കേരളത്തിൽ തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി; ഏപ്രിൽ 9ന് വോട്ടെടുപ്പ്, ഫലം മെയ് 4ന്, ശേഷിക്കുന്നത് ഒരു മാസത്തിൽ താഴെ
ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള അഞ്ചിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. കേരളത്തിൽ ഒറ്റ ഘട്ടമായി ഏപ്രിൽ 9നാണ് തിരഞ്ഞെടുപ്പ് നടക്കുക. മെയ് നാലിന് ഫലം പ്രഖ്യാപിക്കും. കേരളം, അസം, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികളാണ് ഇന്ന് പ്രഖ്യാപിച്ചത്.
അതേസമയം, സുതാര്യവും സമാധാന പരവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുമെന്ന് വാർത്താ സമ്മേളനത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അറിയിച്ചു. സംസ്ഥാനങ്ങളിലെ ഒരുക്കങ്ങൾ വിലയിരുത്തിയെന്നും ചീഫ് സെക്രട്ടറിമാർ, ഡിജിപിമാർ, തിരഞ്ഞെടുപ്പ് ഓഫീസർമാർ എന്നിവരെ നേരിട്ട് കണ്ടെന്നും ഗ്യാനേഷ് കുമാർ പറഞ്ഞു. കേരളത്തിൽ 2.7 കോടി വോട്ടർമാർ ഉണ്ടെന്നും അദ്ദേഹം അറിയിച്ചു.

കേരളത്തിൽ 100 വയസിന് മുകളിൽ 1571 വോട്ടർമാരുണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത്. 30,471 പോളിംഗ് സ്‌റ്റേഷനുകൾ ആയിരിക്കും കേരളത്തിൽ ഒരുക്കുക. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ 4.24 ലക്ഷം പുതിയ വോട്ടർമാർ കേരളത്തിൽ ഉണ്ടാവും. എസ്‌ഐആർ ഉൾപ്പെടെയുള്ള പരിഷ്‌കരണത്തിന് ശേഷമുള്ള കണക്കാക്കാണിത്.
നേരത്തെ ഏപ്രിൽ മൂന്നാം വാരത്തിൽ വിഷുവിന് ശേഷമായിരിക്കും വോട്ടെടുപ്പ് നടക്കുക എന്നാണ് കരുതിയിരുന്നത്. എന്നാൽ ഈസ്‌റ്റർ കഴിഞ്ഞയുടൻ വിഷുവിന് മുൻപ് തന്നെ വോട്ടെടുപ്പ് തീരും. എന്നാൽ ഫലം വരാൻ മൂന്നാഴ്‌ചയിൽ അധികം മലയാളി വോട്ടർമാർ ഒന്നടങ്കം കാത്തിരിക്കേണ്ടി വരുമെന്നതാണ് മറ്റൊരു പ്രധാന കാര്യം.
അതേസമയം, ഭരണഘടനയുടെ ആർട്ടിക്കിൾ 324 പ്രകാരമോ 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 20 ബി പ്രകാരമോ അടുത്ത മാസം തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശത്തും തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര നിരീക്ഷകരെ നിയമിച്ചിട്ടുണ്ട്. ഈ ഉദ്യോഗസ്ഥർ ഫീൽഡ് ലെവൽ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും സുരക്ഷാ സേനയുടെ വിന്യാസം നിരീക്ഷിക്കുകയും പോളിംഗ് കാര്യക്ഷമമായും നീതിയുക്തമായും നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും.
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളത്തിൽ ഇടതുപക്ഷവും കോൺഗ്രസും തമ്മിൽ കടുത്ത പോരാട്ടമാണ്. ഓരോ തിരഞ്ഞെടുപ്പിലും ഭരണമാറ്റമെന്ന പതിവ് തെറ്റിച്ച്, സിപിഎം പിണറായി വിജയന്റെ നേതൃത്വത്തിൽ തുടർച്ചയായി രണ്ട് തവണ അധികാരത്തിലെത്തി. മൂന്നാം തവണയും അദ്ദേഹത്തിന്റെ ലക്ഷ്യം ഭരണത്തുടർച്ചയാണ്. കഴിഞ്ഞ ലോക്‌സഭാ, തദ്ദേശ ഫലങ്ങൾ കോൺഗ്രസിന് ആത്മവിശ്വാസം നൽകുന്നുണ്ടെങ്കിലും, സിപിഎം അതിന് വലിയ പ്രാധാന്യം കൊടുക്കുന്നില്ല.
സംസ്ഥാനത്ത് വിവിധ പാർട്ടികളുടെ സ്ഥാനാർത്ഥി പട്ടികകൾ അന്തിമ ഘട്ടത്തിലാണ്, ചിലത് പ്രഖ്യാപനം കാത്തിരിക്കുകയുമാണ്. സിപിഎമ്മും കോൺഗ്രസും സിപിഐയും ഇന്ന് തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചേക്കുമെന്നാണ്. ബിജെപി നാളെയോ മറ്റന്നാളോ ആയിരിക്കും സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കുക എന്നും സൂചനയുണ്ട്.












Click it and Unblock the Notifications