കീം പ്രവേശന പരീക്ഷ ഫലം പ്രഖ്യാപിച്ചു, ഒന്നാം റാങ്ക് ആലപ്പുഴ സ്വദേശി ദേവാനന്ദിന്
തിരുവനന്തപുരം: കീം എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. 52500 പേര്‍ റാങ്ക് പട്ടികയില്‍ ഇടം നേടി. മന്ത്രി ഡോ ആര്‍ ബിന്ദു വാര്‍ത്താസമ്മേളനത്തിലാണ് ഫലം പ്രഖ്യാപിച്ചത്. കീമിന്റെ ആദ്യ ഓണ്‍ലൈന്‍ പരീക്ഷയുടെ ഫലമാണിത്. ആലപ്പുഴ സ്വദേശി ദേവാനന്ദിനാണ് ഒന്നാം റാങ്ക്.
അതേസമയം ആദ്യ നൂറ് റാങ്കില്‍ 13 പെണ്‍കുട്ടികളും 87 ആണ്‍കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. ഫലം വൈകാതെ വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കും. cee.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് ഫലം അറിയുക. യോഗ്യത നേടിയവര്‍ 58340 പേരാണ്. എഞ്ചിനീയറിംഗിന്റെ ആദ്യ മൂന്ന് റാങ്കിലും ആണ്‍കുട്ടികളാണ് ഉള്ളത്.

അതേസമയം രണ്ടാം റാങ്ക് മലപ്പുറം സ്വദേശി ഹഫീസ് റഹ്‌മാനും, മൂന്നാം റാങ്ക് കോട്ടയം സ്വദേശി അലന്‍ ജോണിയും നേടി. ജൂണ്‍ അഞ്ച് മുതല്‍ പത്ത് വരെ ആറ് ദിവസങ്ങളിലായിട്ടാണ് കീമിന്റെ ആദ്യ പ്രവേശ പരീക്ഷ വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനായി എഴുതിയത്. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലും ന്യൂഡല്‍ഹി, മുംബൈ, ദുബായ്, എന്നിവിടങ്ങളിലും വെച്ചായിരുന്നു പരീക്ഷ നടന്നത്.
ഇത്ര വിപുലമായി സംസ്ഥാന ഒരു ഓണ്‍ലൈന്‍ പരീക്ഷ നടക്കുന്നതും ആദ്യമായിട്ടായിരുന്നു. 79044 പേരാണ് പരീക്ഷയെഴുതിയത്. അതേസമയം പരീക്ഷാ ഫലം അറിയുന്നതിന് ആപ്ലിക്കേഷന്‍ നമ്പറും പാസ്‌വേര്‍ഡും ഉപയോഗിച്ചാണ് ഔദ്യോഗിക വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യേണ്ടത്. റാങ്ക് ലിസ്റ്റ് ഉടന്‍ തന്നെ അധികൃതര്‍ പുറത്തുവിടും.യോഗ്യത നേടിയവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ധിച്ചിട്ടുണ്ട്.
ഈ വര്‍ഷം കൂടുതലായി 4261 പേരാണ് യോഗ്യത നേടിയത്. പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ എണ്ണത്തിലും 2829 പേരുടെ വര്‍ധനുണ്ടായി. പരീക്ഷയെഴുതുകയും യോഗ്യത നേടുകയും ചെയ്ത ഏക ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിക്ക് റാങ്ക് പട്ടികയില്‍ ഉള്‍പ്പെടാനായില്ല. ആദ്യ നൂറ് റാങ്കില്‍ ഉള്‍പ്പെട്ട 75 പേര്‍ ഒന്നാം അവസരത്തില്‍ തന്നെയാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
രണ്ടാം അവസരത്തില്‍ ഈ റാങ്കിനുള്ളില്‍ വന്നവര്‍ 25 പേരാണ്. ആദ്യ നൂറ് റാങ്കില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടത് എറണാകുളം ജില്ലയില്‍ നിന്നാണ്. 24 പേരാണ് എറണാകുളം ജില്ലയില്‍ നിന്നുള്ളവര്‍. തിരുവനന്തപുരത്ത് 15 പേരും കോട്ടയത്ത് പതിനൊന്് പേര്‍ ആദ്യ നൂറിലുണ്ട്. റാങ്ക് പട്ടികയില്‍ ഏറ്റവും കൂടുതല്‍ പേരും എറണാകുളം ജില്ലയില്‍ നിന്നാണ്. 6568 പേരാണ് ജില്ലയില്‍ നിന്നുള്ളവര്‍.
ആദ്യ ആയിരം റാങ്കുകളില്‍ ഉള്‍പ്പെട്ടതും എറണാകുളം ജില്ലയില്‍ നിന്നാണ്. 170 പേരാണ് ഉള്ളത്. അതേസമയം കേരള സിലബസില്‍ നിന്ന് പ്ലസ്ടു പൂര്‍ത്തിയാക്കിയ 2034 പേരും, സിബിഎസ്ഇ പഠനം പൂര്‍ത്തിയാക്കിയ 2785 പേരും, സിഐഎസ്ഇ സിലബസില്‍ പഠനം പൂര്‍ത്തിയാക്കിയ 162 പേരുമാണ് ആദ്യ 5000 റാങ്കുകളില്‍ ഉള്‍പ്പെട്ടത്.












Click it and Unblock the Notifications