വിസിമാർക്കെതിരെ കെസി വേണുഗോപാൽ; 'ഗണവേഷം കെട്ടി കുറുവടിയും കൊണ്ട് ആർഎസ്എസ് ശാഖയിൽ പോവൂ'
ആലപ്പുഴ: ആർഎസ്എസ് പരിപാടിയിൽ കേരളത്തിലെ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തതിൽ കടുത്ത വിമർശനവുമായി കോൺഗ്രസ് എംപി കെസി വേണുഗോപാൽ. മുഖ്യമന്ത്രി വിഡി സതീശന് പിന്നാലെയാണ് വിഷയത്തിൽ മുതിർന്ന കോൺഗ്രസ് നേതാവായ കെസിയും നിലപാട് വ്യക്തമാക്കിയത്. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു കെസി വേണുഗോപാലിന്റെ പ്രതികരണം.
കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ആർഎസ്എസിന്റെ കൂടാരത്തിലേക്ക് പറിച്ചുനടാൻ ശ്രമം തുടങ്ങിയിട്ട് കാലം കുറേയായെന്നും നമുക്ക് അപമാനമാണ് മൂന്ന് സർവകലാശാലകളിലെ ഈ വൈസ് ചാൻസലർമാരെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. ആർഎസ്എസിന് കുഴലൂതുന്ന ഒരു സംസ്‌കാരത്തെ വളരാനോ വളർത്താനോ ഈ നാട് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കെസി വേണുഗോപാലിന്റെ വാക്കുകൾ
അക്കാദമിക് മികവും മതനിരപേക്ഷ ബോധ്യവും ജനാധിപത്യ സ്വഭാവവുമുള്ള കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ആർഎസ്എസിന്റെ കൂടാരത്തിലേക്ക് പറിച്ചുനടാൻ ശ്രമം തുടങ്ങിയിട്ട് കാലം കുറേയായി. ഇതിനായി ആർഎസ്എസ് മേധാവിക്ക് മുന്നിൽ ചൂട്ടുപിടിച്ച് വഴി കാണിച്ചുകൊടുക്കുന്നത്, അതേ ഉന്നത വിദ്യാഭ്യാസ മേഖലയെ നിഷ്‌പക്ഷ, മതേതര നിലപാടിലേക്ക് നയിക്കേണ്ടവർ തന്നെയാണെന്നത് ഈ നാടിന് തന്നെ അപമാനമാണ്.
എക്കാലവും പ്രബുദ്ധ മലയാളികൾ എന്ന് അഭിമാനത്തോടെ പറയുന്ന നമുക്ക്, അപമാനമാണ് മൂന്ന് സർവകലാശാലകളിലെ ഈ വൈസ് ചാൻസലർമാർ. മൂവരും അടിയന്തരമായി ചെയ്യേണ്ടുന്ന കാര്യം, കപടതയുടെ അക്കാദമിക് കുപ്പായം അഴിച്ചുവെച്ച്, ഗണവേഷം കെട്ടി കുറുവടിയും കൊണ്ട് ആർഎസ്എസ് ശാഖകളിൽ ഗണഗീതം പാടി ശിഷ്‌ടകാലം ജീവിക്കലാണ്. ഈ നാടിന്റെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ ഒറ്റുകൊടുക്കുകയും മതനിരപേക്ഷ ബോധ്യങ്ങളെ ബലി കഴിക്കുകയും ചെയ്‌ത ആർഎസ്എസ് ചിന്ത തലച്ചോറിൽ പേറുന്നവർ, മഹത്തായ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കാൻ ഒരു കണിക കൊണ്ടുപോലും യോഗ്യരല്ല.
സ്വയം രാജിവെച്ച് ഗവർണറുടെ സംരക്ഷണയിൽ നിന്ന് ആർഎസ്എസ് മേധാവിയുടെ തണലിലേക്ക് ചേക്കേറുകയാണ് മൂവർക്കും നല്ലത്. അതല്ലെങ്കിൽ, ശക്തമായ രാഷ്ട്രബോധം ഉള്ളിൽപ്പേറുന്ന മതേതരവാദികളായ മനുഷ്യരുടെ പ്രതിഷേധം അനുഭവിക്കേണ്ടി വരും. മോഹൻ ഭാഗവതിന് മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുക എന്നതല്ല ഉന്നത പൈതൃകം പേറുന്ന സർവകലാശാലകളുടെ തലപ്പത്തിരിക്കാനുള്ള യോഗ്യത.
മികച്ച അക്കാദമിക് പാരമ്പര്യവും മതനിരപേക്ഷ ബോധവും ജനാധിപത്യ വിശ്വാസവും ഭരണഘടനയോടുള്ള കൂറുമാണ് അതിന്റെ ആധാരശില എന്ന് ഓർക്കേണ്ടവർ ഓർക്കണം. ആർഎസ്എസിന് കുഴലൂതുന്ന ഒരു സംസ്‌കാരത്തെ വളരാനോ വളർത്താനോ ഈ നാട് അനുവദിക്കില്ല. എന്ത് വില കൊടുത്തും സംരക്ഷിക്കേണ്ടുന്ന ഭരണഘടനാ മൂല്യങ്ങളാണ് ഈ നാട് ഉള്ളിൽപ്പേറുന്നത്, അല്ലാതെ, വിഭജനത്തിന്റെ ബ്രിട്ടീഷ് പാരമ്പര്യമുള്ള കപട രാജ്യസ്നേഹികളുടെ ചോരയല്ല.












Click it and Unblock the Notifications