തിരഞ്ഞെടുപ്പിൽ മാനന്തവാടിയും ബാലുശ്ശേരിയും ആവശ്യപ്പെട്ട് സികെ ജാനു; യുഡിഎഫ് വഴങ്ങുമോ? സാധ്യത ഇങ്ങനെ
കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള സീറ്റ് വിഭജന ചർച്ചകളും മറ്റും സജീവമായി തന്നെ നടക്കുകയാണ്. യുഡിഎഫ് തികഞ്ഞ പ്രതീക്ഷയോടെയാണ് മുന്നോട്ട് പോവുന്നത്. പ്രത്യേകിച്ച് തദ്ദേശ തിരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയം അവർക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. മുന്നണി വിപുലീകരണത്തിനുള്ള സാധ്യമായ വഴികളെല്ലാം തന്നെ അവർ നോക്കുന്നുമുണ്ട്. മാത്രമല്ല പുതുതായി മുന്നണിയിൽ എത്തിയവരെ എങ്ങനെയാവും യുഡിഎഫ് പരിഗണിക്കുക എന്ന ചോദ്യവും ഉയരുന്നുണ്ട്.
അത്തരത്തിൽ ഏറെ പേരും പ്രതീക്ഷയോടെ നോക്കുന്നത് സികെ ജാനുവിനെയും അവർ നേതൃത്വം നൽകുന്ന ജനാധിപത്യ രാഷ്ട്രീയ സഭ എന്ന പാർട്ടിയെയും എങ്ങനെ യുഡിഎഫ് പരിഗണിക്കുമെന്നാണ്. വരുന്ന തിരഞ്ഞെടുപ്പിൽ ഏത് വിധേനയും ജയം പിടിച്ചെടുത്ത് എൽഡിഎഫ് സർക്കാരിനെ താഴെയിറക്കാൻ കച്ചകെട്ടി നടക്കുന്ന യുഡിഎഫിനെ സംബന്ധിച്ച് തങ്ങൾക്കൊപ്പം ചേരുന്ന ഏതൊരു ചെറുകക്ഷികൾക്കും പ്രാധാന്യം നൽകേണ്ടി വരും.

ഇപ്പോഴിതാ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് സികെ ജാനു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് ജാനു ഇക്കാര്യം വെളിപ്പെടുത്തിയത്. വയനാട് ജില്ലയിലെ മാനന്തവാടി സീറ്റും ഒപ്പം കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി സീറ്റും ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് സികെ ജാനു പറയുന്നത്. മുന്നണിക്കുള്ളിൽ തന്നെ ആവശ്യം അവർ ഉന്നയിച്ചതായാണ് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഇതിനോട് മുന്നണി നേതാക്കൾ അനുകൂലമായാണ് പ്രതികരിച്ചതെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
പാർട്ടിയുടെ അഭിപ്രായം യുഡിഎഫിനെ അറിയിച്ചിട്ടുണ്ടെന്നും ചർച്ചകൾക്ക് ശേഷം നല്ല തീരുമാനം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും സികെ ജാനു അറിയിച്ചു. ഗോത്ര മഹാസഭയും ജെആർപിയും ഒരുമിച്ചാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഉള്ളതെന്നും സികെ ജാനു വ്യക്തമാക്കി. വയനാട്ടിൽ കാര്യമായ സ്വാധീനമുള്ള നേതാവാണ് സികെ ജാനു, അവർ നേതൃത്വം നൽകുന്ന പാർട്ടിയായ ജെആർഎസും അതുപോലെ തന്നെയാണ്.
മാത്രമല്ല ഗോത്ര മഹാസഭയും കൂടി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സഹകരിക്കുന്ന സാഹചര്യത്തിൽ ജയിക്കാൻ സാധിക്കുമെന്നാണ് സികെ ജാനുവിന്റെ വിലയിരുത്തൽ. നിലവിലെ സാഹചര്യത്തിൽ ഈ മണ്ഡലങ്ങൾ അവർക്ക് നൽകുന്നതിനോട് എതിർപ്പ് ഉണ്ടാവാൻ ഇടയില്ല. മാനന്തവാടിയിൽ നിലവിലെ മന്ത്രി കൂടിയായ ഒആർ കേളുവിനെ വീഴ്ത്താൻ കഴിഞ്ഞ രണ്ട് തവണയും മത്സരിച്ച മുൻ മന്ത്രി പികെ ജയലക്ഷ്‌മിക്ക് സാധിച്ചിരുന്നില്ല.
2016ൽ ചെറിയ ഭൂരിപക്ഷത്തിനാണ് ഒആർ കേളു ജയിച്ചതെങ്കിൽ കഴിഞ്ഞ തവണ ഭൂരിപക്ഷം ഭേദപ്പെട്ട നിലയിലേക്ക് ഉയർത്താൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സികെ ജാനുവിനെ പോലെ ഒരു നേതാവിനെ ഇറക്കിയാൽ ഗുണം ചെയ്യുമെന്ന് യുഡിഎഫ് കരുതുന്നത്. അതുകൊണ്ട് തന്നെ ഇക്കുറി അവിടെ ജാനുവിനായിരിക്കും ഊഴമെന്ന് ഏറക്കുറെ ഉറപ്പായി കഴിഞ്ഞു.
മറുവശത്ത് ബാലുശ്ശേരിയിൽ കഴിഞ്ഞ തവണ സിനിമാ താരം ധർമ്മജൻ ബോൾഗാട്ടിയെ കളത്തിൽ ഇറക്കി സച്ചിൻദേവിനെ പിടിക്കാൻ ശ്രമിച്ചെങ്കിലും അവിടെ തോൽക്കാനായിരുന്നു കോൺഗ്രസിന്റെ വിധി. അതുകൊണ്ട് തന്നെ ഇക്കുറി അത് സികെ ജാനു നേതൃത്വം നൽകുന്ന പാർട്ടിക്ക് വിട്ടു നൽകുന്നതിൽ എതിർപ്പുയരാൻ സാധ്യത കുറവാണ്. ഇനി മുന്നണി യോഗങ്ങൾ ചേരുന്നതിന് അനുസരിച്ച് സീറ്റുകൾ നൽകുന്നതിൽ അധികം വൈകാതെ അന്തിമ തീരുമാനം ഉണ്ടായേക്കും.












Click it and Unblock the Notifications