കനത്ത മഴയില്‍ കാസര്‍കോട് മധുവാഹിനി പുഴ കരകവിഞ്ഞു, വെള്ളത്തില്‍ മുങ്ങി മധൂര്‍ ക്ഷേത്രം
കാസര്‍കോട്: അതിശക്തമായ മഴയില്‍ കാസര്‍കോടെ മധൂരില്‍ മധുവാഹിനി പുഴ കരകവിഞ്ഞു. മധൂര്‍ ക്ഷേത്രത്തില്‍ വെള്ളം കയറി. ചെര്‍ക്കളയ്ക്കും ബേവിഞ്ചയ്ക്കും ഇടയില്‍ മണ്ണിടിച്ചിലുണ്ടായിരുന്നു. പ്രശസ്തമായ മധൂര്‍ സിദ്ധിവിനായക ക്ഷേത്രത്തിലാണ് വെള്ളം കയറിയത്. ഇന്നലെ അര്‍ധ രാത്രിയിലും ഇന്ന് പുലര്‍ച്ചെയും പെയ്ത മഴയിലാണ് ക്ഷേത്രത്തില്‍ വെള്ളം കയറിയത്.
ക്ഷേത്രത്തിനോട് ചേര്‍ന്ന് ഒഴുകുന്ന മധുവാഹിനി പുഴ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്നാണ് ക്ഷേത്രത്തില്‍ വെള്ളം ഒഴുകിയെത്തിയത്. ക്ഷേത്രത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇതിനിടെ വെള്ളം കയറിയതും ദുരിതമായിരിക്കുകയാണ്.

കാസര്‍കോട് ജില്ലയിലാകെ വലിയ മഴക്കെടുതികളാണ് ഉണ്ടായിരിക്കുന്നത്. ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കനത്ത മഴയില്‍ ദേശീയ പാതയില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് ഗതാഗത കുരുക്ക് അനുഭവപ്പെടുന്നുണ്ട്. അതേസമയം കുറ്റിക്കോലില്‍ ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത കാര്‍ യാത്രക്കാര്‍ ഒഴുക്കില്‍പ്പെട്ടു.
ഗൂഗിള്‍ മാപ്പില്‍ വഴി നോക്കി വന്ന ഇവരുടെ കാര്‍ കൈവരി ഇല്ലാത്ത പാലത്തില്‍ നിന്ന് പുഴയിലേക്ക് വീഴുകയായിരുന്നു. കാറിലുണ്ടായിരുന്ന കാഞ്ഞങ്ങാട് സ്വദേശികളായ റാഷിദ്, തസ്രീഫ് എന്നിവരെ നാട്ടുകാരും അഗ്നി രക്ഷാസേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി. കനത്ത മഴയില്‍ പള്ളഞ്ചി പുഴയില്‍ നിന്ന് വെള്ളം കയറിയ മൂടിയ പാലത്തിലൂടെ കര്‍ണാടക പുത്തൂരേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം.
അതേസമയം കാര്‍ ഒഴുക്കില്‍പ്പെട്ടതോടെ ഇരുവരും വെള്ളത്തിലേക്ക് ചാടുകയായിരുന്നു. പട്‌ലയില്‍ പത്തിലേറെ വീടുകളില്‍ വെള്ളം കയറിതോടെ ആളുകളെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് തോണിയിലും റെസ്‌ക്യു ബോട്ടിലുമാണ് മാറ്റിയത്.
കാസര്‍കോട് ജില്ലയില്‍ ഇന്ന് ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജില്ലയില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ അതിശക്തമായ മഴ ജില്ലയില്‍ ലഭിക്കുമെന്നായിരുന്നു കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ഇന്നലെ രാത്രിയോടെയാണ് ജില്ലയില്‍ മഴ കനത്തത്. അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മറ്റ് ജില്ലകളെ പോലെ അവധി പ്രഖ്യാപിക്കാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അതേസമയം മഴക്കെടുതിയെ തുടര്‍ന്ന് കൊട്ടോടി സര്‍ക്കാര്‍ ഹൈസ്‌കൂളിന് ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു.












Click it and Unblock the Notifications