അഞ്ച് സീറ്റ് ചോദിച്ച് മുസ്ലീം ലീഗ്, ചേലക്കരയും ഇരവിപുരവും കൂടുതലായി തരാമെന്ന് സമ്മതിച്ച് കോണ്‍ഗ്രസ്
കോഴിക്കോട്: കൂടുതല്‍ സീറ്റുകള്‍ എന്ന ആവശ്യത്തില്‍ ഉറച്ച് മുസ്ലീം ലീഗ്. അഞ്ച് സീറ്റുകളാണ് കൂടുതലായി ലീഗ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ അഞ്ച് സീറ്റില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ലീഗിനായി ചേലക്കരയും ഇരവിപുരവും അധികം നല്‍കാമെന്ന് ഉഭയകക്ഷിയ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് വ്യക്തമാക്കി. എന്നാല്‍ ഇതുകൊണ്ട് പറ്റില്ലെന്ന നിലപാടിലാണ് ലീഗ്. കൂടുതല്‍ സീറ്റുകള്‍ അനുവദിച്ചേ പറ്റൂ എന്നാണ് നിലപാട്. കൂത്തുപറമ്പ് ലീഗിന് വിട്ടുനല്‍കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ആരോഗ്യ മന്ത്രി കെകെ ശൈലജയ്‌ക്കെതിരെ ലീഗിന്റെ പോരാട്ടമുണ്ടാവും. ശൈലജ മണ്ഡലം മാറുമെന്ന് സൂചനയുണ്ട്. അങ്ങനെയെങ്കില്‍ സഖ്യകക്ഷികളുമായിട്ടാവും മത്സരം.

ലീഗിന്റെ കൈവശമുള്ള ഗുരുവായൂര്‍ സീറ്റില്‍ കോണ്‍ഗ്രസിന് കണ്ണുണ്ട്. ഈ സീറ്റ് കോണ്‍ഗ്രസ് വിട്ടുതരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത സീറ്റ് ചര്‍ച്ചകളില്‍ ഈ ആവശ്യങ്ങള്‍ സജീവമായി തന്നെ കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. സീറ്റുകള്‍ വെച്ച് മാറാനും സാധ്യതയുണ്ട്. അഞ്ച് സീറ്റ് ഒരിക്കലും തരാനാവില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. മുമ്പ് ലീഗ് മത്സരിച്ചിരുന്ന മണ്ഡലമാണ് കൊല്ലം ജില്ലയിലെ ഇരവിപുരവും സംവരണ മണ്ഡലമായ ചേലക്കരയും. എന്നാല്‍ ഇത് രണ്ടും മാത്രം പോരെന്ന ലീഗ് പറഞ്ഞു. അതേസമയം വിജയസാധ്യതയുള്ള മണ്ഡലങ്ങള്‍ ചോദിച്ച് വാങ്ങാനാണ് ലീഗിന്റെ ശ്രമം. തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച വിജയവും ലീഗിന്റെ ആവശ്യത്തിന് പിന്നിലുണ്ട്.
അതേസമയം ലീഗ് യുഡിഎഫില്‍ പിടിമുറുക്കുന്നുവെന്ന സിപിഎമ്മിന്റെ ആരോപണം മുന്നിലുള്ളതിനാല്‍ കോണ്‍ഗ്രസ് വളരെ ജാഗ്രതയോടെയാണ് സീറ്റ് വിഭജനത്തെ കാണുന്നത്. ഇത്തവണ സര്‍വ സന്നാഹങ്ങളുമായിട്ടാണ് തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് നേരിടുന്നത്. അതുകൊണ്ട് കൂടുതല്‍ സീറ്റ് വിട്ടുകൊടുത്ത് സ്വയം പ്രതിരോധത്തിലാവേണ്ട എന്ന നിലപാടിലാണ് കോണ്‍ഗ്രസ്. കൂടുതല്‍ സീറ്റുകളില്‍ വിജയിക്കുക എന്ന നിലയിലേക്ക് കോണ്‍ഗ്രസ് എത്തണമെന്ന് ഹൈക്കമാന്‍ഡും നിര്‍ദേശിച്ചിട്ടുണ്ട്. ജയിക്കാത്ത പല സീറ്റുകളും ഇത്തവണ പിടിച്ചെടുക്കുകയാണ് ലക്ഷ്യം. ലീഗിനോട് ചില സീറ്റുകള്‍ വിട്ടുതരാനും കോണ്‍ഗ്രസ് ആവശ്യപ്പെടും.
ഗുരുവായൂരിന് പകരം ഏതെങ്കിലും സീറ്റ് നല്‍കാമെന്ന് ലീഗിനെ കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്. പകരം തവനൂരോ വിജയസാധ്യതയുള്ള മറ്റേതെങ്കിലും സീറ്റ് കിട്ടുമെങ്കില്‍ ചര്‍ച്ച ചെയ്യാമെന്നാണ് ലീഗിന്റെ നിലപാട്. തവനൂരില്‍ കെടി ജലീലിനെതിരെ ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന് ലീഗില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്. പികെ ഫിറോസിനെ അടക്കമുള്ള യുവനേതാക്കളെ ലീഗ് ഇവിടേക്ക് പരിഗണിക്കുന്നുണ്ട്. ജലീലിനോട് പഴയ കണക്കുകള്‍ തീര്‍ക്കുക എന്ന ലക്ഷ്യവും ലീഗിനുണ്ട്. അതേസമയം അഴീക്കോടിന് പകരം കണ്ണൂരും ബാലുശ്ശേരിക്ക് പകരം കുന്ദമംഗലവും വേണമെന്ന ആവശ്യമാണ് ലീഗിനുള്ളത്. കുന്ദമംഗലം വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണ്. തിരുവമ്പാടി വിട്ടുനല്‍കാനില്ലെന്ന് കോണ്‍ഗ്രസിനെ ലീഗ് അറിയിച്ചിട്ടുണ്ട്. കണ്ണൂര്‍ സീറ്റിലെ കോണ്‍ഗ്രസ് നിലപാട് അതുകൊണ്ട് നിര്‍ണായകമാകും.












Click it and Unblock the Notifications