Kerala Assembly Election 2026: പാലായിൽ അങ്കത്തിനൊരുങ്ങി ഷോൺ ജോർജ്; പിസി വന്നാൽ മാറി നിൽക്കുമോ? മറുപടി
കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ സജീവമായി നടക്കുകയാണ്. മൂന്ന് മുന്നണികളിലും ഒരുപോലെ സ്ഥാനാർത്ഥികളെ കുറിച്ചുള്ള പ്രാഥമിക രൂപം ഉടലെടുക്കുകയാണ്. ഇക്കാര്യത്തിൽ സിപിഎം നേതൃത്വം നൽകുന്ന എൽഡിഎഫും കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫും ഒരുപടി മുന്നിലാണെന്ന് തന്നെ പറയാം. എങ്കിലും എൻഡിഎ ഏറെ പിന്നിലാണെന്ന് കരുതേണ്ടതില്ല.
അത്തരത്തിൽ ചില പേരുകൾ എല്ലാ മുന്നണികളിൽ നിന്ന് കേൾക്കുന്നുണ്ട്. അതിൽ ചില പേരുകൾ പരിഗണനയിലുമാണ്. എങ്കിലും തിരഞ്ഞെടുപ്പ് തീയതിയോ മറ്റ് വിശദാംശങ്ങളോ പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ അതീവ രഹസ്യമായാണ് നീക്കങ്ങൾ മുന്നണികൾ നടത്തുന്നത്. കാരണം നേരത്തെ വിശദാംശങ്ങൾ ചോരുമ്പോൾ അത് പല തിരിച്ചടികളിലേക്കും നയിക്കുമെന്നാണ് കരുതുന്നത്.

മാത്രമല്ല ഇത് കണക്കിലെടുത്ത് മറ്റ് പാർട്ടികൾക്കോ,മുന്നണികൾക്കോ സ്ഥാനാർത്ഥികളെ അവതരിപ്പിക്കാനും കഴിയും. എന്നാൽ കോട്ടയത്ത് കൃത്യമായി സ്വാധീനം ഉണ്ടാക്കാനുള്ള എൻഡിഎയുടെ ശ്രമങ്ങൾക്ക് ആക്കം കൂട്ടുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇവിടെ പാർട്ടിയിലെ കൊമ്പൻ പിസി ജോർജിന്റെ കുടുംബത്തിൽ നിന്ന് തന്നെ ഒരാളെ മത്സരത്തിന് ഇറക്കും.
ഇക്കാര്യത്തിൽ ഇപ്പോൾ പിസിയുടെ മകനായ ഷോൺ ജോർജ് തന്നെ സ്ഥിരീകരണം നടത്തിയിരിക്കുകയാണ്. ഏതെങ്കിലും സീറ്റിൽ ആയിരിക്കില്ല, മറിച്ച് പാലാ സീറ്റിൽ ആയിരിക്കും ഷോൺ മത്സരിക്കുകയെന്നാണ് വിവരം. പിസി ജോർജ് അല്ലെങ്കിൽ ഷോൺ ജോർജ് എന്ന തീരുമാനത്തിലാണ് ബിജെപി നേതൃത്വം.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ഷോൺ ജോർജ് ഇറങ്ങുമെന്നാണ് കരുതുന്നത്. പാലായുടെ ചുമതല ആണ് പാർട്ടി ഏൽപ്പിച്ചിരിക്കുന്നത് എന്ന് ഷോൺ ജോർജ് പറയുന്നു. പാലാ സ്വന്തം നാടാണെന്നും പാലായിൽ വലിയ പ്രതീക്ഷ ഉണ്ടെന്നും ഷോൺ ജോർജ് പറയുന്നു. ഇതോടെ ഷോൺ പാലായിൽ മത്സരത്തിന് ഇറങ്ങുമെന്നാണ് കരുതുന്നത്.
വികസനത്തിന്റെയും വിശ്വാസത്തിന്റെയും രാഷ്ട്രീയം പറഞ്ഞു തിരഞ്ഞെടുപ്പിനെ നേരിടുമെന്നും ഷോൺ വ്യക്തമാക്കിയിട്ടുണ്ട്. പിസി ജോർജ് മത്സരിക്കുമോ എന്നതിനെ കുറിച്ചും ഷോൺ മനസ് തുറന്നിട്ടുണ്ട്. .രണ്ട് പേരും ഒന്നിച്ചു മത്സരിക്കുന്നത് പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടാക്കും എന്നാണ് ഷോൺ പറയുന്നത്. പിസി ജോർജിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചാൽ താൻ മാറിനിൽക്കാൻ തയ്യാറാണെന്നും ഷോൺ പറയുന്നു.
ജയ സാധ്യത പിസി ജോർജിനാണെങ്കിൽ അദ്ദേഹം മത്സരിക്കും. ആരെങ്കിലും ഒരാൾ സ്ഥാനാർഥി അയാൽ മതി എന്ന് പാർട്ടി നേതൃത്വത്തെ അറിയിക്കുമെന്നും ഷോൺ വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടി അതാത് സമയത്ത് ഉചിതമായ തീരുമാനം എടുക്കും. പാർട്ടി പറഞ്ഞാൽ മത്സരിക്കും. പ്രിയങ്കരമായ നാടാണ് പാലാ. വലിയൊരു ഷിഫ്റ്റ് പാലായിൽ പ്രതീക്ഷിക്കുന്നുവെന്നാണ് ഷോൺ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
അതേസമയം, പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നാണ് പിസി ജോർജ് അടുത്തിടെ പറഞ്ഞത്. എന്നാൽ പൂഞ്ഞാർ ആണ് താൽപര്യമുള്ള സീറ്റെന്നുമാണ് പിസി ജോർജ് പറഞ്ഞത്. മകൻ ഷോൺ ജോർജ് പാലായിൽ മത്സരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും പിസി പറഞ്ഞിരുന്നു. പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഷോൺ ജോർജ് ജയിക്കുമെന്നായിരുന്നു അന്ന് പിസി മാധ്യമങ്ങളോട് പറഞ്ഞത്.












Click it and Unblock the Notifications