നേതാവ് തന്നെ നിര്‍ദേശം ലംഘിച്ചു; അങ്ങനെ പറഞ്ഞിട്ടില്ലെന്ന് സുധാകരന്‍, മലക്കം മറിയാന്‍ കാരണം?
കൊച്ചി: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നാകുമെന്ന പ്രസ്താവനയില്‍ മലക്കംമറിഞ്ഞ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഇന്ന് രാവിലെ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പുതുപ്പള്ളിയുടെ സ്ഥാനാര്‍ഥി ചര്‍ച്ച തുടങ്ങിയെന്നും വൈകാതെ തീരുമാനമുണ്ടാകുമെന്നും സുധാകരന്‍ പറഞ്ഞിരുന്നു. ഉച്ചയോടെ അദ്ദേഹം നിലപാട് മാറ്റി.
ഉമ്മന്‍ ചാണ്ടിയുടെ വിയോഗം നടന്നിട്ട് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. ഈ സാഹചര്യത്തില്‍ സ്ഥാനാര്‍ഥിയെ സംബന്ധിച്ച പരസ്യ ചര്‍ച്ചകളിലേക്ക് കാര്യങ്ങള്‍ എത്തിക്കരുതെന്ന് കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശം നല്‍കുകയും ചെയ്തതാണ്. എന്നാല്‍ കെപിസിസി അധ്യക്ഷന്‍ തന്നെ ഇത് ലംഘിച്ചത് പാര്‍ട്ടിയില്‍ വിമര്‍ശനത്തിന് ഇടയാക്കി.

ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിന്റെ ദുഃഖം ജനങ്ങള്‍ക്കിടയില്‍ നിന്ന് നീങ്ങിയിട്ടില്ല. അദ്ദേഹത്തിന്റെ സദ് പ്രവര്‍ത്തനങ്ങളെ കുറിച്ച് ഇപ്പോഴും ജനങ്ങള്‍ അനുസ്മരിക്കുന്നു. കോണ്‍ഗ്രസിന്റെ ദുഃഖാചരണം തിങ്കളാഴ്ചയാണ് അവസാനിക്കുന്നത്. കെപിസിസിയോ യുഡിഎഫോ യോഗം ചേര്‍ന്നിട്ടില്ല. അതിന് മുമ്പ് സുധാകരന്‍ തിടുക്കത്തില്‍ പ്രതികരിച്ചതാണ് വിവാദമായത്.
ഉമ്മന്‍ ചാണ്ടിയുടെ കബറടക്കം കഴിഞ്ഞ പിന്നാലെ ചില മാധ്യമങ്ങള്‍ പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പ്, സ്ഥാനാര്‍ഥികള്‍, കോണ്‍ഗ്രസ് കഴിഞ്ഞ കാലങ്ങളില്‍ സ്വീകരിച്ച നിലപാടുകള്‍ എന്നിവ സംബന്ധിച്ച് വാര്‍ത്തകള്‍ നല്‍കിയിരുന്നു. ഈ വേളയിലാണ് ഇത്ര തിടുക്കത്തില്‍ ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയെ സംബന്ധിച്ച് പ്രതികരിക്കേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചത്. കെ മുരളീധരന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഈ തീരുമാനം ശരിവച്ചാണ് സംസാരിച്ചതും.
പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ഥിയാകണം എന്ന നിലപാടാണ് ചെറിയാന്‍ ഫിലിപ്പ് എടുത്തത്. പാര്‍ട്ടി തീരുമാനിക്കും മുമ്പ് ഇക്കാര്യത്തില്‍ ചെറിയാന്‍ ഫിലിപ്പ് അഭിപ്രായം പറഞ്ഞത് ശരിയായില്ല എന്ന് സുധാകരന്‍ രാവിലെ പ്രതികരിച്ചിരുന്നു. ആരാണ് സ്ഥാനാര്‍ഥിയാകുക എന്ന് ഉമ്മന്‍ ചാണ്ടിയുടെ കുടുംബം തീരുമാനിക്കുമെന്നും കുടുംബത്തില്‍ നിന്നാണ് സ്ഥാനാര്‍ഥിയുണ്ടാകുക എന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
ആദര സൂചകമായി മറ്റു പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തരുതെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യം എല്‍ഡിഎഫ് കണ്‍വീനന്‍ ഇപി ജയരാജന്‍ തള്ളുകയാണ് ചെയ്തത്. തൊട്ടുപിന്നാലെയാണ് സ്ഥാനാര്‍ഥി ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നാകുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അതും പരിഗണിക്കുമെന്നാണ് പറഞ്ഞതെന്നും കെ സുധാകരന്‍ വാര്‍ത്താ കുറിപ്പില്‍ വിശദീകരിച്ചത്.
സ്ഥാനാര്‍ഥിയെ ഏകപക്ഷീയമായി നേതാക്കള്‍ പ്രഖ്യാപിക്കുന്നത് പാര്‍ട്ടി എന്ന നിലയില്‍ ദോഷം ചെയ്യുമെന്നാണ് കോണ്‍ഗ്രസിനകത്തെ ചര്‍ച്ച. എങ്കിലും വൈകാതെ സ്ഥാനാര്‍ഥി ആരെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിക്കും. പുതുപ്പള്ളി മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ ഇടതുപക്ഷത്തിനാണ് മേല്‍ക്കൈ. ഉമ്മന്‍ ചാണ്ടിയുടെ വ്യക്തി പ്രഭാവവമാണ് ഇതുവരെ മണ്ഡലം പിടിച്ചുനിര്‍ത്തിയത്. ഇനിയും അത് സാധ്യമാകുമോ എന്ന് അറിയാന്‍ കാത്തിരിക്കണം.












Click it and Unblock the Notifications