നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്നു; കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി ചരടുവലി തുടങ്ങി നേതാക്കൾ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ കോൺഗ്രസിന്റെ മുഖ്യമന്ത്രി ആരാവണമെന്ന ചർച്ചകൾ സജീവമായിരിക്കുകയാണ്. മൂന്നാം തവണയും ഇടത് സർക്കാർ വരാതിരിക്കാനുള്ള നടപടികൾക്കാണ് പ്രാധാന്യമെന്നും പാർട്ടിയുടെ വിജയം ഉറപ്പാക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും നേതൃത്വം ആവർത്തിക്കുമ്പോഴും, പ്രമുഖ നേതാക്കൾ മുഖൈമന്ത്രി സ്ഥാനം ഉറപ്പിക്കാനുള്ള ചരടുവലികൾ തുടങ്ങിയിട്ടുണ്ട്.
നിലവിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറി (സംഘടന) കെസി വേണുഗോപാൽ എന്നിവരാണ് ഈ പന്തയത്തിൽ മുന്നിലുള്ളത്. ഒരു പതിറ്റാണ്ട് കാലം എൽഡിഎഫ് ഭരണത്തിന് ശേഷം കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തിയാൽ ഈ മൂവരും മുഖ്യമന്ത്രി പദവിയിലേക്ക് പരിഗണിക്കപ്പെടുമെന്നാണ് കരുതുന്നത്.

ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന കെസി വേണുഗോപാൽ അടുത്തകാലത്തായി സംസ്ഥാനത്ത് കൂടുതൽ സജീവമാണ്. വീടുകയറിയുള്ള പ്രചാരണങ്ങൾ, എൽഡിഎഫ് സർക്കാരിന്റെ കീഴിലെ വിലക്കയറ്റം, ക്ഷേമപ്രശ്‌നങ്ങൾ എന്നിവ ഉയർത്തിക്കാട്ടൽ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ കെസി ശ്രദ്ധ നേടുകയാണ്. പാർട്ടി വൃത്തങ്ങൾ ഇത് പ്രകടനപത്രിക തയ്യാറാക്കുന്നതിനായുള്ള ഇടപെടൽ എന്നാണ് പറയുന്നതെങ്കിലും കോൺഗ്രസ് വിജയിച്ചാൽ തന്റെ സ്ഥാനം ഊട്ടിയുറപ്പിക്കുന്നതിനുള്ള നീക്കങ്ങളായി ഇത് വിലയിരുത്തപ്പെടുന്നു.
പക്ഷേ കെസിക്ക് കാര്യങ്ങൾ അത്ര എളുപ്പമല്ല, എന്തെന്നാൽ പ്രതിപക്ഷ നേതാവായ വിഡി സതീശനെ യുഡിഎഫ് ഭൂരിപക്ഷം നേടിയാൽ മുഖ്യമന്ത്രി പദവിയിലേക്ക് ഒരു സ്വാഭാവിക അവകാശിയായിട്ടാണ് പലരും കാണുന്നത്. പറവൂരിൽ നിന്ന് അഞ്ച് തവണ എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയാണ് രമേശ് ചെന്നിത്തലയ്ക്ക് പകരം പ്രതിപക്ഷ നേതാവായി ചുമതലയേറ്റത്.
സാമൂഹികവും പാരിസ്ഥിതികവുമായ വിഷയങ്ങളിൽ സ്വീകരിച്ച ഉറച്ച നിലപാടുകളിലൂടെയും നിയമസഭയിലെ ശക്തമായ ഇടപെടലുകളിലൂടെയും സതീശൻ വലിയ പൊതുജന ശ്രദ്ധ നേടിയിട്ടുണ്ട്. മാത്രമല്ല തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്, നിയമസഭാ ഉപതിരഞ്ഞെടുപ്പുകൾ, 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് എന്നിവയിലെല്ലാം അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേട്ടങ്ങളുണ്ടാക്കിയത് സതീശനെ മുൻനിരയിൽ എത്തിക്കുന്നു.
