Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോടൻ പോരിൽ ചുവപ്പുകോട്ടയിളകുമോ?

ഇടത് ആധിപത്യ ചരിത്രമുള്ള കോഴിക്കോട്ട് ഇത്തവണ കടുത്ത പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. 2021ൽ 13ൽ 11 മണ്ഡലങ്ങളും എൽഡിഎഫ് തൂത്തുവാരി വ്യക്തമായ ആധിപത്യം നേടിയതാണ്. എന്നാൽ, ലോക്സഭ-തദ്ദേശ തെരഞ്ഞെടുപ്പുകളിലെ മുന്നേറ്റം യുഡിഎഫിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. രണ്ട് പതിറ്റാണ്ടായി കോൺ​ഗ്രസിനെ സമ്പൂർണമായി കൈവിടുന്ന പതിവ് കോഴിക്കോട് തെറ്റിക്കുമെന്ന കണക്കുകൂട്ടലും പാർട്ടിക്കുണ്ട്. 2001ലെ തെരഞ്ഞെടുപ്പിന് ശേഷം ജില്ലയില്‍ ഇതുവരെ ഒരു കോണ്‍ഗ്രസ് എംഎല്‍എ ഉണ്ടായിട്ടില്ല. അതിനുശേഷം മുസ്ലിം ലീഗിന്റെയും കഴിഞ്ഞതവണ ആർഎംപിയുടെയും എംഎൽഎമാരാണ് യുഡിഎഫ് പ്രതിനിധികളായി സഭയിലെത്തിയിരിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ ഗ്രാമപ്പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ തലങ്ങളിൽ വൻ മുന്നേറ്റമാണ് യുഡിഎഫ് നടത്തിയത്. 13 നിയമസഭ മണ്ഡലങ്ങളിൽ ഒമ്പതും യുഡിഎഫിന് ഒപ്പമാണ് നിൽക്കുന്നത്. നാദാപുരം, ബേപ്പൂർ, കോഴിക്കോട് നോർത്ത്, എലത്തൂർ മണ്ഡലങ്ങൾ മാത്രമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ തുണച്ചത്. കഴിഞ്ഞ മൂന്ന് തവണയായി കോഴിക്കോട് ലോക്സഭ മണ്ഡലത്തിൽ യുഡിഎഫ് ആണ് ജയിക്കുന്നത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരു നിയമസഭ മണ്ഡലത്തിൽ പോലും എൽഡിഎഫിന് ലീഡ് നേടാനായില്ല. തദ്ദേശത്തിലാകട്ടെ ഇടതിന് ചരിത്രത്തിലില്ലാത്ത തിരിച്ചടിയാണ് നേരിട്ടത്. കോഴിക്കോട് കോർപറേഷനിൽ കഷ്ടിച്ച് ഭരണം നിലനിർത്തിയ എൽഡിഎഫിന് ജില്ല പഞ്ചായത്ത് കൈവിടേണ്ടി വന്നു. ആറ് മുനിസിപ്പാലിറ്റികളിൽ നാലെണ്ണം യുഡിഎഫും രണ്ടെണ്ണം എൽഡിഎഫും നേടി. 12 ബ്ലോക് പഞ്ചായത്തുകളിൽ എൽഡിഎഫ് ഏഴും യുഡിഎഫ് നാലും നേടി. ഒന്നിൽ തുല്യത പാലിച്ചു. ജില്ലയിൽ എൻഡിഎയുടെ ക്രമാനുഗത വളർച്ചയും മൂന്ന് തെരഞ്ഞെടുപ്പുകളിലും പ്രതിഫലിച്ചു. കോഴിക്കോട് കോർപറേഷനിൽ അംഗങ്ങളുടെ എണ്ണം ഇരട്ടിയാക്കാനും എൻഡിഎക്ക് കഴിഞ്ഞു.

