കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് ചെന്നിത്തല; കോഴിമുട്ട പോലെ ആവുമെന്ന് കെ മുരളീധരൻ
തിരുവനന്തപുരം: ദേശീയ തലത്തിൽ ഒരിക്കൽ കൂടി ബിജെപി അധികാരത്തിൽ എത്തുമെന്നും കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്നും അവകാശപ്പെടുന്ന എക്‌സിറ്റ് പോൾ സർവേ ഫലങ്ങൾ തള്ളി മുതിർന്ന കോൺഗ്രസ് നേതാക്കളായ കെ മുരളീധരനും രമേശ് ചെന്നിത്തലയും രംഗത്ത്. ബിജെപിക്ക് കേരളത്തിൽ ഒരു സീറ്റ് പോലും നേടാൻ കഴിയില്ലെന്നാണ് ഇരുവരും ഒരേ സ്വരത്തിൽ പറയുന്നത്.
ബിജെപിയുടെ പ്രതീക്ഷയ്ക്ക് നാളെ രാത്രി വരെ മാത്രമാണ് ആയുസെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി. ഒന്നും കിട്ടാത്തവർക്ക് 48 മണിക്കൂർ സന്തോഷിക്കാനാണ് എക്‌സിറ്റ് പോൾ ഫലങ്ങളെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ആറ്റിങ്ങലിൽ ബിജെപി ജയിക്കുമെന്ന ഫലം കണ്ട് അവിടെ സ്ഥാനാർത്ഥിയായ വി മുരളീധരൻ പോലും ഞെട്ടിയെന്നും അദ്ദേഹം പരിഹസിച്ചു.

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ല. കോഴിമുട്ടപോലെ വട്ടപൂജ്യമായിരിക്കും ബിജെപിയെന്നും കെ മുരളീധരൻ പ്രതികരിച്ചു. സുരേഷ് ഗോപി തൃശൂരിൽ മൂന്നാം സ്ഥാനത്തായിരിക്കും എത്തുകയെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. നരേന്ദ്ര മോദിയെയും കൂട്ടരെയും കേരളത്തിൽ കാല് കുത്താൻ അനുവദിക്കില്ലെന്നാണ് മുരളീധരൻ പറഞ്ഞത്.
രമേശ് ചെന്നിത്തലയാവട്ടെ എക്‌സിറ്റ് പോൾ ഫലങ്ങളെ പാടെ തള്ളി കളഞ്ഞു. ബിജെപിയുടെ ജയം പ്രവചിച്ച സർവേകളിൽ വിശ്വാസമില്ലെന്നായിരുന്നു ചെന്നിത്തലയുടെ നിലപാട്. തിരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യം തന്നെ വിജയിക്കും. മല്ലികാർജുൻ ഖർഗെ പറഞ്ഞതുപോലെ സഖ്യം 295 സീറ്റ് നേടും. കേരളത്തില്‍ ഇരുപതിൽ ഇരുപത് സീറ്റുകളും സ്വന്തമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, എക്‌സിറ്റ് പോളുകൾ രാഷ്ട്രീയ പ്രേരിതം ആണെന്നായിരുന്നു എൽഡിഎഫ് കൺവീനറും മുതിർന്ന സിപിഎം നേതാവുമായ ഇപി ജയരാജന്റെ നിലപാട്. എക്‌സിറ്റ് പോളുകള്‍ സംശയാസ്‌പദമാണെന്നും ബിജെപി കേരളത്തില്‍ ജയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇവ തയ്യാറാക്കിയ ആളുകൾക്ക് രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടായേക്കാം എന്നാണ് അദ്ദേഹം ആരോപിക്കുന്നത്.
എന്നാൽ ബിജെപി നേതാക്കൾ ശുഭാപ്‌തി വിശ്വാസത്തിലാണ്. മാധ്യമങ്ങൾ നടത്തിയ പ്രവചനങ്ങൾ ശരി വെക്കുന്നതായിരിക്കും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലമെന്നാണ് വി മുരളീധരന്റെ അഭിപ്രായം. ആറ്റിങ്ങലിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച ആൾ കൂടിയാണ് മുരളീധരൻ. യുഡിഎഫിന്റെയും എൽഡിഎഫിന്റെയും വോട്ട് തങ്ങൾക്ക് ലഭിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സംസ്ഥാനത്ത് എക്‌സിറ്റ് പോൾ പ്രവചനങ്ങളെ കടത്തി വെട്ടുന്ന വിജയം ബിജെപി നേടുമെന്നാണ് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചത്. അഞ്ചോ ആറോ സീറ്റുകളില്‍ ബിജെപി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം മുതലെടുക്കാൻ കഴിഞ്ഞെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കി.












Click it and Unblock the Notifications