പിതൃക്കളെ സ്‌മരിക്കാൻ, മൺമറഞ്ഞു പോയവരെ ഓർക്കാൻ കർക്കടക വാവ് ബലി; തീയതിയും ചടങ്ങുകളും അറിയാം
മലയാള മാസം കണക്കിലെടുക്കുമ്പോൾ അതിൽ പന്ത്രണ്ടാമത്തെ മാസമാണ് കർക്കടകം. ചന്ദ്രന്റെ മാസമെന്നതാണ് ഇതിന്റെ അർത്ഥം. ഹിന്ദുക്കൾ ചന്ദ്രനെയാണ് പിതൃലോകമായി കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ കറുത്ത വാവ് പിതൃക്കളുടെ ദിവസമായും കരുതുന്നു. കർക്കടകവാവ് ദിവസം പിതൃ ബലിയിട്ടാൽ പിതൃക്കൾക്കു ആത്മശാന്തി ലഭിക്കുമെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു.
അതുകൊണ്ട് തന്നെ കർക്കിടക വാവ് കേരളത്തിലെ ഹിന്ദു ആചാരങ്ങളിൽ ഏറെ പ്രാധാന്യമുള്ള ഒരു പിതൃസ്‌മരണാ ദിനമാണ്. മരിച്ചുപോയ പൂർവികർക്കും കുടുംബത്തിലെ മണാമറഞ്ഞുപോയ കരണവന്മാർക്കും വേണ്ടി ബലിതർപ്പണം നടത്തുകയും അവരുടെ ആത്മശാന്തിക്കായി പ്രാർഥിക്കുകയും ചെയ്യുന്ന ദിവസമായാണ് കർക്കിടക വാവ് ആചരിക്കുന്നത്. കർക്കിടക മാസത്തിലെ അമാവാസി ദിവസമാണ് സാധാരണയായി കർക്കടക വാവ്.

കേരളത്തിലെ പിതൃകർമങ്ങളുടെ പാരമ്പര്യം പുരാതന ഹിന്ദു വിശ്വാസങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. പിതൃക്കൾക്ക് അർപ്പണം നടത്തുക, അവരുടെ അനുഗ്രഹം തേടുക എന്നീ ആശയങ്ങൾ വേദങ്ങളിലും പുരാണങ്ങളിലും കാണാം. കേരളത്തിന്റെ തനത് ആചാരങ്ങളുമായി ഈ പിതൃകർമങ്ങൾ പിന്നീട് ചേർന്നാണ് കർക്കിടക വാവ് പോലുള്ള ആചാരങ്ങൾ ശക്തമായത്.
മഴക്കാലമായ കർക്കിടക മാസത്തിന് കേരളത്തിന്റെ പരമ്പരാഗത ജീവിതത്തിലും പ്രത്യേക സ്ഥാനമുണ്ട്. പഴയകാലത്ത് കൃഷിയുമായി ബന്ധപ്പെട്ട ഇടവേളയും പ്രകൃതിയോടുള്ള ആത്മീയബന്ധവും ശക്തമായിരുന്ന കാലമായിരുന്നു കർക്കിടകം. ഈ സാഹചര്യത്തിലാണ് പിതൃസ്‌മരണയ്ക്കും കുടുംബബന്ധങ്ങൾക്കുമുള്ള പ്രാധാന്യം ഈ മാസത്തിൽ തന്നെ വന്നുചേരുന്നത്.
കർക്കിടക വാവിൽ പുണ്യസ്ഥലങ്ങളിലും ക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള തീർഥക്കടവുകളിലും കടൽത്തീരങ്ങളിലും ആളുകൾ എത്തി പിതൃക്കൾക്കായി ബലിതർപ്പണം നടത്തുന്ന പതിവുണ്ട്. സാധാരണയായി എള്ള്, അരി, പുഷ്‌പം, ദർഭ തുടങ്ങിയവ ഉപയോഗിച്ചുള്ള കർമങ്ങളാണ് പുരോഹിതരുടെ നേതൃത്വത്തിൽ നടത്തുന്നത്.
