'രാഹുൽ ഗാന്ധി ഉത്തമ മാതൃക, മറ്റ് പാർട്ടികൾ ഒരക്ഷരം ഉരിയാടാത്തത് എന്തുകൊണ്ടായിരിക്കും?'; ജോയ് മാത്യു
കൊച്ചി: രാഹുൽ ഗാന്ധിയുടെ വോട്ട് ക്രമക്കേട് ആരോപണത്തിൽ അദ്ദേഹത്തിന് പിന്തുണയുമായി നടനും സംവിധായകനുമായ ജോയ് മാത്യു. ആധുനിക കാലത്തെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഉദാത്ത മാതൃകയാണ് രാഹുൽ ഗാന്ധിയെന്നാണ് ജോയ് മാത്യു പറയുന്നത്. ഭരിക്കുന്ന പാർട്ടിയുടെ വോട്ട് കൊള്ളയെ തുറന്നു കാണിക്കുകയാണ് അദ്ദേഹം ചെയ്‌തതെന്നും ജോയ് മാത്യു തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ചൂണ്ടിക്കാട്ടി. രാഹുലിന്റെ വോട്ട് കൊള്ള ആരോപണം വലിയ ചർച്ചയായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
രാഹുൽ ഗാന്ധിയുടെ കൃത്യമായ ആരോപണത്തെ ഉയർത്തി കാട്ടാൻ സാധിക്കാത്ത മറ്റ് പ്രതിപക്ഷ പാർട്ടികളെ കുറിച്ചും അദ്ദേഹം തന്റെ പോസ്‌റ്റിൽ പറയുന്നു. ബിജെപി നടത്തിയ വോട്ട് കൊള്ളയ്ക്ക് എതിരെ മറ്റ് പാർട്ടികളെ കുറിച്ച് തനിക്ക് അത്ഭുതം തോന്നുന്നുവെന്നായിരുന്നു ജോയ് മാത്യു പറഞ്ഞത്. സിപിഎം അടക്കമുള്ള കക്ഷികളെയാണ് അദ്ദേഹം പരോക്ഷമായി സൂചിപ്പിച്ചതെന്ന് വ്യക്തമാണ്, സമാനമായി പല കോണുകളിൽ നിന്നും അഭിപ്രായങ്ങൾ ഉയർന്നിരുന്നു.

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ വോട്ട് കൊള്ളയെപ്പറ്റിയുള്ള വെളിപ്പെടുത്തലുകൾ ഭരിക്കുന്ന പാർട്ടിയുടെ പൊയ്ക്കാൽ വിജയത്തെ തുറന്നു കാണിക്കുന്നു. ജനപ്രതിനിധി സഭകളിൽ ചുമ്മാ ബഹളം വെച്ച് ശബ്‌ദായനാമാക്കുകയല്ല രാഹുൽ ഗാന്ധി ചെയ്‌തത്. തികച്ചും ഒരന്വേഷണ സംഘത്തെ വെച്ച് തികച്ചും പ്രൊഫഷണലായി പിഴവുകളില്ലാതെ ആവശ്യമായ തെളിവുകൾ നിരത്തി വോട്ട് കൊള്ളയെ തുറന്നുകാണിക്കുകയാണ് അദ്ദേഹം ചെയ്‌തത്; ജോയ് മാത്യു ഫേസ്‌ബുക്ക് പോസ്‌റ്റിൽ പറയുന്നു.
ആധുനിക കാലത്തെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഉത്തമ മാതൃകയാണ് രാഹുൽ ഗാന്ധി. പക്ഷെ ഇന്ത്യാസഖ്യത്തിൽ തോളോട് തോൾ ചേർന്ന് നിൽക്കുന്ന മറ്റു പാർട്ടികൾക്കൊന്നും ബിജെപി നടത്തിയ ഈ വോട്ട് കൊള്ളക്കെതിരെ ഒരക്ഷരം ഉരിയാടാതിരിക്കുന്നവരെ കുറിച്ചോർത്ത് അത്ഭുതം തോന്നുന്നു . എന്തുകൊണ്ടായിരിക്കും ഇങ്ങിനെ?; അദ്ദേഹം ചോദിക്കുന്നു. എന്നാൽ പാർട്ടികളുടെ പേരെടുത്ത് പറയാൻ അദ്ദേഹം തയ്യാറായിട്ടുമില്ല.
അതിനിടെ കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ തെളിവുകൾ ഹാജരാക്കണം എന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നൽകിയിരുന്നു. കർണാടകയിലെ ഇരട്ട വോട്ട് രേഖപ്പെടുത്തിയെന്ന ആരോപണത്തിലാണ് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ലോക്‌സഭാ പ്രതിപക്ഷ നേതാവിന് നോട്ടീസ് നൽകിയിരിക്കുന്നത്.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് പ്രതിപക്ഷ എംപിമാർ നടത്തിയ മാർച്ചിൽ സംഘർഷവും ഉണ്ടായി. പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞതിനെ തുടർന്നാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. പോലീസ് മാർച്ച് തടഞ്ഞതിനെ തുടർന്ന് എംപിമാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. തുടർന്ന് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളെ ഇവിടെ നിന്നും അറസ്‌റ്റ് ചെയ്‌തു നീക്കുകയായിരുന്നു.
വലിയ രീതിയിൽ രാഹുൽ ഗാന്ധിയുടെ ആരോപണം ഏറ്റെടുത്ത് കൊണ്ട് കോൺഗ്രസ് ബിജെപിയെ പ്രതിക്കൂട്ടിൽ നിർത്തുകയാണ്. അതിനിടയിൽ സിപിഎം ഉൾപ്പെടെയുള്ള കക്ഷികൾ ഇതിന് വേണ്ടത്ര പ്രാധാന്യം നൽകുന്നില്ലെന്നും രാഹുലിന്റെ ആരോപണം കേട്ട ഭാവം പോലും നടിക്കുന്നില്ലെന്നുമാണ് ചില കേന്ദ്രങ്ങളുടെ വിമർശനം. ഇത് തന്നെയാണ് ജോയ് മാത്യുവും പരോക്ഷമായി സൂചിപ്പിച്ചത്.












Click it and Unblock the Notifications