കാസർഗോഡ്-തിരുവനന്തപുരം വെറും 5.30 മണിക്കൂറിൽ? അതിവേഗ റെയിൽ അല്ല, വളവുകൾ നിവർത്തുന്നു!
തിരുവനന്തപുരം: സംസ്ഥാനത്തെ ട്രെയിൻ യാത്രയുടെ വേഗം വർധിപ്പിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. കേരളത്തിൽ റെയിൽ പാതകളിലെ വേഗപരിധി നിയന്ത്രിക്കുന്ന വളവുകൾ കണ്ടെത്തുന്നതിനും അവ പരിഹരിക്കുന്നതിനുമുള്ള സർവേ പൂർത്തിയായതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾ കൂടി പൂർത്തിയാകുന്നതോടെ തിരുവനന്തപുരത്ത് നിന്ന് കാസർഗോഡേക്ക് അഞ്ചര മണിക്കൂറിനുള്ളിൽ എത്താൻ കഴിയുമെന്ന പ്രതീക്ഷ.
ട്രെയിനുകളുടെ പരമാവധി വേഗത മണിക്കൂറിൽ 160 കിലോമീറ്റർ വരെ ഉയർത്തുന്നതിനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. നിലവിൽ പാതയുടെ വിവിധ ഭാഗങ്ങളിലെ വളവുകളും മറ്റ് സാങ്കേതിക നിയന്ത്രണങ്ങളും കാരണം ട്രെയിനുകൾക്ക് എല്ലായിടത്തും ഉയർന്ന വേഗതയിൽ ഓടാൻ സാധിക്കുന്നില്ല. ഈ പരിമിതികൾ കുറയ്ക്കുന്നതിനുള്ള നടപടിയായാണ് വളവ് നിവർത്തൽ പദ്ധതിയെ കാണുന്നത്.

റെയിൽ പാതയുടെ ശേഷി വർധിപ്പിക്കുന്നതിനുള്ള മറ്റ് പദ്ധതികളും ഇതിനൊപ്പം മുന്നോട്ടുപോകുകയാണ്. മംഗളൂരു-ഷൊർണൂർ പാത നാലുവരിയാക്കുന്നതിനും ഷൊർണൂർ മുതൽ തിരുവനന്തപുരം വഴി കന്യാകുമാരി വരെയുള്ള പാതയിൽ മൂന്നാം ട്രാക്ക് ഒരുക്കുന്നതിനുമുള്ള നടപടികൾ സമയബന്ധിതമായി മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനം. ബിജെപി നേതൃത്വമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
വേഗത വർധിപ്പിക്കുന്നതിൽ ട്രാക്ക് നവീകരണത്തിനൊപ്പം സിഗ്നലിങ് സംവിധാനത്തിന്റെ ആധുനികവത്കരണത്തിനും നിർണായക പങ്കുണ്ട്. നിലവിലുള്ള സിഗ്നലിങ് സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയും സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുന്നതോടെ ഉയർന്ന വേഗതയിൽ ട്രെയിനുകൾ സർവീസ് നടത്തുന്നതിനുള്ള സാഹചര്യം മെച്ചപ്പെടും.
കേരളത്തിലൂടെ ഓടുന്ന വന്ദേ ഭാരത് ട്രെയിനുകൾക്കും ഈ വികസനം ഗുണം ചെയ്യും. തിരുവനന്തപുരം-കാസർഗോഡ്, മംഗളൂരു-തിരുവനന്തപുരം റൂട്ടുകളിലായി നിലവിൽ രണ്ട് വന്ദേ ഭാരത് സർവീസുകളാണ് പ്രധാനമായും ഈ പാതയിലൂടെ ഓടുന്നത്. മികച്ച ട്രാക്ക് സൗകര്യമില്ലാത്തതിനാൽ രൂപകൽപ്പന ചെയ്‌ത ഉയർന്ന വേഗത പൂർണമായി പ്രയോജനപ്പെടുത്താൻ നിലവിൽ കഴിയുന്നില്ല.
ട്രാക്കിലെ വളവുകൾ പരിഹരിക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങളും സിഗ്നലിങ് നവീകരണവും പൂർത്തിയായാൽ ട്രെയിനുകളുടെ യാത്രാസമയം കുറയ്ക്കുന്നതിന് വഴിയൊരുങ്ങും. ഘട്ടംഘട്ടമായി നടപ്പാക്കുന്ന പദ്ധതികൾ പൂർത്തിയാകുന്നതോടെ കേരളത്തിലെ വടക്ക്-തെക്ക് റെയിൽ യാത്രാ സമയത്തിൽ ശ്രദ്ധേയമായ കുറവുണ്ടാകുമെന്നാണ് യാത്രക്കാരുടെ പ്രതീക്ഷ.
നേരത്തെ സംസ്ഥാനത്ത് വന്ദേ ഭാരതിന്റെ ഫ്ലാഗ് ഓഫ് സമയത്ത് ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 160 കിലോമീറ്ററായി വർധിപ്പിക്കുമെന്ന് റെയിൽവേ മന്ത്രി പ്രഖ്യാപിച്ചിരുന്നു. നാലുവർഷത്തിനുള്ളിൽ ഘട്ടംഘട്ടമായി പദ്ധതി പൂത്തിയാക്കുമെന്നായിരുന്നു അന്ന് പറഞ്ഞത്. ഈ വാഗ്‌ദാനമാണ് ഇപ്പോൾ പ്രവർത്തികമാവുന്നത്.


Click it and Unblock the Notifications