വടകര മണ്ഡലത്തിൽ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും പാർട്ടികൾക്കും പ്രാതിനിധ്യം ലഭിച്ചിരുന്നു ഒരുകാലത്ത്. ജനതാ പാർട്ടിക്കും ജനതാദളിനും (സെക്കുലർ) ശക്തമായ സ്വാധീനമുണ്ടായിരുന്ന ഇവിടുത്തെ രാഷ്ട്രീയ ചര​ിത്രം മാറ്റിമറിച്ചത് 2012ലെ റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി (ആർഎംപി) നേതാവ് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകമാണ്. എൽഡിഎഫിൻ്റെ ഈ കുത്തക സീറ്റ് 2021ൽ ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയിലൂടെ യുഡിഎഫ് തിരിച്ചുപിടിച്ചു. കഴിഞ്ഞ തവണ 7,491 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ച രമ തന്നെയാണ് ഇത്തവണയും യുഡിഎഫ് സ്ഥാനാർഥി. ആർജെഡി നേതാവായ എം.കെ. ഭാസ്കരനാണ് എൽഡിഎഫ് സ്ഥാനാർഥി. എൻഡിഎക്ക് വേണ്ടി കെ. ദിലീപാണ് രംഗത്തുള്ളത്.

മുന്നണികളുടെ നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങൾ- വോട്ടര്‍മാര്‍ കുറഞ്ഞത് 27, കൂടിയവ ഏഴ്
എൽഡിഎഫിനേയും യുഡിഎഫിനേയും മാറി മാറി പരീക്ഷിക്കുന്ന കുറ്റ്യാടി മുസ്ലിം ലീഗും സിപിഎമ്മും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലമാണ്. 2021ൽ 333 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫിലെ കെ.പി. കുഞ്ഞമ്മദ് കുട്ടി കുറ്റ്യാടി തിരിച്ചുപിടിച്ചത്. ഇത്തവണയും കെ.പി. കുഞ്ഞമ്മദ് കുട്ടി തന്നെയാണ് എൽഡിഎഫിന് വേണ്ടി രം​ഗത്തുള്ളത്. മുസ്ലീം ലീ​ഗിൻ്റെ പാറക്കൽ അബ്ദുള്ളയാണ് യുഡിഎഫ് സ്ഥാനാർഥി. എൻഡിഎ രാംദാസ് മണലേരിയെ രംഗത്തിറക്കിയിരിക്കുന്നു.

ldfudf

1990-കളുടെ അവസാനം മുതൽ സിപിഐ ആധിപത്യമാണ് നാദാപുരത്ത്. 2021ൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച സിപിഐയിലെ ഇ.കെ. വിജയൻ 4,035 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഇത്തവണ സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗവും കേരള മഹിളാസംഘം സംസ്ഥാന പ്രസിഡന്റുമായ പി. വസന്തമാണ് എൽഡിഎഫ് സ്ഥാനാർഥി. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി കെ.എം. അഭിജിത്ത് യുഡിഎഫിന് വേണ്ടിയും സി.പി. വിപിൻ ചന്ദ്രൻ എൻഡിഎക്കായും മത്സരത്തിനിറങ്ങിയിരിക്കുന്നു.

കോൺ​ഗ്രസിൻ്റെ ശക്തികേന്ദ്രമായിരുന്നു കൊയിലാണ്ടി 2011ൽ ഇടതുപക്ഷം പിടിച്ചെടുക്കുകയായിരുന്നു. 2011ൽ സിപിഎമ്മിലെ കെ. ദാസൻ 64,374 വോട്ടുകൾ നേടിയാണ് കോൺഗ്രസിന്റെ കെ.പി. അനിൽകുമാറിനെ തോൽപ്പിച്ചത്. 2016ല​ും ​കെ. ദാസൻ വിജയം ആവർത്തിച്ചു. 2021ൽ സിപിഎം സ്ഥാനാർഥി കാനത്തിൽ ജമീല 8472 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മണ്ഡലം നിലനിർത്തി. ഇത്തവണ എൽഡിഎഫിനുവേണ്ടി കെ. ദാസൻ തന്നെയാണ് മത്സരരംഗത്തുള്ളത്. യുഡിഎഫ് അഡ്വ. കെ. പ്രവീൺകുമാറിനെയാണ് ഇറക്കിയിരിക്കുന്നത്. സി.ആർ. പ്രഫുൽകൃഷ്ണയാണ് ബിജെപി സ്ഥാനാർഥി.

ഇരു മുന്നണികളും ശക്തമായ മത്സരമാണ് പേരാമ്പ്രയിൽ കാഴ്ചവെക്കാറുള്ളത്. 1980 മുതൽ ഇടതുപക്ഷമാണ് ഇവിടെ ജയിക്കുന്നത്. 2016ലും 2021ലും ടി.പി. രാമകൃഷണൻ മണ്ഡലത്തിൽ വിജയക്കൊടി പാറിച്ചു. എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണന് ഇവിടെയിത് നാലാമൂഴമാണ്. മൂസ്ലീം യൂത്ത് ലീ​ഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്ലിയ കടുത്ത മത്സരമാണ് ഉയർത്തുന്നത്. എം. മോഹനൻ മാസ്റ്ററാണ് എൻഡിഎ സ്ഥാനാർഥി.

