'വളരെക്കാലമായി സ്നേഹബന്ധം പുലർത്തുന്നവർ'; സുരേഷ് ഗോപിയെ വീട്ടിലേക്ക് ക്ഷണിച്ച് കലാമണ്ഡലം ഗോപി
തൃശൂർ: വിവാദങ്ങൾക്ക് വിരാമമിട്ട് കൊണ്ട് നടനും തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപിയെ തന്റെ വീട്ടിലേക്ക് ക്ഷണിച്ച് കഥകളിയാചാര്യൻ കലാമണ്ഡലം ഗോപി. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് അദ്ദേഹം സുരേഷ് ഗോപിക്ക് സ്വാഗതം അറിയിച്ചത്. വളരെക്കാലമായി സ്നേഹബന്ധം പുലർത്തിപോരുന്നവരാണ് താനും സുരേഷ് ഗോപിയുമെന്നും അദ്ദേഹം പോസ്‌റ്റിൽ കൂട്ടിച്ചേർത്തു.
തന്നെ കാണാൻ വരാൻ സുരേഷ് ഗോപിക്ക് ആരുടേയും അനുവാദം കാത്തുനിൽക്കേണ്ട ആവശ്യമില്ലെന്നും, എന്നും എപ്പോഴും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം അറിയിച്ചു. സ്നേഹിക്കുന്നവർക്ക് തന്നെ കാണാൻ എപ്പോഴും വരാമെന്നും കലാമണ്ഡലം ഗോപി പറഞ്ഞു. നേരത്തെ സുരേഷ് ഗോപി സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന കലാമണ്ഡലം ഗോപിയുടെ മകന്റെ ആരോപണം വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിവെച്ചത്.

അടുത്തിടെ ചേലക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും മന്ത്രിയുമായ കെ രാധാകൃഷ്‌ണന് വേണ്ടി കലാമണ്ഡലം വോട്ട് അഭ്യർത്ഥിച്ചതോടെ വിവാദം കൂടുതൽ കനത്തിരുന്നു. എന്നാൽ ഈ വിവാദങ്ങൾ അവസാനിപ്പിക്കാൻ ഉതകുന്നതാണ് ഏറ്റവും ഒടുവിൽ ഗോപിയാശാൻ ഫേസ്‌ബുക്കിലൂടെ പങ്കുവച്ച ഈ കുറിപ്പ്. ഇനി സുരേഷ് ഗോപി ക്ഷണം സ്വീകരിക്കുമോ എന്ന കാര്യമാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
അതേസമയം, സുരേഷ് ഗോപിയുടെ പേരിൽ ഒരു പ്രമുഖ ഡോക്‌ടർ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് കലാമണ്ഡലം ഗോപിയുടെ മകൻ രഘു പങ്കുവച്ച കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായിരുന്നു. പിതാവിനെ കാണാൻ വരണമെന്ന് സുരേഷ് ആഗ്രഹം പ്രകടപ്പിച്ചതായും പറ്റില്ലെന്ന് പറഞ്ഞപ്പോൾ തന്നെ വിളിച്ച ഡോക്‌ടർ ഗോപിയാശാന് പത്‌മഭൂഷൺ കിട്ടണ്ടേ എന്ന് ചോദിച്ചതായും ആരോപണം ഉയർന്നു. അങ്ങനെയുള്ള പത്മഭൂഷൺ വേണ്ടെന്ന് അച്ഛൻ മറുപടി നൽകിയതായി രഘുവിന്റെ കുറിപ്പിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജയം ലക്ഷ്യമിട്ട് വലിയ രീതിയിൽ പ്രവർത്തനം നടത്തി വന്നിരുന്ന ബിജെപി ക്യാംപിന് ഈ വിവാദം ഉണ്ടാക്കിയ ആഘാതം ചെറുതായിരുന്നില്ല. സാംസ്ക്കാരിക രംഗത്തെ പ്രമുഖൻ എന്നതിലുപരി തൃശൂരിലെ ഒരു ഐക്കണായ കലാമണ്ഡലം ഗോപിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങൾ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാവുമെന്ന ഭയത്തിലാണ് പാർട്ടി കേന്ദ്രങ്ങൾ.
എന്നാൽ ഏറ്റവും ഒടുവിൽ സുരേഷ് ഗോപിയെ കലാമണ്ഡലം ഗോപിയാശാൻ ക്ഷണിച്ചതോടെ ഇത് ഉയർത്തിക്കാട്ടി പ്രചാരണം നടത്താനാവും ബിജെപിയുടെ ശ്രമം. പത്മഭൂഷണുമായി ഉയർന്നുവന്ന വിവാദങ്ങളും പാർട്ടിക്ക് ചീത്തപ്പേരുണ്ടാക്കി എന്നാണ് അവർ കരുതുന്നത്. ഈ സാഹചര്യത്തിൽ ഏത് വിധേനയും കാര്യങ്ങൾക്ക് അനുകൂലമാക്കാനുള്ള ശ്രമത്തിലാണ് ബിജെപി പ്രവർത്തകർ.












Click it and Unblock the Notifications