ഉമാ തോമസിന് പരിക്കേറ്റ കലൂരിലെ അപകടം; വീഴ്‌ച സംഘാടകർക്കെന്ന് റിപ്പോർട്ട്, ജിസിഡിഎയ്ക്കും പോലീസിനും ആശ്വാസം
കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തില്‍ നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എ അപകടത്തില്‍പെട്ട സംഭവത്തില്‍ സുരക്ഷാ വീഴ്‌ച ഉണ്ടായിട്ടില്ലെന്ന് പോലീസ്. എന്നാൽ വേദി ഒരുക്കിയ മൃദംഗവിഷന് ഗുരുതര വീഴ്‌ച സംഭവിച്ചെന്നാണ് പൊലീസ്റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തിൽ ജിസിഡിഎക്ക് തെറ്റ് സംഭവിച്ചിട്ടില്ലെന്നും പോലീസ് പറയുന്നു. അപകടവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം പൂര്‍ത്തിയായി.
ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാൻ ഒരുങ്ങുകയാണ് പോലീസ്. ജിസിഡിഎക്ക് വീഴ്‌ച സംഭവിച്ചിട്ടില്ലെന്നും മൃദംഗവിഷൻ ഡയറക്‌ടറടക്കമുള്ളവരാണ് മുഖ്യപ്രതികളെന്നുമാണ് കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നത്. സംഭവത്തിൽ പാലാരിവട്ടം പോലീസ് രണ്ട് കേസുകളാണ് രജിസ്‌റ്റർ ചെയ്‌തിരുന്നത്. പരിപാടിയിലെ സുരക്ഷാവീഴ്‌ച ചൂണ്ടിക്കാണിച്ചും മറ്റൊന്ന് മൃദംഗവിഷന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുമായിരുന്നു.

ഇതിൽ സുരക്ഷാവീഴ്‌ചയുമായി ബന്ധപ്പെട്ട കേസിലാണ് അന്വേഷണം പൂർത്തിയായി കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുന്നത്. നൃത്തപരിപാടി സംഘടിപ്പിച്ച മൃദംഗവിഷന്‍ അധികൃതരാണ് കേസിലെ പ്രതികള്‍. മതിയായ സുരക്ഷയില്ലാതെ സ്‌റ്റേജ് നിര്‍മ്മിച്ചതിനാണ് കേസ് എടുത്തത്. ഇതുമായി ബന്ധപ്പെട്ട് പാലിക്കേണ്ട ഒരു ചട്ടവും മൃദംഗവിഷന്‍ പാലിച്ചിരുന്നില്ലെന്നാണ് പോലീസ് കണ്ടെത്തല്‍.
നേരത്തെ അപകടത്തിന് പിന്നാലെ ജിസിഡിഎയ്ക്കും പോലീസിനുമെതിരെ കോണ്‍ഗ്രസ് ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതൊക്കെ തള്ളുകയാണ് പോലീസ് റിപ്പോർട്ട്. അയാതൊരുവിധ വീഴ്‌ചയും പോലീസിനും ജിസിഡിഎയ്ക്കും സംഭവിച്ചിട്ടില്ല, അപകടത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം മൃദംഗവിഷനാണ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ഇക്കഴിഞ്ഞ ഡിസംബര്‍ 29നാണ് ഉമ തോമസ് എംഎൽഎ അപകടത്തില്‍പെട്ടത്. 45 ദിവസമാണ് അപകടത്തില്‍ പരുക്കേറ്റ് ഉമ തോമസ് ആശുപത്രിയില്‍ കിടന്നത്. കേസില്‍ 250 ഓളം പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കേസിൽ മൃദംഗ വിഷന്റെ ഡയറക്‌ടര്‍ അടക്കമുള്ള നാല് പേരുടെ അറസ്‌റ്റും പോലീസ് രേഖപ്പെടുത്തിയിരുന്നു.
മൃദംഗ വിഷന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുള്ള കേസിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്. നടി ദിവ്യ ഉണ്ണി അടക്കമുള്ളവരുടെ മൊഴി കൂടി ഇനി എടുക്കേണ്ടതുണ്ടെന്നാണ് വിവരം. 12,000 നർത്തകരെ അണിനിരത്തി ഗിന്നസ് വേള്‍ഡ് റെക്കോഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിയ്ക്കിടയിലാണ് ഉമ തോമസ് എംഎൽഎയ്ക്ക് അപകടം പറ്റിയത്.
പരിപാടിക്ക് വേണ്ടി മാത്രം വിഐപി ഗ്യാലറിയിൽ അധികമായി ഉണ്ടക്കിയ താൽക്കാലിക സ്‌റ്റേജിൽ വച്ചാണ് ഉമ തോമസ് എംഎൽഎയ്ക്ക് അപകടം പറ്റിയത്. ഗ്യാലറിയിലെ ഇരിപ്പിടത്തിലേക്ക് നീങ്ങുന്നതിനിടെ കാൽ വഴുതി പതിനഞ്ച് അടി താഴ്ച്ചയിലേക്ക് വീഴുകയായിരുന്നു ഉമ തോമസ്. അപകടത്തിൽ തൃക്കാക്കര എംഎൽഎയ്ക്ക് സാരമായി പരിക്കേറ്റിരുന്നു.












Click it and Unblock the Notifications