ബലിതർപ്പണത്തിന്റെ അടിസ്ഥാന ആശയം മരിച്ചുപോയ പൂർവികരെ ഓർക്കുകയും അവരോടുള്ള ആദരവും കടപ്പാടും പ്രകടിപ്പിക്കുകയും ചെയ്യുന്നതാണ്. പിതൃക്കളുടെ ആത്മശാന്തിക്കും കുടുംബത്തിന്റെ ക്ഷേമത്തിനുമായി പ്രാർഥനകളും നടത്തുന്നു. ഇന്നേ ദിനം കേരളത്തിൽ അങ്ങോളം ഇങ്ങോളം പലയിടങ്ങളിലായി ബലി തർപ്പണങ്ങൾ നടക്കാറുണ്ട്.
പ്രധാന ബലിതർപ്പണ കേന്ദങ്ങൾ
ആലുവ മണപ്പുറം- പെരിയാറിന്റെ തീരത്തുള്ള കേരളത്തിലെ ഏറ്റവും പ്രശസ്‌തമായ ബലിതർപ്പണ കേന്ദ്രങ്ങളിലൊന്ന്.
തിരുനാവായ- ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന പ്രധാന പിതൃതർപ്പണ കേന്ദ്രം.
വർക്കല പാപനാശം- കടൽത്തീരത്ത് ബലിതർപ്പണം നടത്തുന്നതിനാൽ ഏറെ പ്രസിദ്ധം.
തിരുവല്ലം തിരുവനന്തപുരം ജില്ലയിലെ പ്രധാനപ്പെട്ട പിതൃകർമ കേന്ദ്രം.
ഉരുപുണ്യ കാവ്- കോഴിക്കോട് ജില്ലയിലെ പ്രധാനപ്പെട്ട ബലിതർപ്പണ കേന്ദ്രമാണ് ഇത്
തിരുനെല്ലി- വയനാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന തിരുനെല്ലി പിതൃക്കളെ കുടിയിരുത്തുന്ന ഇടം കൂടിയാണ്.
ചടങ്ങുകൾ
സാധാരണയായി ബലി തർപ്പണം നടത്തുന്നവർ അതിരാവിലെ കുളിച്ച് ശുദ്ധിയാകുന്നു പുണ്യസ്ഥലങ്ങളിലോ ബലിക്കടവുകളിലോ എത്തുന്നു. തുടർന്ന് പുരോഹിതരുടെ നിർദേശപ്രകാരം പിതൃകർമങ്ങൾ നടത്തുന്നു. പിതൃക്കളുടെ പേരിൽ ബലിതർപ്പണം നടത്തുന്നു. പിന്നീട് പ്രാർഥനയും ദാനധർമങ്ങളും നടത്തുന്നു. ചില കുടുംബങ്ങളിൽ പിന്നീട് വീട്ടിലും പ്രത്യേക പ്രാർഥനകൾ നടത്താറുണ്ട്. അത് കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ രീതികൾ അനുസരിച്ച് ഇരിക്കും.
കർക്കടക വാവ് ദിനം പൊതു അവധിയാണോ?
ഇത്തവണ ഓഗസ്‌റ്റ് 12 (ബുധൻ) കർക്കടകം 27നാണ് കർക്കടക വാവ് എത്തുന്നത്. അന്ന് സംസ്ഥാനത്ത് പൊതു അവധിയാണ്. അതുകൊണ്ട് തന്നെ സ്‌കൂളുകൾ, സർക്കാർ ഓഫീസുകൾ എന്നിവ പ്രവർത്തിക്കില്ല. കർക്കടക മാസം അവസാനിക്കുക ഓഗസ്‌റ്റ് 16 ഞായറാഴ്‌ചയാണ്. ഓഗസ്‌റ്റ് 17നാണ് ചിങ്ങം ഒന്ന് വരുന്നത്.


Click it and Unblock the Notifications