'പത്തനാപുരത്തും യുഡിഎഫ്-ബിജെപി ഡീൽ, ഇരു കൂട്ടരും എൽഡിഎഫിന് എതിരെ പ്രവർത്തിച്ചു'; കെബി ഗണേഷ് കുമാർ
കൊല്ലം: തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ യുഡിഎഫ്-ബിജെപി ഡീൽ എന്ന ആരോപണവുമായി മുൻ മന്ത്രി കെബി ഗണേഷ് കുമാർ രംഗത്ത്. പത്തനാപുരം മണ്ഡലത്തിൽ യുഡിഎഫ്-ബിജെപി ഡീൽ നടന്നുവെന്നാണ് കെബി ഗണേഷ് കുമാർ ആരോപിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ബിജെപി നേടിയ വോട്ടുകളും ഇത്തവണ എൻഡിഎ സ്ഥാനാർത്ഥിയുടെ വോട്ടും ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ഗണേഷിന്റെ ആരോപണം.
ബിജെപിക്ക് വേണ്ടി പത്തനാപുരത്ത് പ്രാതിനിധ്യമില്ലാത്ത ട്വൻറി ട്വൻറി പാർട്ടിയാണ് മത്സരിച്ചതെന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി ജയിച്ച പല പഞ്ചായത്ത് വാർഡുകളിൽ പോലും വോട്ടുകൾ രണ്ടക്കം കടക്കുവാൻ ബിജെപിയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും ഗണേഷ് പറയുന്നു. സംസ്ഥാനത്ത് തന്നെ ബിജെപി ജയിച്ച മൂന്ന് മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്ത് എത്തിയത് എൽഡിഎഫണെന്നും കെബി ഗണേഷ് കുമാർ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

കെബി ഗണേഷ് കുമാറിന്റെ വാക്കുകൾ
പത്തനാപുരത്തും യുഡിഎഫ് -ബിജെപി ഡീൽ: 2016 ൽ ബിജെപി സ്ഥാനാർഥി ഭീമൻ രഘുവിന് ലഭിച്ച വോട്ട് 11,700. 2021 ൽ ബിജെപി സ്ഥാനാർത്ഥിയ്ക്ക് ലഭിച്ച വോട്ട് 12,398. 2025 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് മാത്രം നിയോജക മണ്ഡലത്തിൽ നിന്നും ലഭിച്ചത് 23,000 ഓളം വോട്ടുകളാണ്...
ആ സ്ഥാനത്താണ് സംസ്ഥാനത്ത് ഇപ്രാവശ്യം 3 സീറ്റുകളിൽ ജയിച്ച ബിജെപിയ്ക്ക് പത്തനാപുരത്ത് ലഭിച്ചത് ആകെ 7,031 മാത്രം...
അതും ബിജെപിയ്ക്ക് വേണ്ടി മത്സരിച്ചത് പത്തനാപുരത്ത് പ്രാതിനിധ്യമില്ലാത്ത ട്വൻറി ട്വൻറി പാർട്ടിയും. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി ജയിച്ച പല പഞ്ചായത്ത് വാർഡുകളിൽ പോലും വോട്ടുകൾ രണ്ടക്കം കടക്കുവാൻ ബിജെപിയ്ക്ക് കഴിഞ്ഞിട്ടില്ല. ഇതിൽ നിന്നുതന്നെ കാര്യം വ്യക്തമാണ്. പ്രചാരണ രംഗത്ത് പോലും സജീവമായി എൻ.ഡി.എ മുന്നണി ഇല്ലായിരുന്നു..
യുഡിഎഫ് -ബിജെപി ഡീലിന്റെ ഭാഗമായാണ് പത്തനാപുരം മണ്ഡലത്തിലും ഇരു കൂട്ടരും എൽഡിഎഫ് നു എതിരെ പ്രവർത്തിച്ചത്. ഇവിടെ ചക്ക ചിഹ്നത്തിൽ ട്വന്റി ട്വന്റി യ്ക്ക് സീറ്റ് നൽകിയത് വഴി അവരുടെ ഡീൽ ആരംഭിച്ചു.സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇത്തരം ഡീലുകൾ ഉണ്ടായിരുന്നു.പാർട്ടികൾക്ക് കിട്ടിയ വോട്ട് ഷെയറുകൾ നോക്കിയാൽ മനസിലാകും.
സംസ്ഥാനത്ത് തന്നെ ബിജെപി ജയിച്ച മൂന്ന് മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്ത് എത്തിയത് എൽഡിഎഫ് ആണ്, വളരെ കുറഞ്ഞ വോട്ടുകൾക്കാണ് മൂന്ന് സ്ഥലത്തും ബിജെപിയ്ക്ക് ജയിക്കാൻ കഴിഞ്ഞത്. മൂന്ന് സ്ഥലത്തും കോൺഗ്രസ് മൂന്നാം സ്ഥാനത്താണ്.. ആ സ്ഥലങ്ങളിൽ കഴിഞ്ഞ പാർലമെന്റ്,തദ്ദേശ തിരഞ്ഞെടുപ്പുകളിലെ വോട്ടുകൾ പോലും കോൺഗ്രസ് നു ലഭിച്ചില്ല.
അതേസമയം, കെബി ഗണേഷ് കുമാറിനെ 8,310 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ജ്യോതി കുമാർ ചാമക്കാല മണ്ഡലത്തിൽ വിജയിച്ചു കയറിയത്. ഇതോടെ കൊല്ലം ജില്ലയിലെ ഈ മണ്ഡലത്തിൽ കെബി ഗണേഷ് കുമാർ തുടർച്ചയായി നേടിയിരുന്ന വിജയങ്ങൾക്ക് അന്ത്യമായിരുന്നു. തോൽവി ഏറ്റുവാങ്ങേണ്ടി വന്ന മാന്ത്രിമാരുടെ കൂട്ടത്തിൽ ഇതോടെ ഗണേഷിന്റെ പേരും ചേർക്കപ്പെട്ടു.
തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ജ്യോതി കുമാർ ചാമക്കാല 68,275 വോട്ടുകൾ നേടി. കെബി ഗണേഷ് കുമാറിന് 59,965 വോട്ടുകളാണ് ലഭിച്ചത്. സിറ്റിംഗ് എംഎൽഎയും മന്ത്രിയുമായിരുന്ന ഗണേഷ് കുമാറിനെതിരായ ജ്യോതികുമാർ ചാമക്കാലയുടെ വിജയം തികച്ചും അപ്രതീക്ഷിതമായിരുന്നു. വർഷങ്ങളായി ഗണേഷ് ജയിച്ചുവന്ന മണ്ഡലമായിരുന്നു പത്തനാപുരം.












Click it and Unblock the Notifications