറഞ്ഞു.
'മോദിജിയുടെ നേതൃത്വത്തിൽ അസാധ്യമെന്ന് കരുതിയ പലതും ഇവിടെ നടപ്പായിട്ടുണ്ട്. അതിന്റെ തെളിവാണ് രണ്ടാം ഇന്നിംഗ്‌സിലും അദ്ദേഹം തന്നെ ക്യാപ്റ്റനായി തുടരുന്നത്. ഇപ്പോഴത് മൂന്നാം ഇന്നിംഗ്‌സിലേക്ക് കടക്കുന്ന സമയമാണ്. അഞ്ച് വർഷം കൊണ്ട് അഞ്ച് ലക്ഷം ചെറുപ്പക്കാർക്ക് ജോലി നൽകും എന്നത് ഉൾപ്പെടെ അദ്ദേഹം ഉറപ്പ് നൽകുന്ന ചില നേട്ടങ്ങളുണ്ട്' ശോഭന ചൂണ്ടിക്കാട്ടി.
കൂടാതെ നരേന്ദ്ര മോദി സർക്കാരിന്റെ വികസന നേട്ടങ്ങളും ഭാവി പദ്ധതികളും ഉൾപ്പെടെ ശോഭന പ്രസംഗത്തിൽ പരാമർശിച്ചു. മത്സ്യതൊഴിലാളികൾക്ക് വേണ്ടിയുള്ള പദ്ധതികൾ, കടൽഭിത്തി നിർമ്മാണം, ഹെൽത്ത് ടൂറിസം മുന്നേറ്റം, ജലജീവൻ മിഷൻ എന്നിങ്ങനെ ഓരോ പദ്ധതികളും ശോഭന തന്റെ പ്രസംഗത്തിൽ എടുത്ത് പറഞ്ഞു.
ഒടുവിൽ ജയ് ഹിന്ദ് പറഞ്ഞാണ് ശോഭന തന്റെ പ്രസംഗം അവസാനിപ്പിച്ചത്. രാജീവ് ചന്ദ്രശേഖറിനെ പിന്തുണക്കാനാണ് താന്‍ എത്തിയത് എന്നും അദ്ദേഹത്തിന് എല്ലാവിധ വിജയാശംസകളും നേരുന്നുവെന്നും കഴിഞ്ഞ ദിവസം ശോഭന പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മോദി പങ്കെടുക്കുന്ന പരിപാടിയിൽ ശോഭന പ്രസംഗിച്ചത്.












Click it and Unblock the Notifications