കൽപ്പറ്റയിൽ നിന്ന് സിദ്ദിഖ് ഔട്ട്? മണ്ഡലം ആവശ്യപ്പെടാൻ ഒരുങ്ങി ലീഗ്, മാനന്തവാടിയിൽ സികെ ജാനുവിന് സാധ്യത
കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിലെ പ്രധാന മണ്ഡലങ്ങളിൽ ഒന്നായ, കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായ കൽപ്പറ്റ ആവശ്യപ്പെടാൻ മുസ്ലീം ലീഗ് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടി ഉണ്ടാക്കിയ മുന്നേറ്റവും ചരിത്ര വിജയവും ഒക്കെ കണക്കിലെടുത്താണ് കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാനായി ലീഗ് ഒരുങ്ങുന്നത്. അതിന് പിന്നാലെയാണ് കൽപ്പറ്റയിൽ അവർ കണ്ണ് വയ്ക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ എളുപ്പത്തിൽ ലീഗിന് ജയിക്കാൻ കഴിയുന്നത് എന്ന നിലയിലാണ് കൽപ്പറ്റ ആവശ്യപ്പെടാൻ ഒരുങ്ങുന്നത്. പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ഇതുമായി ബന്ധപ്പെട്ട സമ്മർദ്ദം ഉയരുന്നുണ്ട്. ലീഗിന്റെ കൽപ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയാണ് ഇത്തരമൊരു ആവശ്യമായി രംഗത്ത് വന്നിരിക്കുന്നത്. ഇക്കാര്യം ലീഗ് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം. അങ്ങനെയെങ്കിൽ ടി സിദ്ദിഖിന് സീറ്റ് നഷ്‌ടമാവുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

മലബാർ മേഖലയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച വിജയമാണ് ലീഗിലൂടെ യുഡിഎഫ് നേടിയെടുത്തത്. അത് കൊണ്ട് തന്നെ കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടണമെന്നാണ് പാർട്ടിക്കുള്ളിൽ നിന്ന് ഉയരുന്ന പ്രധാന ആവശ്യം. ഇത് ശരിവച്ചു കൊണ്ടാണ് കൽപ്പറ്റയിലെ പ്രാദേശിക നേതൃത്വം സീറ്റ് ഏറ്റെടുക്കണമെന്ന നിർദ്ദേശവുമായി രംഗത്ത് വന്നിരിക്കുന്നത്. നിലവിൽ ഇക്കാര്യത്തിൽ കോൺഗ്രസുമായി ചർച്ച നടന്നിട്ടില്ല.
വയനാടിനെ നടുക്കിയ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിന് ശേഷം പുനരധിവാസ പ്രവർത്തനങ്ങൾ ജില്ലയിൽ സജീവമായി നടക്കുന്നുണ്ട്. സർക്കാർ ടൗൺഷിപ്പിന് പുറമെ നിലവിൽ ലീഗ് നിർമ്മിക്കുന്ന വീടുകളുടെ പണികളും പുരോഗമിക്കുകയാണ്. എന്നാൽ കോൺഗ്രസ് ആവട്ടെ ഇതുവരെ സ്ഥലം രജിസ്‌റ്റർ ചെയ്യുന്നത് അടക്കമുള്ള നടപടികളിൽ മാത്രമേ എത്തിയിട്ടുള്ളൂ. ഈ സാഹചര്യത്തിൽ ലീഗിന് ഇവിടെ മുൻതൂക്കം ഉണ്ടെന്നാണ് അവർ ഉന്നയിക്കുന്ന വാദം.
കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം തന്നെ ഇടത് കേന്ദ്രങ്ങളോട് നേരിട്ട് ഏറ്റുമുട്ടി പുനരാധിവാസ വിഷയത്തിൽ ഭൂമി രജിസ്‌ട്രേഷൻ വരെ എത്തിച്ച ടി സിദ്ദിഖ് ആവട്ടെ ഇവിടെ ഒരുവട്ടം കൂടി ജയിച്ചു കേറാമെന്നുള്ള മോഹത്തിലായിരുന്നു എന്ന് വ്യക്തം. എന്നാൽ ലീഗിന്റെ സമ്മർദ്ദത്തിന് വഴങ്ങി കൽപ്പറ്റ മണ്ഡലം വിട്ടുകൊടുത്താൽ ടി സിദ്ദിഖിന് പകരം ഏത് മണ്ഡലം നൽകുമെന്നതാണ് ഇപ്പോഴത്തെ ചോദ്യം.
അതിനിടെ ജില്ലയിലെ തന്നെ മറ്റൊരു പ്രധാന മണ്ഡലമായ മാനന്തവാടിയുടെ കാര്യത്തിലും ചില വാർത്തകൾ പുറത്ത് വരുന്നുണ്ട്. സികെ ജാനുവിന്റെ സ്ഥാനാർത്ഥിത്വമാണ് ഇവിടെ ചർച്ചയാവുന്നത്. മാനന്തവാടി മണ്ഡലത്തില്‍ മത്സരിക്കാനാണ് ജെആർപിക്ക് താല്‍പ്പര്യമെന്നാണ് ലഭ്യമായ വിവരം. യുഡിഎഫ് നേതൃത്വത്തോട് തന്നെ ഇക്കാര്യം ആവശ്യപ്പെടാൻ ഒരുങ്ങുകയാണ് സികെ ജാനു. അങ്ങനെയെങ്കിൽ അവിടെ ജയം ഉറപ്പിച്ച് സഭയിൽ ഒരു സാന്നിധ്യമാവാം എന്നാണ് ജെആർപിയുടെ പ്രതീക്ഷ.
ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഏകദേശം പതിനായിരത്തിൽ അധികം വോട്ടിന്റെ അധിക ഭൂരിപക്ഷമാണ് മണ്ഡലത്തിൽ യുഡിഎഫിന് ഉള്ളത്. അതുകൊണ്ട് തന്നെ വിജയം ഉറപ്പാണെന്നാണ് യുഡിഎഫ് കേന്ദ്രങ്ങൾ അവകാശപ്പെടുന്നത്. നേരത്തെ എൻഡിഎയുടെ ഭാഗമായപ്പോൾ രണ്ട് നിയമസഭ തിരഞ്ഞെടുപ്പില്‍ സികെ ജാനു ബത്തേരി മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനം മാത്രമാണ് ലഭിച്ചത്.
എന്നാൽ ഇക്കുറി യുഡിഎഫിൽ എത്തിയതോടെ മണ്ഡലം പിടിച്ചെടുക്കാമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്. മന്ത്രിയായ ഒആർ കേളുവാണ് നിലവിൽ ഇവിടെ എംഎൽഎ. അദ്ദേഹത്തിനെതിരെ മത്സരിക്കാൻ സികെ ജാനുവിന് താൽപര്യമുണ്ട് താനും. ഇവിടെ മുൻ മന്ത്രി പികെ ജയലക്ഷ്‌മിയുടെയും ഐസി ബാലകൃഷ്‌ണന്റെയും പേരുകൾ ഉയർന്നുകേൾക്കുന്നുണ്ട്.












Click it and Unblock the Notifications