ജെഡിഎസ് കേരളഘടകം പുതിയ പാര്‍ട്ടിയാകും; ജനതാദള്‍ എസ് എന്ന പേര് ഇനിയില്ല
തിരുവനന്തപുരം: ജെഡിഎസ് കേരള ഘടകം പുതിയ പാര്‍ട്ടി രൂപീകരിക്കും. ജനതാദള്‍ എസ് എന്ന പേരും ഉപേക്ഷിച്ചുവെന്ന് കേരള ഘടകം പ്രഖ്യാപിച്ചു. പുതിയ പാര്‍ട്ടിയിലേക്ക് കേരള ഘടകം ലയിക്കുമെന്നും സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി തോമസ് പറഞ്ഞു. ഇതോടെ എന്‍ഡിഎ ഘടകകക്ഷിയായ ജെഡിഎസ്സുമായുള്ള ബന്ധം വേര്‍പ്പെടുത്തിയിരിക്കുകയാണ് പാര്‍ട്ടി.
ഒരു രൂപത്തിലും ബിജെപിയോടൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിയുടെ ഘടകമായി കേരളത്തിലെ പാര്‍ട്ടി അറിയപ്പെടാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും, ഇടതുപക്ഷം ജനാധിപത്യ മുന്നണിയുടെ ഭാഗമായി തുടരുമെന്നും മാത്യു ടി തോമസ് പറഞ്ഞു.

ദേശീയ ഘടകവുമായി പേരില്‍ മാത്രമാണ് ബന്ധമുള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകളില്‍ ഒരുപക്ഷേ ഒരു പാര്‍ട്ടിയെന്ന് കാണുന്നത് ഒഴിച്ചാല്‍ വ്യത്യസ്തമായ രാഷ്ട്രീയ നിലപാട് എടുത്തുകൊണ്ടാണ് കേരള ഘടകം കഴിഞ്ഞ കുറേ നാളുകളായി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ സാങ്കേതികമായ ഈ അപാകത പരിഹരിക്കപ്പെടേണ്ടതുണ്ടെന്ന് സംസ്ഥാന ഭാരവാഹിയോഗം തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ പാര്‍ട്ടി ബിജെപി വിരുദ്ധ നിലപാടുമായി ഇടതുപക്ഷത്തിനൊപ്പം നില്‍ക്കും. പുതിയ പാര്‍ട്ടിയുടെ പേരില്‍ ജനതാദള്‍ എന്ന് ഉണ്ടാകും. അതിലേക്കാകും രണ്ട് എംഎല്‍എമാര്‍ ഉള്‍പ്പെടുന്ന കേരള ഘടകം ലയിക്കുക. നിയമപരമായ വശങ്ങള്‍ കൂടി പരിശോധിച്ച ശേഷമാകും പുതിയ പാര്‍ട്ടി രൂപീകരിച്ച് അതില്‍ ലയിക്കുകയെന്നും മാത്യു ടി തോമസ് പറഞ്ഞു.
നിലവില്‍ ആര്‍ജെഡിയില്‍ ലയിക്കുന്നത് ആലോചനയില്‍ ഇല്ല. ദേശീയ നേതൃത്വം ബിജെപി ബന്ധം ഉപേക്ഷിച്ചാല്‍ അതിലേക്ക് ലയിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള ജനപ്രതിനിധികള്‍ക്ക് അവരെ തിരഞ്ഞെടുത്ത് അയച്ച ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിന് യാതൊരു തടസ്സവും ഉണ്ടായിരിക്കില്ല. അതെല്ലാം പരിശോധിച്ചുള്ള നടപടികളിലേക്ക് നീങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്.
പേര് ഉപേക്ഷിച്ച് കൊണ്ട് ഒരുപുതിയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനായി ചിലരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിലേക്കാണ് പുതിയ പാര്‍ട്ടി ലയിക്കുകയെന്നും മാത്യു ടി തോമസ് വ്യക്തമാക്കി. നേരത്തെ ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി എന്‍ഡിഎ സര്‍ക്കാരില്‍ മന്ത്രിയായതോടെയാണ് ജെഡിഎസ്സിന് മേല്‍ ഇടതുപക്ഷം സമ്മര്‍ദം ചെലുത്താന്‍ ആരംഭിച്ചത്.
സിപിഎമ്മില്‍ നിന്ന് മാത്രമല്ല ഇടതുമുന്നണിയിലെ ഘടകകക്ഷിളില്‍ നിന്നും പ്രതിപക്ഷത്ത് നിന്നും കടുത്ത സമ്മര്‍ദമുയര്‍ന്ന സാഹചര്യത്തിലാണ് പുതിയ പാര്‍ട്ടി പ്രഖ്യാപനം. കഴിഞ്ഞ ദിവസം ഇടതുമുന്നണിയിലെ ഘടകക്ഷിയായ ആര്‍ജെഡി നേതാവ് എംവി ശ്രേയാംസ് കുമാര്‍ അടക്കം ജെഡിഎസ് എന്‍ഡിഎയുടെ ഭാഗമാണെന്ന് ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയിരുന്നു.
സിപിഎമ്മും ഈ വിഷയത്തില്‍ പ്രതിരോധത്തിലായിരുന്നു. ജെഡിഎസ് ഈ വിഷയത്തില്‍ ഉറച്ച നിലപാട് സ്വീകരിക്കാതിരുന്നതാണ് വിവാദമാകാന്‍ കാരണം. സികെ നാണുവും എ നീലലോഹിതദാസും പാര്‍ട്ടി വിട്ടിരുന്നു. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യതാ ഭീഷണി ഭയന്നാണ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയും മാത്യു ടി തോമസും അന്തിമ തീരുമാനം എടുക്കാാത്തതെന്ന വിമര്‍ശവും ഉയര്‍ന്നിരുന്നു.












Click it and Unblock the Notifications