വോട്ട് ചെയ്യൂ, ഒരു രൂപയ്ക്ക് പുട്ടടിക്കൂ! വോട്ടർമാർക്ക് സപ്ലൈകോയുടെ വമ്പൻ ഓഫർ!
മുമ്പ് കോൺഗ്രസും സോഷ്യലിസ്റ്റ് പാർട്ടികളും വിജയിച്ചിരുന്ന മണ്ഡലമാണ് ബാലുശ്ശേരി. 2011ൽ പട്ടികജാതി സംവരണമായതോടെ എൽഡിഎഫിൻ്റെ പ്രത്യേകിച്ച് സിപിഎമ്മിന്റെ ഉറച്ച കോട്ടയായി മാറി. 2021ൽ കെ.എം. സച്ചിൻ ദേവ് 20,372 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ധർമജൻ ബോൾ​ഗാട്ടിയെ പരാജയപ്പെടുത്തിയത്. ഇത്തവണയും സച്ചിൻ ദേവ് തന്നെയാണ് എൽഡിഎഫ് സ്ഥാനാർഥി. യുഡിഎഫിനുവേണ്ടി വി.ടി. സൂരജ് രംഗത്തുണ്ട്. സി.പി. സതീശനാണ് എൻഡിഎ സ്ഥാനാർഥി.

2011ൽ മണ്ഡലം നിലവിൽ വന്നതുമുതൽ കെ.കെ. ശശീന്ദ്രനാണ് എലത്തൂരിനെ പ്രതിനിധാനം ചെയ്യുന്നത്. 2011, 16,21 വർഷങ്ങളിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ച ശശീന്ദ്രൻ എലത്തൂരിനെ ഇടത് കോട്ടയായി ഉറപ്പിച്ചെടുത്തു. ഇത്തവണ ശശീന്ദ്രനെ മത്സരിപ്പിക്കുന്നതിന് എൻസിപിക്കുള്ളിൽ നിന്നുതന്നെ എതിർപ്പുകൾ ശക്തമായെങ്കിലും അവസാനം നറുക്ക് ശശീന്ദ്രന് ത​ന്നെ വീ​​ഴ​​ുകയായിരുന്നു. വിദ്യ ബാലകൃഷ്ണനാണ് യുഡിഎഫ് സ്ഥാനാർഥി. ടി. ​ദേവദാസ് ആണ് എൻഡിഎക്ക് വേണ്ടി രംഗത്തുള്ളത്.

1957 മുതൽ കാലിക്കറ്റ്-I ആയിരുന്ന, 2008ലെ മണ്ഡല പുനർനിർണ്ണയത്തിന് ശേഷം കോഴിക്കോട് നോർത്ത് ആയ മണ്ഡലം സിപിഎമ്മിൻ്റെ ഉറച്ച ​കോട്ടയാണ്. 2011ലും 16ലും എ. പ്രദീപ് കുമാർ മികച്ച ഭൂരിപക്ഷത്തിൽ ജയിച്ച ഇവിടം 2021ൽ തോട്ടത്തിൽ രവീന്ദ്രൻ നിലനിർത്തി. മുൻ മേയറായ തോട്ടത്തിൽ രവീന്ദ്രൻ തന്നെയാണ് ഇത്തവണയും മത്സരിക്കുന്നത്. കെപിസിസി ജനറൽ സെക്രട്ടറി കെ. ജയന്തിനെയാണ് യുഡിഎഫ് രംഗത്തിറക്കിയത്. മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റും കോർപ്പറേഷൻ കൗൺസിലറുമായ നവ്യാ ഹരിദാസാണ് എൻഡിഎ സ്ഥാനാർഥി.

രണ്ട് മുന്നണികളെയും മാറി മാറി പിന്തുണച്ച കോഴിക്കോട് സൗത്ത് കഴിഞ്ഞ തവണ ഇടതുപക്ഷത്തേക്ക് വഴിമാറി. ഇന്ത്യൻ നാഷണൽ ലീഗ് സ്ഥാനാർഥി അഹമ്മദ് ദേവർകോവിൽ 12,459 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മുസ്ലീം ലീ​ഗ് സ്ഥാനാർഥി നൂർ‌ബീന റഷീദിനെ പരാജയപ്പെടുത്തിയത്. ഇത്തവണയും അഹമ്മദ് ദേവർകോവിൽ തന്നെയാണ് എൽഡിഎഫിനുവേണ്ടി മത്സരത്തിനിറങ്ങുന്നത്. മ​ുസ്ലീം ലീ​ഗിലെ ഫൈസൽ ബാബു യുഡിഎഫ് സ്ഥാനാർഥിയും ടി. രനീഷ് ആണ് എൻഡിഎ സ്ഥാനാർഥിയുമാണ്.

സിപിഎമ്മിന് വലിയ മേൽക്കോയ്മയുള്ള ബേപ്പൂരിൽ ഇത്തവണ കടുത്ത മത്സരമാണ്. മന്ത്രി കൂടിയായ പി.എ. മുഹമ്മദ് റിയാസ് 2021ൽ 28,747 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലമാണിത്. ഇത്തവണയും മുഹമ്മദ് റിയാസ് രംഗത്തുണ്ടെങ്കിലും യുഡിഎഫ് ഇറക്കിയിരിക്കുന്നത് പി.വി. അൻവറിനെയാണ്. കെ.പി. പ്രകാശ് ബാബുവാണ് എൻഡിഎ സ്ഥാനാർഥി.

കുന്ദമംഗലത്ത് 2011 മുതൽ തുടർച്ചയായി വിജയിക്കുന്ന അഡ്വ. പി.ടി.എ റഹീം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 10,276 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ദിനേഷ് പെരുമണ്ണയെ പരാജയപ്പെടുത്തിയത്. ഇത്തവണയും പി.ടി.എ റഹീം തന്നെയാണ് എൽഡിഎഫ് സ്ഥാനാർഥി. മുസ്ലീം ലീ​ഗിൻ്റെ എം.എ. റസാഖ് മാസ്റ്ററാണ് യുഡിഎഫ് സ്ഥാനാർഥി. എൻഡിഎക്ക് വേണ്ടി വി.കെ. സജീവനും രംഗത്തുണ്ട്.

1970കളിലും 80കളിലും അടക്കി ഭരിച്ചിരുന്ന ലീഗിന്റെ അടിത്തറ ഇളക്കി 2006ലും 16ലും സ്വതന്ത്ര സ്ഥാനാർഥികൾ ജയിച്ച ചരിത്രമുണ്ട് കൊടുവള്ളിക്ക്. എന്നാൽ, 2021ൽ ലീഗ് മണ്ഡലം തിരിച്ചു പിടിച്ചു. എം.കെ. മുനീർ 6,344 വോട്ടുകൾക്കാണ് കാരാട്ട് റസാഖിനെ പരാജയപ്പെടുത്തിയത്. ഇത്തവണ മുസ്ലീം യൂത്ത് ലീ​ഗ് നേതാവ് പി.കെ. ഫിറോസാണ് യുഡിഎഫ് സ്ഥാനാർഥി. എൽഡിഎഫ് സലീം മടവൂരിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്നത് ബിഡിജെഎസ് നേതാവ് ​ഗിരി പാമ്പനാൽ ആണ്.

തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കത്തിലും മുസ്ലീം ലീഗും സിപിഎമ്മും മാറിമാറി വിജയിച്ച തിരുവമ്പാടി 2006 മുതൽ എൽഡിഎഫിനൊപ്പമാണ്. 2021ൽ സിപിഎമ്മിലെ ലിൻ്റോ ജോസഫ് 4,643 വോട്ടകളുടെ ഭൂരിപക്ഷത്തിനാണ് മുസ്ലീം ലീ​ഗ് നേതാവ് സി.പി. ചെറിയ മുഹമ്മദിനെ തോൽപ്പിച്ചത്. ഇത്തവണയും ലിൻ്റോ ജോസഫ് തന്നെയാണ് എൽഡിഎഫ് സ്ഥാനാർഥി. മുസ്ലീം ലീ​ഗിലെ സി.കെ. കാസിം യുഡിഎഫ് സ്ഥാനാർഥിയും സണ്ണി തോമസ് എൻഡിഎ സ്ഥാനാർഥിയുമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+