ഹൈക്കമാന്‍ഡിന്റെ അനുമതി ലഭിച്ചു; കെ സുധാകരന്‍ കെപിസിസി പ്രസിഡന്റായി നാളെ ചുമതലയേല്‍ക്കും
തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരന്‍ നാളെ മടങ്ങിയെത്തും. ഹൈക്കമാന്‍ഡിന്റെ അനുമതി ലഭിച്ചതോടെ അധ്യക്ഷനായി നാളെ അദ്ദേഹം ചുമതലയേറ്റെടുക്കും. ഉടന്‍ പദവി ഏറ്റെടുക്കുമെന്ന് കെ സുധാകരനും വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തന്നെ ഇക്കാര്യത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഞായറാഴ്ച്ച ചുമതല ഏറ്റെടുക്കാനിരുന്നതാണ്. എന്നാല്‍ നീണ്ടുപോവുകയായിരുന്നു.
ചുമതല കൈമാറാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിക്കുകയായിരുന്നു. സുധാകരന്‍ കണ്ണൂരില്‍ മത്സരിച്ചതിനെ തുടര്‍ന്ന് കെപിസിസി അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല എംഎം ഹസനായിരുന്നു കൈമാറിയിരുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ കെപിസിസി പ്രസിഡന്റിന്റെ ചുമതലകള്‍ തിരികെ ലഭിക്കണമെന്ന് എഐസിസി നേതൃത്വത്തോട് സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു.

അധ്യക്ഷ സ്ഥാനം തിരികെ ലഭിക്കാന്‍ സുധാകരന്‍ ഹൈക്കമാന്‍ഡില്‍ കടുത്ത സമ്മര്‍ദം ചെലുത്തിയിരുന്നു. ഇതേ തുടര്‍ന്ന് വിവാദവുമുണ്ടായിരുന്നു. തുടര്‍ന്ന് എഐസിസി നേതൃത്വം ഇടപെടുകയായിരുന്നു. കെപിസിസി നേതൃത്വം തനിക്ക് തരേണ്ട കാര്യമില്ലെന്നും, അത് എപ്പോള്‍ വേണമെങ്കിലും പോയി ഏറ്റെടുക്കാവുന്നതാണെന്നും സുധാകരന്‍ നേരത്തെ പ്രതികരിച്ചിരുന്നു.
ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്തിട്ടേ സ്ഥാനം ഏറ്റെടുക്കുകയുള്ളൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നങ്ങളിലൊന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും കെപിസിസി അധ്യക്ഷ സ്ഥാനം തിരികെ നല്‍കാത്തതില്‍ കടുത്ത അമര്‍ഷം പ്രകടിപ്പിച്ചിരുന്നു സുധാകരന്‍.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അവസാനിക്കും വരെ പ്രസിഡന്റ് ചുമതല നിര്‍വഹിക്കാനുള്ള കത്തായിരുന്നു എഐസിസി ഹസന് നല്‍കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ കെപിസിസി പ്രസിഡന്റിന്റെ ചുമതല നിര്‍വഹിക്കാനാണ് എഐസിസി നിര്‍ദേശമെന്നും, എന്നാല്‍ അതിന് മുമ്പ് നിര്‍ദേശം ലഭിച്ചാല്‍ ഒഴിയുമെന്നും ഹസന്‍ നേരരത്തെ പറഞ്ഞിരുന്നു. സുധാകരനുമായി തര്‍ക്കമില്ല. മാറിക്കൊടുക്കാതിരിക്കുക എന്ന പ്രശ്‌നവും ഉദിക്കുന്നില്ല. എഐസിസി നിര്‍ദേശം എന്തായാലും അനുസരിക്കുമെന്നും ഹസന്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications