കളരിപ്പയറ്റ് സംസ്ഥാന സ്‌കൂൾ കായിക മേളയിൽ മത്സര ഇനമാക്കും; ഗെയിംസ് മാന്വൽ പരിഷ്‌കരിക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: അടുത്ത കേരള സ്‌കൂൾ കായിക മേളയിൽ കളരിപ്പയറ്റ് മത്സര ഇനമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഇതിനുവേണ്ടി ഗെയിംസ് മാന്വൽ പരിഷ്‌കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സരയിനമാക്കാത്ത ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ നടപടി തികച്ചും പ്രതിഷേധാർഹമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇനി നടക്കുന്ന കേരള സ്‌കൂൾ കായിക മേളയിൽ കളരിപ്പയറ്റ് മത്സര ഇനമാക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.
ഇതിന് വേണ്ടി ഗെയിംസ് മാന്വൽ പരിഷ്‌കരിക്കാൻ തത്വത്തിൽ തീരുമാനമായിട്ടുണ്ട്. പിടി ഉഷയ്‌ക്കെതിരെയും മന്ത്രി വിമർശനം ഉന്നയിച്ചു. ഉത്തരാഖണ്ഡിൽ ഈ മാസം 28ന് ആരംഭിക്കുന്ന ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സരയിനമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷയും മലയാളിയുമായ പിടി ഉഷ ഇക്കാര്യത്തിൽ ഒളിച്ചു കളിക്കുകയാണെന്നും ശിവൻകുട്ടി പറഞ്ഞു.

ബഹുസ്വരതയുടെ നാടായ ഇന്ത്യയിൽ നടക്കുന്ന ഏറ്റവും വലിയ കായികമേളയാണ് ദേശീയ ഗെയിംസ്. അന്താരാഷ്ട്ര തലത്തിൽ യുനെസ്‌കോ അംഗീകരിച്ച, കേരളത്തിന് അഭിമാനമായ കായിക ഇനമാണ് കളരിപ്പയറ്റെന്നും മന്ത്രിവ്യക്തമാക്കി. അടുത്ത സംസ്ഥാന സ്‌കൂൾ ഒളിമ്പിക്സിൽ കളരിപ്പയറ്റ് അണ്ടർ 14,17,19 എന്നീ വിഭാഗങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സര ഇനമായി ഉൾപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, കളരിപ്പയറ്റ് മത്സര ഇനമാക്കാൻ തയ്യാറാവാത്ത ഒളിമ്പിക്‌സ് അസോസിയേഷനെതിരെ വിമർശനം ശക്തമാവുകയാണ്. കായിക മന്ത്രി വി അബ്‌ദുറഹ്മാനും അസോസിയേഷനെ വിമർശിച്ച് രംഗത്ത് വന്നു. പിടി അധ്യക്ഷ പദവിയിലിരിക്കെ ഇത്തരം നടപടി ഉണ്ടായത് ദൗർഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു. എന്നാൽ പിടി ഉഷ ഇതിനോട് അനുകൂലമായല്ല പ്രതികരിച്ചത്.
കളരിപ്പയറ്റ് മത്സരയിനമാക്കി അടുത്ത ഒരാഴ്‌ച്ചയ്ക്ക് ഉള്ളിൽ പുതുക്കിയ മത്സരക്രമം പുറത്തിറക്കണമെന്ന് ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷനും ഉത്തരാഖണ്ഡ് സർക്കാരിനും ഡൽഹി ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. എന്നാൽ ഇത് പാലിക്കാൻ തയ്യാറാവാതെയാണ് കളരിപ്പയറ്റിനെ അസോസിയേഷൻ അവഗണിക്കുന്നത്.
2015ൽ കേരളം ആതിഥ്യം വഹിച്ച 35-ാമത് ദേശീയ ഗെയിംസിലാണ് കളരിപ്പയറ്റ് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്, അന്ന് പ്രദർശന ഇനം മാത്രമായിരുന്നു. എന്നാൽ പിന്നീട് നിരന്തര സമ്മർദ്ദത്തിന് ഒടുവിൽ 2023ൽ ഗോവയിൽ വച്ച് നടന്ന ഗെയിംസിൽ കളരിപ്പയറ്റ് മത്സര ഇനമായി ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇക്കുറി അതിൽ മാറ്റമുണ്ടായി.












Click it and Unblock the Notifications