പത്തനംതിട്ട ഇത്തവണയും ചുവക്കും, ആറന്മുളയില്‍ വീണ, റാന്നിയില്‍ അട്ടിമറി, നാലിടത്ത് ഉറപ്പെന്ന് സര്‍വേ
പത്തനംതിട്ട: ഏഷ്യാനെറ്റ് സര്‍വേയില്‍ പത്തനംതിട്ട ജില്ലയില്‍ ഇത്തവണയും കാര്യമായ മാറ്റമുണ്ടാകില്ലെന്ന് പ്രവചനം. ഏഷ്യാനെറ്റും മനോരമ ന്യൂസും നടത്തിയ സര്‍വേകളില്‍ ഇടത് ആധിപത്യമാണ് പ്രവചിക്കുന്നത്. ഒരു സീറ്റ് ഇടതിന് നഷ്ടമാകുമെന്ന് ഏഷ്യാനെറ്റ് സര്‍വേയും തൂത്തുവാരുമെന്ന് മനോരമ ന്യൂസ് സര്‍വേയും പ്രവചിക്കുന്നു. രണ്ട് സര്‍വേയിലും യുഡിഎഫോ കോണ്‍ഗ്രസോ ജില്ലയില്‍ നേട്ടമുണ്ടാക്കുമെന്ന് പ്രവചിക്കുന്നില്ല.
കശ്മീരില്‍ 11 ജില്ലകളില്‍ 84 മണിക്കൂര്‍ നേരത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു; ചിത്രങ്ങള്‍ കാണാം

റാന്നിയില്‍ അട്ടിമറി
റാന്നി സിപിഎം ഏറെ കാലമായി കൊണ്ടുനടക്കുന്ന മണ്ഡലാണ്. രാജു എബ്രഹാം ഇവിടെ തോല്‍വി അറിഞ്ഞിട്ടേയില്ല. എന്നാല്‍ ഇവിടെ ഇത്തവണ കോണ്‍ഗ്രസ് അട്ടിമറി നടത്തുമെന്ന് ഏഷ്യാനെറ്റ് സര്‍വേ പ്രവചിക്കുന്നു. ഇത്തവണ കേരള കോണ്‍ഗ്രസ് എമ്മിന് സിപിഎം വിട്ടുകൊടുത്ത സീറ്റാണിത്. പ്രമോദ് നാരായണനാണ് ഇവിടെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി. ഇതില്‍ അതൃപ്തി പാര്‍ട്ടിയിലുണ്ടായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി റിങ്കു ചെറിയാന്‍ ഇവിടെ ജയിക്കുമെന്നാണ് സര്‍വേ പറയുന്നത്.

ആറന്മുളയില്‍ വീണ
ആറന്മുളയില്‍ വീണ ജോര്‍ജിനെ പരാജയപ്പെടുത്തുമെന്ന പ്രതീക്ഷയിലായിരുന്നു യുഡിഎഫ്. മുന്‍ എംഎല്‍എ ശിവദാസന്‍ നായരെ തന്നെയാണ് മണ്ഡലം പിടിക്കാന്‍ കോണ്‍ഗ്രസ് രംഗത്തിറക്കിയത്. എന്നാല്‍ വീണ തന്നെ വിജയിക്കുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സര്‍വേയില്‍ പറയുന്നത്. അതേസമയം കോന്നിയില്‍ അടൂര്‍ പ്രകാശ് തന്നെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടും റോബിന്‍ പീറ്റര്‍ വിജയിക്കില്ലെന്ന് സര്‍വേ പറയുന്നു. കെയുജനീഷ് കുമാര്‍ തന്നെ മണ്ഡലം നിലനിലനിര്‍ത്തും.

