ഇന്ത്യയിലെ ഭീകരരുടെ താവളം കേരളമോ, എന്‍ഐഎ പറയുന്നത് ഇങ്ങനെ
കേരളത്തില്‍ 23 പേര്‍ക്കെതിരേയാണ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളത്. 19 പേര്‍ക്കെതിരേ കൂടി നോട്ടീസ് ഇറക്കാനുള്ള ശ്രമത്തിലാണ് എന്‍ഐഎ
തിരുവനന്തപുരം: ഇന്ത്യയിലെ ഭീകരവാദികളുടെ താവളം കേരളമായി മാറുന്നുവെന്ന് പറഞ്ഞാല്‍ ആരും മൂക്കത്ത് വിരല്‍ വയ്ക്കും. ഞെട്ടണ്ട, എന്‍ഐഎയുടെ വിലയിരുത്തല്‍ അങ്ങനെയാണ്. നമ്മുടെ കൊച്ച് സംസ്ഥാനത്ത് 23 പേര്‍ക്കെതിരേയാണ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളത്. ഇതില്‍ മിക്കതും ഭീകരവാദ കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്കെതിരേയാണ്.
ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎഎ) യുടെ വിശദീകരണം കേട്ടാല്‍ സംഖ്യ ഇതിലൊന്നും നില്‍ക്കില്ല. 2015ലെ കണക്ക് പ്രകാരം കേരളത്തില്‍ നിന്നുള്ള 23 പേര്‍ക്കെതിരേയാണ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളത്. ഇതിന് പുറമെ ഭീകരവാദ കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ള പിപി യൂസുഫ്, കെപി സാബിര്‍ എന്നിവര്‍ക്കെതിരേ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികള്‍ എന്‍ഐഎ നടത്തുന്നുണ്ട്. കേരളത്തിലും മറ്റു ചില സംസ്ഥാനങ്ങളിലും ഭീകരവാദ കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ട സാബിറും യൂസുഫും ഒളിവിലാണ്.

2014 വരെ മഹാരാഷ്ട്രയായിരുന്നു റെഡ്‌കോര്‍ണര്‍ നോട്ടീസ് കൂടുതല്‍ പുറപ്പെടുവിച്ച സംസ്ഥാനം. 24 റെഡ് കോര്‍ണര്‍ നോട്ടീസുകളാണ് അന്ന് മഹാരാഷ്ട്രയില്‍ പുറപ്പെടുവിച്ചിരുന്നത്. എന്നാല്‍ ആ കാലയളവില്‍ 19 പേര്‍ക്കെതിരേ കേരളത്തില്‍ റെഡ്‌കോര്‍ണര്‍ നോട്ടീസുണ്ടായിരുന്നു. ഇതില്‍ 12 നോട്ടീസുകളാവട്ടെ ഭീകരവാദ കേസുകളുമായി ബന്ധപ്പെട്ടതും. 2015 ആയപ്പോള്‍ പിടികിട്ടാ പുള്ളികളായി പ്രഖ്യാപിച്ച്് റെഡ്‌കോര്‍ണര്‍ നോട്ടീസ് ഇറക്കിയത് 23 പേര്‍ക്കെതിരേയായി.

സിബിഐക്ക് കീഴിലുള്ള നാഷനല്‍ സെന്‍ട്രല്‍ ബ്യുറോയാണ് റെഡ്‌കോര്‍ണര്‍ നോട്ടീസിന്റെ രേഖകള്‍ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കുക. അടുത്തിടെ എന്‍ഐഎ ഇവരെ സമീപിച്ച് കേരളത്തില്‍ നിന്നുള്ള 19 പേരുടെ പട്ടിക കൈമാറിയിട്ടുണ്ട്. 19 പേരില്‍ അഞ്ച് സ്ത്രീകളും ഉള്‍പ്പെടും. ഇവര്‍ അഫ്ഗാനിസ്താനിലെത്തി ഐസിസില്‍ ചേര്‍ന്നുവെന്നാണ് ആരോപണം. നോട്ടീസ് പുറപ്പെടുവിക്കാനുള്ള കടലാസുപണികള്‍ അന്തിമഘട്ടത്തിലാണെന്ന് എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു.

അന്വേഷണ സംഘം കൈമാറിയ രേഖകള്‍ നാഷനല്‍ സെന്‍ട്രല്‍ ബ്യറോ, ഇന്റര്‍പോള്‍ സെക്രട്ടേറിയറ്റിന് കൈമാറും. റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചാല്‍ അഫ്ഗാനിസ്താനിലെ അന്വേഷണ ഏജന്‍സികളുടെ സഹായത്തോടെ കേരളത്തില്‍ നിന്നുള്ളവരെ കുറിച്ച് അന്വേഷിക്കാനാവുമെന്നാണ് എന്‍ഐഎയുടെ കണക്കുകൂട്ടല്‍. പാലക്കാട്, കാസര്‍കോഡ് ജില്ലകളിലാണ് ഇവര്‍ക്കെതിരായ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

എന്നാല്‍, ഐസിസുമായി ബന്ധപ്പെട്ട കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്കെതിരേ എന്‍ഐഎക്ക് വ്യക്തമായ തെളിവുകള്‍ കിട്ടിയിട്ടില്ലെന്നാണ് വിവരം. പലയിടത്തു നിന്നും തെളിവ് ശേഖരിക്കാന്‍ ശ്രമം നടത്തിയെങ്കിലും കാര്യമായ പുരോഗതിയില്ലാതെ കുഴങ്ങുകയാണ് അന്വേഷണ സംഘം. പ്രതികള്‍ എവിടെയാണെന്ന വ്യക്തമായ സൂചനകള്‍ എന്‍ഐഎയുടെ പക്കലില്ല. ഐസിസിലേക്ക് ചേരാന്‍ പോയെന്ന് കരുതിയവര്‍ അഫ്ഗാനില്‍ നിന്നു ബന്ധുക്കള്‍ക്കയച്ച സന്ദേശങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഇവര്‍ അഫ്ഗാനിലുണ്ടെന്ന് പറയുന്നത്. എന്നാല്‍ യമനിലെ ദമ്മാജ് സലഫിസത്തില്‍ ആകൃഷ്ടരായി നാടുവിട്ടവരും ഇക്കൂട്ടത്തിലുണ്ടെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു.












Click it and Unblock the Notifications