ഒടുവില്‍ എഐസിസി പ്രഖ്യാപിച്ചു: ജെബി മേത്തർ രാജ്യസഭാ സ്ഥാനാർത്ഥിയാവും
ദില്ലി: ജെബി മേത്തറെ കേരളത്തില്‍ രാജ്യഭ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് എ ഐ സി സി നേതൃത്വം. ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കും ചർച്ചകള്‍ക്കും ശേഷമാണ് പ്രഖ്യാപനം. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുന്നോടിയായി ജെബി മേത്തർ ഉള്‍പ്പെട്ട പട്ടിക കെ പി സി സി നേതൃത്വം എ ഐ സി സിക്ക് കൈമാറിയിരുന്നു. ഇതിന് പിന്നാലെ പാർട്ടി ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുടെ അംഗീകാരത്തോടെ തീരുമാനം വന്നത്. അസമില്‍ നടക്കുന്ന രാജ്യസഭ തിരഞ്ഞെടുപ്പില്‍ ബിപുന്‍ റാവയേയും കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
മഹിളാ കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷയാണ് ജെബി മേത്തർ. എം ലിജുവിന്റെ പേരും അവസാനം വരെ ശക്തമായി തന്നെ ഉയർന്ന് കേട്ടിരുന്നു. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെ പൂർണ്ണ പിന്തുണയും അദ്ദേഹത്തിനുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കെ സുധാകരനും ലിജുവും ഒരുമിച്ച് സോണിയ ഗാന്ധിയെ സന്ദർശിക്കുകയും ചെയ്തു. എന്നാല്‍ ഇതിനിടയില്‍ അവസാനഘട്ടം ഇടംപിടിച്ച ജെബി മേത്തറെ എ ഐ സി സി സ്ഥാനാർത്ഥിയായി പരിഗണിക്കുകയായിരുന്നു. മുസ്ലിം, യുവത്വം, വനിത എന്നീ ഘടകങ്ങളും ജെബി മേത്തറിന്റെ സ്ഥാനാർത്ഥിത്വത്തില്‍ അനുകൂല ഘടകങ്ങളായി.

സംഘടന ചുമതലുയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും ജെബി മേത്തറിന് വേണ്ടി സമ്മർദ്ദം ചെലുത്തിയെന്നാണ് സൂചന. 1980 ന് ശേഷം ആദ്യമായാണ് കോൺഗ്രസിൽ നിന്ന് ഒരു വനിത രാജ്യസഭയിലേക്ക് എത്തുന്നതെന്ന് പ്രത്യകേതയുമുണ്ട്. മുൻ കെ പി സി സി പ്രസിഡണ്ട് ടി ഒ ബാവയുടെ കൊച്ചു മകളും കോൺഗ്രസ് നേതാവായ കെഎംഐ മേത്തറുടെ മകളുമാണ് ജെബി മേത്തർ. 2010 മുതൽ ആലുവ നഗരസഭാ കൗൺസിലറായ ജെബി മേത്തർ നഗരസഭ ഉപാധ്യക്ഷ കൂടിയായിരുന്നു.
ഇതോടെ കേരളത്തില്‍ നിന്ന് ഒഴിവ് വരുന്ന മൂന്ന് സീറ്റിലേക്കും സ്ഥാനാർത്ഥികളായി. മൂന്നില്‍ രണ്ട് സീറ്റില്‍ എല്‍ ഡി എഫിനും ഒരു സീറ്റില്‍ യു ഡി എഫിനും വിജയിക്കാന്‍ സാധിക്കും. എഎ റഹീം, പി സന്തോഷ് കുമാർ എന്നിവരാണ് ഇടത് സ്ഥാനാർത്ഥികള്‍. ഇരുവരും ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കുകയും ചെയ്തു. കോണ്‍ഗ്രസ് സ്ഥാനാർത്ഥി നാളെ പത്രിക സമർപ്പിച്ചേക്കും.












Click it and Unblock the Notifications