ഷുഹൈബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണം.. സിബിഐ വരുന്നത് വരെ കെ സുധാകരൻ സമരം തുടരും
കണ്ണൂര്‍: ഷുഹൈബ് കൊലക്കേസില്‍ നീതിപൂര്‍വ്വമായ അന്വേഷണമല്ല നടക്കുന്നതെന്നാണ് തുടക്കം മുതല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നത്. കേസില്‍ ഇതുവരെ പിടിയിലായ രണ്ട് പേര്‍ സിപിഎമ്മിന്റെ ഡമ്മി പ്രതികളാണ് എന്നും കെ സുധാകരന്‍ അടക്കമുള്ള നേതാക്കള്‍ ആരോപിക്കുന്നു. സിപിഎമ്മിന് എതിരായ ശക്തമായ ആയുധമായി ഷുഹൈബ് കൊലപാതകത്തെ ഉപയോഗിക്കാനാണ് കോണ്‍ഗ്രസ് നീക്കം. കെ സുധാകരന്‍ നാല് ദിവസമായി നടത്തി വരുന്ന അനിശ്ചിതകാല സമരം തുടരാനാണ് തീരുമാനം.
സിബിഐ അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത് വരെ സുധാകരന്‍ സമരം തുടരും. കണ്ണൂര്‍ കളക്ടറേറ്റിന് മുന്നിലാണ് കെ സുധാകരന്‍ സമരം ചെയ്യുന്നത്. സുധാകരന്റെ സമരപ്പന്തലില്‍ നേരത്തെ യുഡിഎഫ് യോഗം ചേര്‍ന്നിരുന്നു. അതിന് ശേഷമാണ് സമരം തുടരാനുള്ള തീരുമാനം. നേതാക്കളായ ഉമ്മന്‍ചാണ്ടി, കുഞ്ഞാലിക്കുട്ടി എന്നിവരടക്കം കണ്ണൂരിലെത്തി.

ഷുഹൈബ് കൊലക്കേസില്‍ സിബിഐ അന്വേഷണത്തിന്റെ ഉത്തരവ് രേഖാമൂലം ലഭിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സിബിഐ അന്വേഷണം വേണമെന്ന ഷുഹൈബിന്റെ പിതാവ് മുഹമ്മദിന്റെ ആവശ്യത്തെ കോണ്‍ഗ്രസ് പൂര്‍ണമായും പിന്തുണയ്ക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ചെന്നിത്തല വഴിയാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും മുഹമ്മദ് പരാതി കൈമാറിയത്. ആവശ്യമായ നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെങ്കില്‍ സമരം സംസ്ഥാനത്താകെ വ്യാപിപ്പിക്കാനാണ് യുഡിഎഫ് നീക്കം.












Click it and Unblock the Notifications