കെ സുരേന്ദ്രൻ വരും മഞ്ചേശ്വരം പിടിക്കാൻ; നിർബന്ധം കേന്ദ്ര നേതൃത്വത്തിന്, വട്ടിയൂർക്കാവ് മോഹം ഉപേക്ഷിക്കും?
തിരുവനന്തപുരം: വട്ടിയൂർക്കാവ് മോഹം ഉപേക്ഷിച്ച് മറ്റൊരു മണ്ഡലത്തിൽ കെ സുരേന്ദ്രൻ മത്സരിച്ചേക്കുമെന്ന് സൂചന. കേന്ദ്ര നേതൃത്വത്തിന്റെ താൽപര്യ പ്രകാരമാണ് സുരേന്ദ്രന് ഈ മോഹം ഉപേക്ഷിക്കേണ്ടി വരുന്നത്. മുൻപ് പലതവണ മത്സരിച്ച മഞ്ചേശ്വരം മണ്ഡലത്തിൽ ഒരുകൈ കൂടി നോക്കാനാണ് സുരേന്ദ്രനോട് കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചിരിക്കുന്നത് എന്നാണ് ലഭ്യമായ വിവരം. ഇതോടെ സുരേന്ദ്രൻ മഞ്ചേശ്വരം മണ്ഡലത്തിലേക്ക് മടങ്ങിയെത്തുമെന്ന് ഏറെക്കുറെ ഉറപ്പായി.
കാസർഗോഡ് ജില്ലയുടെ തിരഞ്ഞെടുപ്പ് ഏകോപന ചുമതല അടക്കമുള്ള ഉത്തരവാദിത്തങ്ങൾ കെ സുരേന്ദ്രന് നൽകാനാണ് നേതൃത്വത്തിന്റെ തീരുമാനം. ബിജെപി ഇത്തവണയും ഏറ്റവും അധികം ജയപ്രതീക്ഷ വച്ച് പുലർത്തുന്ന മണ്ഡലങ്ങളിൽ ഒന്നാണ് മഞ്ചേശ്വരം. പ്രത്യേകിച്ച് 2016 നൂറിൽ താഴെ വോട്ടുകളുടെ വ്യത്യാസത്തിലാണ് കെ സുരേന്ദ്രൻ മണ്ഡലത്തിൽ പരാജയം സമ്മതിച്ചത്.

അവിടം കൊണ്ട് തീർന്നില്ല. കഴിഞ്ഞ തവണ 2021ലും സുരേന്ദ്രൻ ശക്തമായ പ്രകടനമാണ് മണ്ഡലത്തിൽ കാഴ്‌ച വച്ചത് കേവലം ആയിരത്തിൽ താഴെ വോട്ടുകളുടെ ഭൂരിപക്ഷമാണ് എകെഎം അഷ്‌റഫ് എംഎൽഎയ്ക്ക് മണ്ഡലത്തിൽ ലഭിച്ചത്. അതുകൊണ്ട് കൂടിയാണ് സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വം ശ്രദ്ധ നേടുന്നത്. സമീപകാലത്ത് ഒരേ മണ്ഡലത്തിൽ ഇത്രയധികം സ്ഥിരത പുലർത്തിയ മറ്റൊരു ബിജെപി സ്ഥാനാർത്ഥി ഉണ്ടായിട്ടില്ല.
അതുകൊണ്ട് തന്നെ നാലാം അങ്കത്തിൽ ഇവിടെ വിജയക്കൊടി നാട്ടാൻ സുരേന്ദ്രന് സാധിക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. 2011 മുതൽ ഇവിടെ തുടർച്ചയായി ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചു വന്നത് കൊണ്ട് തന്നെ സുരേന്ദ്രൻ മണ്ഡലത്തിൽ സുപരിചിതനാണ്. ഇതിനിടയിൽ 2019ൽ ഉപതിരഞ്ഞെടുപ്പ് നടന്ന വേളയിൽ മാത്രമാണ് കെ സുരേന്ദ്രൻ മാറി നിന്നത്. അന്ന് രവീശതന്ത്രി കുണ്ടാർ ആയിരുന്നു ബിജെപി സ്ഥാനാർത്ഥി.
എല്ലാവരും തെക്കൻ, മധ്യ കേരളത്തിൽ കൂടുതലായി ശ്രദ്ധ പതിപ്പിക്കുന്നത് പാർട്ടിയിൽ ചർച്ചയായിരുന്നു. അതിനിടയിലാണ് ഇങ്ങനെയൊരു നിർദ്ദേശം കേന്ദ്രത്തിൽ നിന്ന് തന്നെ വന്നത്. വടക്കൻ കേരളത്തിൽ മുതിർന്ന നേതാക്കളുടെ അഭാവം ഉണ്ടെന്നായിരുന്നു സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തെ അറിയിച്ചത്. ബിജെപി കർണാടക ഘടകവും മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ മത്സരിച്ചാൽ നന്നാവുമെന്ന് അഭിപ്രായപ്പെട്ടു.
ഇതോടെയാണ് ഒരിക്കൽ കൂടി മഞ്ചേശ്വരത്ത് സുരേന്ദ്രൻ മത്സര രംഗത്തേക്ക് ഇറങ്ങുന്നത്. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായാണ് മഞ്ചേശ്വരത്തെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ പ്രമുഖരും ജനകീയരുമായ സംസ്ഥാന നേതാക്കൾ തന്നെ ഇവിടെ മത്സരിക്കണമെന്ന ആവശ്യം ശക്തമാകുന്നത്. അതിന് ഏറ്റവും അനുയോജ്യൻ കെ സുരേന്ദ്രൻ തന്നെയാണെന്ന് ദേശീയ നേതൃത്വം വിലയിരുത്തുകയായിരുന്നു.
അതിനിടെ സ്ഥാനാർത്ഥി നിർണയ ചർച്ചകളും സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളും മുറുകുന്ന സമയത്ത് സുരേന്ദ്രൻ ഉന്നയിച്ച ആവശ്യം മറ്റൊന്നായിരുന്നു. ഇത്തവണ ഏറ്റവും അധികം ജയ സാധ്യതയുള്ള വട്ടിയൂർക്കാവ്, തൃശൂർ മണ്ഡലങ്ങളിൽ ഒരിടത്ത് മത്സരിക്കാനായിരുന്നു കെ സുരേന്ദ്രൻ സംസ്ഥാന നേതൃത്വത്തെ താൽപര്യം അറിയിച്ചത്. എന്നാൽ മഞ്ചേശ്വരം മതിയെന്ന നിലപാടാണ് ദേശീയ നേതൃത്വം സ്വീകരിച്ചത്.












Click it and Unblock the Notifications