പഴംപൊരി നിസാരക്കാരനല്ല, ചായക്കടയിൽ നിന്ന് ബേക്കറിയിൽ എത്തിയാൽ ആള് മാറും; നൂലാമാലയായി ജിഎസ്‌ടി
തിരുവനന്തപുരം: കേരളത്തിലെ പ്രധാന പലഹാരങ്ങൾക്ക് അധിക നികുതി ചുമത്തിയ തീരുമാനം പിൻവലിക്കണം എന്ന ആവശ്യം ശക്തമാക്കി ബേക്കറി ഉടമകൾ. കേരളീയർ വൈകുന്നേരങ്ങളിൽ ഏറ്റവുമധികം കഴിക്കുന്ന എണ്ണക്കടികൾക്കാണ് പ്രധാനമായും ജിഎസ്‌ടി വലിയ വെല്ലുവിളിയായി നിലനിൽക്കുന്നത്. ചായക്കടകളിലെയും ബേക്കറികളെയും വിലയിലെ അന്തരവാണ് ഉടമകൾ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.
ചായക്കടകളിലും ഹോട്ടലുകളിലും കേരളത്തിന്റെ തനത് പലഹാരങ്ങള്‍ക്ക് അഞ്ച് ശതമാനം മാത്രം ജിഎസ്‌ടിയാണ് നിലവിൽ ഈടാക്കുന്നത്. എന്നാൽ ബേക്കറികളിൽ എത്തുമ്പോൾ ഇതിൽ ഗണ്യമായ വർധനവ് തന്നെ പ്രകടമാണ്. ബേക്കറികളിലെ ഉയര്‍ന്ന ജിഎസ്‌ടി നിരക്ക് പലപ്പോഴും കച്ചവടത്തിന് വലിയ വെല്ലുവിളിയാവുകയാണ്.

നിലവിലെ സാഹചര്യത്തിൽ ഇത്തരം പലഹാരങ്ങൾക്ക് ആരും ബേക്കറികളെ ആശ്രയിക്കാത്ത സാഹചര്യം വരുമെന്നതാണ് പ്രധാനമായും ഉടമകൾ നേരിടുന്ന വെല്ലുവിളി. ഇത് ചൂണ്ടിക്കാട്ടിയാണ് നികുതിയിൽ ഏകീകരണം ഉണ്ടാവണമെന്ന് അവർ ആവശ്യപ്പെടുന്നത്. പഴം പൊരി മാത്രമല്ല മറ്റ് പ്രധാന നാലുമണി പലഹാരങ്ങളായ കൊഴുക്കട്ട, വട്ടയപ്പം, ചക്കയട എന്നിവയ്ക്കും ജിഎസ്‌ടി വെല്ലുവിളിയാവുന്നുണ്ട്.
ഇത്തരം പലഹാരങ്ങൾ ബേക്കറികളിൽ വിൽക്കുമ്പോൾ 18 ശതമാനം ജിഎസ്‌ടിയാണ് ഈടാക്കുന്നത്. നേരെ മറിച്ച് ഇവ ഹോട്ടലുകളിലും ചായക്കടകളിലും ഇവ വിറ്റാൽ കേവലം അഞ്ച് ശതമാനം നികുതി മാത്രം കൊടുത്താൽ മതി. ഒരേ പലഹാരങ്ങൾക്ക് തന്നെ രണ്ടിടത്ത് രണ്ട് നികുതി രീതി നീതീകരിക്കാൻ കഴിയില്ലെന്നാണ് ബേക്കറി ഉടമകൾ ചൂണ്ടിക്കാണിക്കുന്നത്.
റസ്‌റ്റോറന്റുകൾ, ഹോട്ടലുകൾ എന്നിവയെ സര്‍വീസ് വിഭാഗത്തിൽ ഉള്‍പ്പെടുത്തിയിരിക്കുന്ന കാരണത്താലാണ് ജിഎസ്‌ടിയിലെ ഈ സാരമായ കുറവ്. ബേക്കറികളിൽ വിൽക്കുമ്പോള്‍ ഈ പലഹാരങ്ങള്‍ ഏത് എച്ച്എസ്എൻ കോഡിൽ വരുമെന്ന് നിര്‍വചിക്കാത്തതാണ് 18 ശതമാനം നികുതി ചുമത്തുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
സർക്കാരിന് ഉയര്‍ന്ന നികുതി നൽകേണ്ട സാഹചര്യത്തിൽ ഇത്തരം പലഹാരങ്ങള്‍ക്ക് വില കൂടുകയാണ് ചെയ്യുക. ഇതോടെ ഇവയ്ക്കായി ആളുകൾ ബേക്കറിയെ ആശ്രയിക്കുന്നത് പൂർണമായും ഒഴിവാകും. ഇത് അവരുടെ കച്ചവടത്തെ ബാധിക്കുന്ന വിഷയമാണ്. കുറഞ്ഞ വിലയിൽ ഹോട്ടലുകളിൽ പലഹാരം ലഭ്യമാവുകയും ബേക്കറികൾ തഴയപ്പെടുകയും ചെയ്യുമെന്നാണ് പ്രധാനമായും ഉയരുന്ന ആശങ്ക.
ലഡു ജിലേബി തുടങ്ങിയ മധുര പലഹാരങ്ങള്‍ക്ക് അഞ്ച് ശതമാനം നികുതിയേ ബേക്കറികളിൽ ഏർപ്പെടുത്തിയിട്ടുള്ളൂ. നേരത്തെ വിഷയത്തിൽ ബേക്കറി ഉടമകൾ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനെ അടക്കം കണ്ട് പരാതി അറിയിച്ചിരുന്നു. എന്നാൽ ഇതുവരെയും നടപടി ഉണ്ടായിട്ടില്ല. ഇതോടെ സംസ്ഥാന സർക്കാർ ഇടപെടണമെന്നാണ് അവരുടെ ആവശ്യം.












Click it and Unblock the Notifications