'ഡെന്മാർക്കിൽ എന്തോ ചീഞ്ഞ് നാറുന്നു'; മരംമുറി വിവാദത്തിൽ സർക്കാരിനെതിരെ കെ ബാബു
കൊച്ചി: മരംമുറി വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് തൃപ്പൂണിത്തുറ എംഎല്‍എ കെ ബാബു. വിവരാവകാശ നിയമപ്രകാരം മരംമുറിയുടെ വിവരങ്ങള്‍ കൈമാറിയ അണ്ടര്‍ സെക്രട്ടറി ഒജി ശാലിനിയുടെ ഗുഡ് സര്‍വ്വീസ് എന്‍ട്രി കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. മരംമുറി വിവാദത്തിൽ സർക്കാരിൻ്റെ നിലപാടുകൾ നിരീക്ഷിക്കുമ്പോൾ 'ഡെന്മാർക്കിൽ എന്തോ ചീഞ്ഞ് നാറുന്നു' എന്നാണ് തോന്നുന്നതെന്ന് കെ ബാബു പ്രതികരിച്ചു.
കെ ബാബുവിന്റെ പ്രതികരണം: '' കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിക്കുന്ന രീതിയാണ് പിണറായി വിജയൻ സർക്കാരിന്റേത്. മരം കൂട്ടത്തോടെ കട്ടവരെ പിടിക്കാതെ ഇതു സംബന്ധിച്ച രേഖകൾ വിവരാവകാശ നിയമപ്രകാരം നൽകിയ ഉദ്യോഗസ്ഥക്കെതിരെ നടപടി സ്വീകരിച്ചത് ഇതിന് ഉത്തമ ഉദാഹരണമാണ്. ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കരുതെന്ന് മുറവിളികൂട്ടുന്ന മുഖ്യമന്ത്രിയ്ക്കും കൂട്ടർക്കും ഇവിടെ എന്തേ അത് ബാധകമായില്ല.

ഉന്നതരുടെ അറിവോടെ നടന്ന കൊള്ളയ്ക്ക് ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പിണറായി സർക്കാരിന് ഈ നട്ടെല്ല് പോരെന്ന് ഇനിയെങ്കിലും മനസിലായി കാണും. സത്യം പുറത്തുവന്നാൽ നാടു ഭരിക്കുന്നവർ കാട്ടു കള്ളന്മാരായി മാറും. ഇക്കാര്യത്തിൽ സർക്കാരിൻ്റെ നിലപാടുകൾ നിരീക്ഷിക്കുമ്പോൾ 'ഡെന്മാർക്കിൽ എന്തോ ചീഞ്ഞ് നാറുന്നു' എന്നാണ് തോന്നുന്നത്. മരം മുറി സംഭവത്തിൽ വിവരാവകാശ നിയമപ്രകാരം വിവരം നൽകിയ ഉദ്യോഗസ്ഥയ്‌ക്കെതരെ നടപടി സ്വീകരിച്ചത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്.
റവന്യൂ വകുപ്പിലെ ഇൻഫർമേഷൻ ഓഫീസറായിരുന്ന അണ്ടർ സെക്രട്ടറി വിവരങ്ങൾ നൽകിയത് രാജ്യത്ത് നിലവിലുള്ള നിയമ പ്രകാരം പൊതുജനങ്ങൾ അറിയേണ്ട കാര്യമല്ലേ നൽകിയത്. മരം മുറി ഫയൽ സംസ്ഥാനത്തിന്റെ ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന കാര്യമാണെങ്കിൽ സർക്കാർ അത് പറയണം. ജോലിയിൽ മികവ് പുലർത്തിയതിന് ഗുഡ് സർവീസ് എൻട്രി നേടിയ ഉദ്യോഗസ്ഥയെ ബലിയാടാക്കിയ നടപടി സെക്രട്ടേറിയറ്റിലെ ഇടതുപക്ഷ സംഘടനാ പ്രവർത്തകരും മൗനം പാലിക്കുകയാണ്. കള്ളം കൈയോടെ പിടിച്ചപ്പോൾ മറ്റുള്ളവരുടെ കണ്ണിൽ പൊടിയിടാൻ ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കുന്ന രീതി മാറ്റണം. ഈ ഉദ്യോഗസ്ഥയ്ക്കെതിരെ സ്വീകരിച്ച നടപടികൾ സത്വരമായി പിൻവലിച്ച് അവർക്ക് നൽകിയ ഗുഡ് സർവ്വീസ് എൻട്രി തിരിച്ച് നൽകണം.












Click it and Unblock the Notifications