ബിജെപി ഫ്ലെക്‌സിൽ മോദിക്കും പത്മജയ്ക്കും ഒപ്പം കെ കരുണാകരനും; വലിച്ചുകീറി കോൺഗ്രസ് പ്രവർത്തകർ
മലപ്പുറം: നിലമ്പൂരിൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ പത്മജ വേണുഗോപാലിന് സ്വാഗതം ആശംസിച്ചു കൊണ്ടുള്ള ഫ്ലെക്‌സ് ബോർഡിൽ കെ കരുണാകരന്റെ ചിത്രവും. ബിജെപി വച്ച ബോർഡിലാണ് പത്മജ വേണുഗോപാലിനും, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഒപ്പം കെ കരുണാകരനും ഇടംപിടിച്ചത്. ഇതിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെത്തി ഫ്ലെക്‌സ് കീറിയെറിഞ്ഞു.
നിലമ്പൂർ ടൗണിലായിരുന്നു ബിജെപിയുടെ ഫ്ലെക്‌സ് ഉണ്ടായിരുന്നത്. ബിജെപിയുടെ മുനിസിപ്പൽ കമ്മിറ്റിയാണ് ലീഡർ കെ കരുണാകരനെ കൂടി ഉൾപ്പെടുത്തിയ ഫ്ലെക്‌സ് സ്ഥാപിച്ചത്. എന്നാൽ അധികം വൈകാതെ തന്നെ ഇതിന്റെ ചിത്രങ്ങൾ ഉൾപ്പെടെ വലിയ രീതിയിൽ ഷെയർ ചെയ്യപ്പെടുകയും, ചർച്ചകൾക്ക് തുടക്കമിടും ചെയ്‌തതോടെ കോൺഗ്രസ് പ്രവർത്തകർ ഇടപെടുകയായിരുന്നു.

അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിലേക്ക് മറുകണ്ടം ചാടിയ പത്മജയുടെ ബലത്തിൽ കരുണാകരന്റെ പേരിൽ ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തുമെന്ന ഭയം കോൺഗ്രസിന് നേരത്തെ തന്നെയുണ്ടായിരുന്നു. പല ഘട്ടത്തിലും അവർ അത് ഊന്നിപ്പറയുകയും, താക്കീത് നൽകുകയും ചെയ്‌തിരുന്നു. തിരഞ്ഞെടുപ്പിൽ അത് വലിയ രീതിയിൽ തിരിച്ചടിയാവുമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ് നേതൃത്വം.
എന്നാൽ ഇതിനെ സാധൂകരിക്കുന്നതാണ് ഏറ്റവും പുതിയ സംഭവ വികാസങ്ങൾ. ബിജെപി ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്ന തൃശൂർ മണ്ഡലത്തിൽ പത്മജയെ മുന്നിൽ നിർത്തിയുള്ള പ്രചാരണം ബിജെപി തുടങ്ങുമ്പോൾ അത് ലീഡറുടെ കുടുംബത്തിന്റെ പേരിൽ വീണേക്കാവുന്ന വോട്ടുകളെ പെട്ടിയിലാക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ്.
ഈ സാഹചര്യത്തിൽ കൂടുതൽ ജാഗ്രതയോടെയാണ് കോൺഗ്രസ് ഇതിനെ നോക്കി കാണുന്നത്. കഴിഞ്ഞ ദിവസം വിഷയത്തിൽ പ്രതികരിച്ച കോൺഗ്രസ് നേതാക്കളുടെ എല്ലാം ശരീര ഭാഷയിലും, വാക്കുകളിലും ഇക്കാര്യം പ്രകടവുമായിരുന്നു. യുവനേതാവ് രാഹുൽ മാങ്കൂട്ടത്തിൽ ആവട്ടെ പത്മജയുടെ രാഷ്ട്രീയ പിതൃത്വം കരുണാകരനിൽ അവകാശപ്പെടാൻ കഴിയില്ലെന്ന വ്യക്തമായ സന്ദേശം നൽകുകയും ചെയ്‌തിരുന്നു.
അതിനിടെ പാർട്ടി വിട്ടതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശവുമാണ് പത്മജ വേണുഗോപാല്‍ നടത്തുന്നത്. സഹിച്ച് മതിയായിട്ടാണ് താന്‍ കോണ്‍ഗ്രസ് വിട്ടതെന്നായിരുന്നു പത്മജയുടെ പ്രതികരണം. തിരഞ്ഞെടുപ്പ് സമയത്ത് തന്റെ കൈയിൽ നിന്ന് വാങ്ങിയ പണത്തിന്റെ കണക്ക് കൃത്യമായി ഉണ്ടെന്നും, എന്നിട്ട് പ്രിയങ്ക ഗാന്ധി വന്നപ്പോൾ തന്നെ വാഹനത്തിൽ കയറ്റിയില്ലെന്നും പത്മജ ആരോപിച്ചു.












Click it and Unblock the Notifications