കോളടിച്ച് ബെവ്കോ ജീവനക്കാർ; ഓണത്തിന് ബോണസ് 1,05,000 രൂപ വരെ, 2500 രൂപ അധികം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കുറിയും റെക്കോഡ് ബോണസ് കൈപ്പറ്റാനുള്ള ഭാഗ്യം ബെവ്കോ ജീവനക്കാർക്ക്. ബിവറേജസ് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് ഇത്തവണ ഒരു ലക്ഷത്തിൽ അധികം രൂപയാണ് പരമാവധി ബോണസായി ലഭിക്കുക. ഓണത്തിന് ബെവ്‌കോ സ്ഥിരം ജീവനക്കാര്‍ക്ക് പരമാവധി 1,05,000 രൂപ വരെ ബോണസ് ലഭിക്കും. ഇത് കഴിഞ്ഞ തവണ നൽകിയ ബോണസിനേക്കാൾ അധികമാണ് എന്നതാണ് പ്രധാന കാര്യം.
കഴിഞ്ഞ വർഷത്തേക്കാൾ 2500 രൂപ കൂടുതലാണിത്. ഇത്തവണ ജീവനക്കാർക്ക് അഡ്വാന്‍സായി അന്‍പതിനായിരം രൂപ വരെയും നല്‍കും. എക്‌സൈസ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം. സംസ്ഥാനത്ത് ഉത്സവ സീസണുകളിൽ ഏറ്റവും അധികം ബോണസ് കൈപ്പറ്റുന്ന വിഭാഗമാണ് ബെവ്കോ ജീവനക്കാർ.

ഇക്കുറി എംപ്ലോയ്‌മെന്റ് ജീവനക്കാര്‍ക്കുള്ള ബോണസ് 250 രൂപ വര്‍ധിപ്പിച്ച് 6250 രൂപയാക്കി ഉയർത്തിയിട്ടുണ്ട്. സ്വീപ്പര്‍മാക്ക് 6750 രൂപയും നല്‍കും. ഹെഡ് ഓഫീസിലെയും വെയര്‍ഹൗസിലെയും സെക്യൂരിറ്റി ജീവനക്കാര്‍ക്ക് 13,000 രൂപ വരെ ബോണസ് ആയി ഇത്തവണ നല്‍കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. ആയിരക്കണക്കിന് ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
കഴിഞ്ഞ വർഷം മാർച്ച് 31-ന് 124.10 കോടി രൂപ ലാഭത്തിലായിരുന്നു ബെവ്കോ. എന്നാൽ ഗാലനേജ് ഫീ ഏർപ്പെടുത്തിയതോടെ ഈ വർഷം മാർച്ച് 31-ന് ബെവ്കോ 281.95 കോടി നഷ്‌ടത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. ഗാലനേജ് വിഷയം ഗൗരവമായി പഠിച്ച് ഫിനാൻസ് ഡിപ്പാർട്ടുമെന്റിലേക്ക് അയച്ച് അനുമതി വാങ്ങി കുറച്ചു കൊണ്ടുവരാനാണ് സർക്കാരിന്റെ ശ്രമം.
അതേസമയം, ഇക്കുറിയും ഓണത്തിന് വലിയ വിൽപ്പന തന്നെയാണ് ബെവ്കോ ഔട്ട്ലെറ്റുകളിൽ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണത്തെ റെക്കോർഡ് ഇക്കുറി മറികടക്കുമോ എന്നാണ് എല്ലാവരും ഒരുപോലെ ഉറ്റുനോക്കുന്നത്. കഴിഞ്ഞ ഓണത്തിന് ബെവ്റജസ് കോര്‍പ്പറേഷനില്‍ റെക്കോഡ് മദ്യവില്‍പ്പന. സീസണിലെ 10 ദിവസങ്ങളില്‍ ഷോപ്പുകളിലൂടെയും വെയര്‍ഹൗസുകളിലൂടെയുമായി മൊത്തം 826 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്.
2024ലെ വിൽപ്പനയെക്കാൾ 50 കോടി അധികമായിരുന്നു ഇത്. ആ ഓണക്കാലത്ത് 776 കോടിയുടെ മദ്യമായിരുന്നു വിറ്റത്. 2025ലെ ഉത്രാടദിനത്തില്‍ മാത്രം 137 കോടിയുടെ മദ്യം വിറ്റു. ഇത് ഇത്തവണ മറികടക്കുമോ എന്നാണ് കണ്ടറിയേണ്ടത്. കഴിഞ്ഞ തവണ ഉത്രാട ദിനത്തിൽ ആറ് ഔട്ട്ലെറ്റുകൾ ഒരു കോടിയിലധികം വരുമാനം നേടിയിരുന്നു.


Click it and Unblock the Notifications