നാല് സീറ്റുകള്‍
പത്തനംതിട്ടയില്‍ അഞ്ചില്‍ നാല് സീറ്റുകളാണ് ഇടതുപക്ഷം നേടുമെന്ന് പ്രവചിക്കപ്പെടുന്നത്. അടൂര്‍ മണ്ഡലത്തില്‍ സിപിഐയുടെ ചിറ്റയം ഗോപകുമാറും വിജയിക്കുമെന്ന് സര്‍വേ പറയുന്നു. തിരുവല്ലയില്‍ മുന്‍ മന്ത്രി മാത്യു ടി തോമസ് കടുത്ത മത്സരമാണ് നേരിടുന്നത്. ഇവിടെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥി കുഞ്ഞുകോശി പോള്‍ കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഒരു ഘട്ടത്തിലും വെല്ലുവിളി ഉയര്‍ത്താത്ത സ്ഥാനാര്‍ത്ഥിയായിരുന്നു കുഞ്ഞുകോശി. എന്നാല്‍ അവസാന നിമിഷം ഇഞ്ചോടിഞ്ചായെന്നാണ് വിലയിരുത്തല്‍. പക്ഷേ നേരിയ മുന്‍തൂക്കം മാത്യു ടി തോമസിനാണ്.

എല്‍ഡിഎഫ് തൂത്തുവാരും
എല്‍ഡിഎഫ് പത്തനംതിട്ടയിലെ അഞ്ച് സീറ്റും തൂത്തുവാരുമെന്ന് മനോരമ ന്യൂസ് വിഎംആര്‍ സര്‍വേ പറയുന്നു. തിരുവല്ലയില്‍ 4.70 ശതമാനത്തിന്റെ മാര്‍ജിനില്‍ മാത്യു ടി തോമസ് മുന്നിലാണെന്ന് സര്‍വേ പറയുന്നു. എല്‍ഡിഎഫിന് 42.50 ശതമാനം വോട്ട് ലഭിക്കും. യുഡിഎഫിന് 37.80 ശതമാനവും. 2016ല്‍ 8262 വോട്ടിനായിരുന്നു മാത്യു ടി തോമസിന്റെ വിജയം. റാന്നിയില്‍ പ്രമോദ് നാരായണന്‍ കടുത്ത മത്സരത്തില്‍ 3.30 ശതമാനം വോട്ടിന് വിജയിക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. ആറന്മുളയില്‍ ശക്തമായ മത്സരമാണെങ്കിലും ജയം വീണയ്‌ക്കൊപ്പം നില്‍ക്കും. കോന്നിയിലും ജനീഷ് കുമാര്‍ ജയം ആവര്‍ത്തിക്കുമെന്നും, അടൂരിലും മാറ്റമുണ്ടാകില്ലെന്നും സര്‍വേ പറയുന്നു.

മാതൃഭൂമി സര്‍വേ
മാതൃഭൂമി സര്‍വേയില്‍ അഞ്ചില്‍ നാല് സീറ്റും ഇടതുപക്ഷത്തിന് എന്നാണ് പ്രവചിക്കുന്നത്. തിരുവല്ല എല്‍ഡിഎഫ് തന്നെ നിലനിര്‍ത്തുമെന്ന് സര്‍വേ പ്രവചിക്കുന്നു. റാന്നിയും കോന്നിയും ആറന്മുളയുമാണ് എല്‍ഡിഎഫ് നേടുമെന്ന് പറയുന്ന സീറ്റുകള്‍. അടൂരിലാണ് ത്രില്ലര്‍ പോരാട്ടം നടക്കുന്നതെന്ന് സര്‍വേ പറയുന്നു. ഇവിടെ സിറ്റിംഗ് എംഎല്‍എ ചിറ്റയം ഗോപകുമാറും യുഡിഎഫ് സ്ഥാനാര്‍ത്ഥി എംജി കണ്ണനും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 2016ല്‍ ചിറ്റയം 25324 വോട്ടിന് ജയിച്ച മണ്ഡലമാണിത്.












Click it and Unblock the Notifications