കൊട്ടിക്കയറിയ ആവേശം, നാടും നഗരവും ഇളക്കിയ ആഘോഷം; പരസ്യ പ്രചാരണം അവസാനിച്ചു, ഇനി നിശബ്‌ദം
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ചു. ഇന്ന് വൈകീട്ടോടെ വിവിധ കേന്ദ്രങ്ങളിൽ വലിയ ആഘോഷമായാണ് പരസ്യ പ്രചാരണം അവസാനിച്ചത്. ഇരുപത് ദിവസത്തിൽ അധികം നീണ്ടുനിന്ന പ്രചാരണ പരിപാടികളും റാലികളും റോഡ് ഷോകളും ഒക്കെ ഇന്ന് വൈകീട്ടോടെ അവസാനിക്കുകയാണ്. ഇനി നാളെയുള്ള 24 മണിക്കൂർ നേരം നിശബ്‌ദ പ്രചാരണത്തിന്റെ സമയമാണ്.
ഗ്രാമ, നഗരഭേദമില്ലാതെയാണ് ഇത്തവണത്തെ പരസ്യപ്രചാരണങ്ങൾ ആഘോഷമായി തന്നെ സ്ഥാനാർത്ഥികൾ കൊണ്ടാടിയത്. വോട്ടെടുപ്പിന് മുൻപ് ശക്തി തെളിയിക്കുന്ന ദിനമായതിനാൽ പരമാവധി ആളുകളെ ചേർത്തുകൊണ്ടായിരുന്നു പരിപാടികൾ. തിങ്ങിനിറഞ്ഞ റോഡ് ഷോയും വാഹന റാലികളുമായാണ് സ്ഥാനാർഥികളും പ്രവർത്തകരും അതാത് മണ്ഡലങ്ങളിലെ കൊട്ടിക്കലാശ കേന്ദ്രത്തിലേക്ക് വന്നിറങ്ങിയത്.

വേറിട്ട കാഴ്‌ചകളാലും കൊട്ടിക്കലാശ വേദി ആവേശമായി മാറി. വൈകീട്ട് ആറു മണിയോടെയാണ് പ്രചാരണം സമാപിച്ചത്. 2018ലെ പ്രളയം മനുഷ്യനിർമ്മിതമാണെന്ന മാത്യു കുഴൽനാടന്റെ ആരോപണത്തിന് പിന്നാലെ പത്തനംതിട്ട ജില്ലയിൽ യുഡിഎഫ് കലാശക്കൊട്ടിൽ നിന്ന് വിട്ടുനിൽക്കുന്ന സാഹചര്യവും ഇന്നുണ്ടായി.
ബാന്‍ഡ് മേളവും ചെണ്ടമേളവും നിശ്ചല ദൃശ്യങ്ങളുമൊക്കെയായി കലാശക്കൊട്ട് പൂരമാക്കിയാണ് മുന്നണികൾ സമാപന ദിനം ആഘോഷിച്ചത്. തെക്ക് വടക്ക് വ്യത്യാസമില്ലാതെ എല്ലാ ജില്ലകളിലും ഒരുപോലെയായിരുന്നു പരസ്യപ്രചാരണ പരിപാടികൾ. വ്യാഴാഴ്‌ച വോട്ട് നടക്കാനിരിക്കെ ഇക്കുറി പോരാട്ടം തീപ്പാറും എന്നതിന്റെ സൂചനയായിരുന്നു മൂന്ന് മുന്നണികളുടെയും പരിപാടികളിലെ ജനപങ്കാളിത്തം.
ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളും തമ്മിൽ കടുത്ത മത്സരമാണ്. ഭരണം നിലനിർത്താൻ എൽഡിഎഫും അധികാരം പിടിച്ചെടുക്കാൻ യുഡിഎഫും എത്തുമ്പോൾ എൻഡിഎ പരമാവധി സീറ്റുകൾ പിടിക്കുക എന്ന ലക്ഷ്യമാണ് മുന്നോട്ട് വയ്ക്കുന്നത്. 10 വർഷത്തെ എൽഡിഎഫ് ഭരണത്തിന് തുടർച്ച കിട്ടുമോ? അല്ലെങ്കിൽ യുഡിഎഫ് ഭരണം തിരിച്ചുപിടിക്കുമോ എന്നാണ് കണ്ടറിയേണ്ടത്.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള എല്ലാ സുരക്ഷാക്രമീകരണങ്ങളും പൂർത്തിയാക്കിയതായി സംസ്ഥാന പോലീസ് മേധാവി റവാഡാ ചന്ദ്ര ശേഖർ അറിയിച്ചു. സംസ്ഥാനം മുഴുവൻ പ്രത്യേക സുരക്ഷാ മേഖലകളാക്കി തിരിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ നേത്യത്വത്തിൽ സേനയെ വിന്യസിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം അറിയിച്ചത്.
2500 പ്രശ്‌നബാധിത പോളിങ് ബൂത്തുകളടക്കം സംസ്ഥാനത്തെ ആകെ 30,471 പോളിങ് ബൂത്തിലേക്കുമായി 28,209 സ്പെഷൽ പോലീസ് ഓഫിസർമാർ അടക്കം 76,203 പോലീസ് ഉദ്യോഗസ്ഥരാണ് തിരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കാൻ എത്തുന്നത്. നിലവിലെ ഒരുക്കങ്ങൾ എല്ലാം തന്നെ തിരഞ്ഞെടുപ്പ് കമ്മീഷൻ കൃത്യമായി നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്.












Click it and Unblock the Notifications