'ബേപ്പൂരിൽ പിവി അൻവർ തോൽക്കും, ഇടതുപക്ഷ അടിത്തറയുള്ള ഇടം, റിയാസ് കാര്യങ്ങൾ ചെയ്‌തിട്ടുണ്ട്'; ജോയ് മാത്യു
കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി പിവി അൻവർ തോൽക്കുമെന്ന നിരീക്ഷണവുമായി നടനും സാംസ്‌കാരിക പ്രവർത്തകനുമായ ജോയ് മാത്യു. മണ്ഡലത്തിൽ അൻവർ പുതിയ ആളാണെന്നും റിയാസ് ഒരുപാട് കാര്യങ്ങൾ ചെയ്‌തിട്ടുണ്ടെന്നും മാത്രമല്ല കൃത്യമായ ഇടതുപക്ഷ അടിത്തറയുള്ള മണ്ഡലമാണ് ബേപ്പൂരെന്നും ജോയ് മാത്യു അഭിപ്രായപ്പെട്ടു.
അൻവർ അവിടെ തികഞ്ഞ പരാജയമാവാനാണ് സാധ്യത. ഞാൻ ഒരിക്കലും മുഹമ്മദ് റിയാസിനെ സപ്പോർട്ട് ചെയ്യുകയല്ല. നമുക്ക് നോക്കിയാൽ കാണാം, അത് അങ്ങനെയേ സംഭവിക്കുകയുള്ളൂ. ഇടത് പക്ഷത്തിന് ശക്തമായ അടിത്തറയുള്ള ഒരു സ്ഥലമാണത്. കാരണം വികെസി മമ്മദ് കോയ നേടിയെടുത്തിട്ടുള്ള, സ്ഥിരമായി ഉറപ്പിച്ചെടുത്ത ഒരു മണ്ഡലമാണ് ബേപ്പൂർ; ജോയ് മാത്യു 24 ന്യൂസിനോട് സംസാരിക്കവെ പറഞ്ഞു.

അവിടെ പിന്നെ മുഹമ്മദ് റിയാസ് വന്നു. അദ്ദേഹത്തിന് അവിടെ വലിയ രീതിയിലുള്ള കോണ്ടാക്റ്റുകൾ ഉണ്ട്. അൻവർ അവിടെ പുതിയൊരു ആളാണ്. അൻവർ ചോദിച്ചു വാങ്ങിയതാണല്ലോ? അപ്പോൾ തന്നെ അവർ കൊടുക്കുകയും ചെയ്‌തു. അതുകൊണ്ട് മണ്ഡലത്തിലെ കാര്യങ്ങൾ കണ്ടറിയണം; ജോയ് മാത്യു തന്റെ നിലപാട് വ്യക്തമാക്കി. കൂടാതെ താൻ നിയമസഭാ സ്ഥാനാർത്ഥി ആയി വരാനുള്ള സാധ്യതകൾ ജോയ് മാത്യു തള്ളുകയും ചെയ്‌തിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.
അതിൽ താൻ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നാണ് നടൻ പറയുന്നത്. ഇടത് പക്ഷ വിരുദ്ധ പ്രചാരകനായി ഞാനുണ്ടാകും. കോൺഗ്രസിന് ഞാൻ പിന്തുണ കൊടുക്കുന്നുണ്ട്, യുഡിഎഫിന് പിന്തുണ കൊടുക്കുന്നുണ്ട്. മത്സരിക്കുമോ ഇല്ലയോ എന്നതൊന്നും ഇപ്പോൾ പറയാൻ പറ്റില്ല. ആ സമയത്തെ എന്റെ ഒരു മാനസികാവസ്ഥ, മറ്റ് ഘടകങ്ങൾ എന്നിവ അനുസരിച്ചായിരിക്കും അത്; ജോയ് മാത്യു പറയുന്നു.
110 സീറ്റുകളോടെ ഇടത് പക്ഷം വീണ്ടും അധികാരത്തിൽ വരുമെന്നത് മുഖ്യമന്ത്രിയുടെ പ്രതീക്ഷയാണല്ലോ. ഒരിക്കലും അങ്ങനെയൊരു കാര്യം നടക്കാൻ സാധ്യത ഇല്ല. പൊതുവെ കാണുന്ന ഒരു ഭരണവിരുദ്ധ വികാരം വളരെ പ്രകടമാണ്. സർക്കാരിന്റെ കൊള്ളരുതായ്‌മകൾ ഓരോ ദിവസം കഴിയുന്തോറും, അതിപ്പോൾ ആരോഗ്യ രംഗത്ത് ആയാലും വിദ്യഭ്യാസ രംഗത്ത് ആയാലും തൊഴിൽ രംഗത്ത് ആയാലും പരാജയങ്ങളാണ്; അദ്ദേഹം വ്യക്തമാക്കി.
മാത്രമല്ല യുഡിഎഫ് മുന്നോട്ട് വയ്ക്കുന്ന പല പദ്ധതികളും, ഓരോ കാര്യങ്ങളിൽ എടുക്കുന്ന നിലപാടുകളും അതിന്റെ വ്യത്യസ്‌തത ഒക്കെ യുഡിഎഫിന് അനുകൂലമായിട്ടുള്ള ഒരു തരംഗമാണ് കേരളത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഒരു യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്; ജോയ് മാത്യു കൂട്ടിച്ചേർത്തു.












Click it and Unblock the Notifications