Kerala Election Results: കേരളം ആര് ഭരിക്കും? വോട്ടെണ്ണൽ രാവിലെ 8 മണിയോടെ, ആദ്യ ഫലസൂചനകൾ 9 ഓടെ
സംസ്ഥാനം ഇനി അഞ്ച് കൊല്ലം ആര് ഭരിക്കുമെന്ന് അറിയാൻ ഇനി വെറും മണിക്കൂറുകൾ മാത്രം. രാവിലെ എട്ട് മണിയോടെ വോട്ടെണ്ണൽ തുടങ്ങും. 9 മണിയോടെ ആദ്യ ഫലസൂചനകൾ പുറത്തുവരും.സംസ്ഥാനത്ത് 43 സ്ഥാലങ്ങളിലായി 140 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ഉള്ളത്. ആദ്യം തപാൽ വോട്ടുകളാണ് എണ്ണിത്തുടങ്ങുക. 8.30 ഓടെയാണ് ഇവിഎമ്മിലെ വോട്ടുകൾ എണ്ണിത്തുടങ്ങുക. 12 മുതൽ 14 വരെ ബൂത്തുകൾ അടങ്ങുന്ന റൗണ്ടുകളായാണു വോട്ടെണ്ണൽ.പരമാവധി 20 റൗണ്ടുകളാണ് ഉണ്ടാവുക.
ഇത്തവണ സംസ്ഥാനത്ത് അതിശക്തമായ പോരാട്ടമാണ് നടന്നത്. ഭരണത്തുടർച്ച നേടുമെന്നാണ് എൽ ഡി എഫ് ആവർത്തിക്കുന്നത്. തിരിച്ചുവരവ് സാധ്യമാകുമെന്നതാണ് യു ഡി എഫ് പ്രതീക്ഷ. ഇക്കുറി രണ്ട് എം എൽ മാരെയെങ്കിലും സംസ്ഥാനത്ത് ലഭിക്കുമെന്ന പ്രതീക്ഷ ബി ജെ പിയും പങ്കുവെയ്ക്കുന്നു. എക്സിറ്റ് പോൾ ഫലങ്ങളെല്ലാം തന്നെ എൽ ഡി എഫ് കനത്ത തിരിച്ചടി നേരിടുമെന്നും യു ഡി എഫ് 10 വർഷത്തിന് ശേഷം വീണ്ടും ഭരണത്തിൽ തിരിച്ചെത്തുമെന്നുമാണ് പ്രവചിച്ചത്.

പൊളിറ്റിക്കൽ ലാബ് 90-92 സീറ്റുകൾ പ്രവചിക്കുമ്പോൾ ആക്സിസ് മൈ ഇന്ത്യ 78-90 സീറ്റുകളും, പീപ്പിൾ ഇൻസൈറ്റ് 66-76 സീറ്റുകളുമാണ് സാധ്യത കൽപ്പിക്കുന്നത്. സിഎൻഎൻ വോട്ട് വൈബ് 70-80 , ചാണക്യ സ്ട്രാറ്റജീസ് 72-80 ,പീപ്പിൾസ് പൾസ് 75-85 , ടൈംസ് നൗ-ജെ വി സി 72-84, മാട്രൈസ് 70-75 , ജേർണോ മിറർ 65-80 , പിഎംഎആർക്യു 71-79 എന്നിങ്ങനെയാണ് യു ഡി എഫിന് അനുകൂലമായ പ്രവചനങ്ങൾ. 100 സീറ്റുകൾ വരെ നേടുമെന്നും സംസ്ഥാനത്തൊരു തരംഗം ഉണ്ടാകുമെന്നുമാണ് യു ഡി എഫ് നേതൃത്വം വിശ്വസിക്കുന്നത്. എക്സിറ്റ് പോളുകളുടെ ആത്മവിശ്വാസത്തിൽ ഇതിനോടകം തന്നെ വിജയാഘോഷത്തിനുള്ള ഒരുക്കങ്ങൾ യു ഡി എഫ് ക്യാമ്പിൽ ഒരുങ്ങിക്കഴിഞ്ഞു.
എൽഡിഎഫിനെ സംബന്ധിച്ച് കനത്ത നിരാശ നൽകുന്നതാണ് എക്സിറ്റ് പോൾ പ്രവചനങ്ങൾ. മുന്നണിക്ക് പൊളിറ്റിക്കൽ ലാബ് 45-46 സീറ്റുകൾ നൽകുമ്പോൾ ആക്സിസ് മൈ ഇന്ത്യ 49-62 സീറ്റുകളും, പീപ്പിൾ ഇൻസൈറ്റ് 58-68 സീറ്റുകളുമാണ് പ്രവചിക്കുന്നത്. സിഎൻഎൻ വോട്ട് വൈബ് 58-68 , ചാണക്യ സ്ട്രാറ്റജീസ് 58-64 , പീപ്പിൾസ് പൾസ് 55-65 , നൗ-ജെവിസി 52-61 , മാട്രൈസ് 60-65 , ജേർണോ മിറർ 55-65 , പിഎംഎആർക്യു 62-69 എന്നിങ്ങനെയാണ് പ്രവചനങ്ങൾ. എന്നാൽ എക്സിറ്റ് പോളുകളെയെല്ലാം ഇടതുപക്ഷം തള്ളുന്നു. 70 സീറ്റുകളിൽ കുറയില്ലെന്ന ആത്മവിശ്വാസമാണ് അവർ പങ്കുവെയ്ക്കുന്നത്.
ബിജെപിയും സംസ്ഥാനത്ത് ഉയർന്ന പ്രതീക്ഷയിലാണ്. ചില എക്സിറ്റ് പോളുകൾ 14 സീറ്റുകൾ വരെ ബിജെപി നേടിയേക്കാമെന്ന പ്രവചനങ്ങൾ നടത്തിയിട്ടുണ്ട്. വോട്ടെടുപ്പ് കഴിഞ്ഞ പിന്നാലെ രണ്ട് സീറ്റുകളിൽ വിജയം ഉറപ്പെന്നതായിരുന്നു പാർട്ടിയുടെ വിലയിരുത്തൽ. എന്നാൽ പുറത്തുവന്ന സർവേകൾ ആ കണക്കുകൾക്കപ്പുറമുള്ള സാധ്യതകളാണ് തുറക്കുന്നത്. തൂക്കുസഭ സാധ്യതയും ചില സർവേകൾ മുന്നോട്ടുവെക്കുന്നതോടെ ലഭിക്കുന്ന ഓരോ സീറ്റും ഭരണ രൂപീകരണത്തിൽ നിർണ്ണായകമാകാമെന്ന പ്രതീക്ഷയും വർധിച്ചിട്ടുണ്ട്. വോട്ടുശതമാനം കുത്തനെ ഉയരുമെന്നും ബി ജെ പി കരുതുന്നുണ്ട്.












Click it and Unblock the Notifications