തലമുറ മാറ്റത്തിനായി വാദിക്കുന്ന നിരവധി യുവനേതാക്കളുടെ പിന്തുണയും കൂടി വിഡി സതീശനുണ്ട്. കോൺഗ്രസിനെ വിജയത്തിലേക്ക് നയിക്കാൻ തനിക്ക് കഴിയുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിക്കുന്നു. എന്നാൽ അദ്ദേഹത്തിന് മന്ത്രിയെന്ന നിലയിൽ അനുഭവ പരിചയമില്ലെന്ന കാര്യം എതിരാളികൾ ഒരു ബലഹീനതയായി ഉയർത്തിക്കാട്ടുന്നുണ്ട്.
തിരഞ്ഞെടുപ്പ് അടുത്തതോടെ പതിറ്റാണ്ടുകളുടെ ഭരണപരവും സംഘടനാപരവുമായ അനുഭവസമ്പത്തുള്ള മുതിർന്ന നേതാവായ രമേശ് ചെന്നിത്തലയും ഇപ്പോൾ വീണ്ടും ശ്രദ്ധാകേന്ദ്രമായി മാറിയിട്ടുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രചാരണ സമിതിയുടെ അധ്യക്ഷനായി അദ്ദേഹത്തെ നിയമിച്ചതോടെയാണ് വീണ്ടും ചെന്നിത്തല വീണ്ടും ശ്രദ്ധ നേടി.
ഉമ്മൻ ചാണ്ടി സർക്കാരിൽ ആഭ്യന്തര മന്ത്രിയും 1986ൽ കെ കരുണാകരന്റെ മന്ത്രിസഭയിൽ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയും ആയിരുന്നു ചെന്നിത്തല. പലതവണ എംപി, എംഎൽഎ എന്നീ നിലകളിലും എ.ഐ.സി.സി ഉന്നത പദവികളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കേന്ദ്ര നേതൃത്വവുമായുള്ള അദ്ദേഹത്തിന്റെ അടുപ്പവും നീണ്ട രാഷ്ട്രീയ ജീവിതവും അനുഭവ സമ്പത്തും ചെന്നിത്തലയ്ക്ക് നേരിയ മേൽക്കൈ നൽകുന്നുണ്ട്.
അതിനിടെ ഇത്തരം പ്രചാരണങ്ങൾ കൂടിയതോടെ നേതൃത്വം, മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുക തിരഞ്ഞെടുപ്പിന് ശേഷം തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരാണെന്നും അതിന് കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരം ആവശ്യമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. എൽഡിഎഫ് സർക്കാരിനെ താഴെയിറക്കുന്നതിനാണ് ഇപ്പോൾ പ്രാധാന്യമെന്നും കേന്ദ്ര നേതൃത്വം പറയുന്നു.
ഇത് കോൺഗ്രസിലെ ചില പ്രതിസന്ധികളെ വരച്ചുകാട്ടുന്നതാണ്. മിക്ക പാർട്ടികൾക്കും സ്ഥാനാർത്ഥി നിർണയമാണ് വലിയ വെല്ലുവിളി നിറഞ്ഞ കാര്യമെങ്കിൽ കോൺഗ്രസിന് അത് മാത്രമല്ല നേതാക്കളുടെ താൽപര്യങ്ങളും സ്ഥാനമോഹവും എന്നുമൊരു വെല്ലുവിളിയാണ്. വരും ദിവസങ്ങളിൽ ഇതിന്റെ കൂടുതൽ തീവ്രതയേറിയ പതിപ്പുകൾ ആയിരിക്കും ഇറങ്ങുക എന്ന ആശങ്ക സാധാരണ കോൺഗ്രസ് പ്രവർത്തകർക്ക് ഇപ്പോഴുണ്ട്.












Click it and Unblock the Notifications