'രാഹുലും കമ്പനിയും ഭൂലോക ഇരട്ടത്താപ്പ് സംഘം'; രത്തൻ ഖേൽക്കറിന്റെ നിയമനത്തിൽ കെ സുരേന്ദ്രൻ
തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തൻ ഖേൽക്കറെ സെക്രട്ടറിയായി നിയമിച്ച വിഡി സതീശന്റെ നീക്കത്തിന് പിന്നാലെ വിമർശനം ശക്തമാക്കി ബിജെപി. കോൺഗ്രസിന്റെയും കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ് സർക്കാരിന്റെയും ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. ഇടതുപക്ഷം വിമർശനം ശക്തമാക്കുന്നതിനിടെയാണ് ബിജെപിയും ഇത് ഏറ്റുപിടിക്കുന്നത്.
പരിഹാസ രൂപേണയാണ് കെ സുരേന്ദ്രന്റെ പ്രതികരണം. ബംഗാളിലെ സ്ഥിതിയും കേരളത്തിലെ സാഹചര്യവും ചൂണ്ടിക്കാട്ടിയാണ് വിമർശനം. കോൺഗ്രസിന് ഇക്കാര്യത്തിൽ ഇരട്ടത്താപ്പ് ആണെന്നും കെ സുരേന്ദ്രൻ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ചൂണ്ടിക്കാട്ടി. ബംഗാളിൽ ബിജെപി ചെയ്‌താൽ വോട്ടു ചോരിക്കുള്ള സമ്മാനം. കേരളത്തിൽ ശ്രീ. വിഡി സതീശൻ ചെയ്‌താൽ ജനാധിപത്യത്തിന്റെ സൗന്ദര്യം. രാഹുലും കമ്പനിയും ഭൂലോക ഇരട്ടത്താപ്പ് സംഘം; എന്നാണ് കെ സുരേന്ദ്രൻ കുറിച്ചത്.

മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ രത്തൻ യു. ഖേൽക്കറെ കേരള മുഖ്യമന്ത്രി വിഡി സതീശന്റെ പുതിയ സെക്രട്ടറിയായി നിയമിച്ചത് കഴിഞ്ഞ ദിവസമാണ്. നിലവിൽ തിരഞ്ഞെടുപ്പ് വകുപ്പിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന ഇദ്ദേഹം ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിലെ നിർണായക ചുമതലയിലേക്ക് മാറുകയാണ്.
2003 ബാച്ചിലെ കേരള കേഡർ ഓഫീസറായ ഖേൽക്കറിന്, എംബിബിഎസ് ബിരുദമുള്ളതുകൊണ്ട് വൈദ്യശാസ്ത്രപരമായ പശ്ചാത്തലവുമുണ്ട്. മുഖ്യമന്ത്രി വിഡി സതീശൻ തന്നെയാണ് ഖേൽക്കറിന്റെ പേര് സെക്രട്ടറി സ്ഥാനത്തേക്ക് നിർദ്ദേശിച്ചതെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പുതിയ സർക്കാർ അധികാരം ഏറ്റെടുത്തതിന് പിന്നാലെയാണ് ഉത്തരവ് വന്നത്.
പുതിയ ഭരണകൂടത്തിന്റെ ദൈനംദിന തീരുമാനങ്ങളിലും രാഷ്ട്രീയപരമായ ഏകോപനങ്ങളിലും ഖേൽക്കർക്ക് അദ്ദേഹത്തിന്റെ പുതിയ ഉത്തരവാദിത്തം വഴി നിർണായക സ്ഥാനമാണ് ലഭിക്കുക. ഇരുപത് അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്‌റ്റാഫിൽ നിയമിച്ചുകൊണ്ടുള്ള ഉത്തരവുകളും ഇപ്പോൾ പുറത്തിറക്കിയിട്ടുണ്ട്.
ഇത് പുതിയ ഭരണസമിതിയുടെ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ അതിനിടയിലാണ് വിമർശനവും ശക്തമാവുന്നത്. ഇടതുപക്ഷവും ബംഗാളിലെ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് രംഗത്ത് വരുന്നത്. നേരത്തെ ബംഗാളിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായ മനോജ് അഗർവാളിനെ ചീഫ് സെക്രട്ടറിയായി നിയമിച്ചിരുന്നു.
അതിലാണ് വിമർശനം ഉയർന്നത്, തിരഞ്ഞെടുപ്പ് ജയത്തിനുള്ള പ്രത്യുപകാരമാണ് സുവേന്ദു അധികാരിയുടെ സർക്കാർ നിർണായക സ്ഥാനം നൽകി മനോജ് അഗർവാളിനെ നിയമിച്ചത്. അതേ വിമർശനം തന്നെയാണ് ഇപ്പോൾ കേരളത്തിലും ഉയരുന്നത്. അതിന്റെ ചുവടുപിടിച്ചു കൊണ്ടാണ് കെ സുരേന്ദ്രൻ അടക്കമുള്ള ബിജെപി നേതാക്കളും രംഗത്ത് വരുന്നത്.












Click it and Unblock the Notifications