കേരളം പിടിക്കാൻ മോദിയെ ഇറക്കി അവസാന കളിക്ക് ബിജെപി; അടുത്ത മാസം തിരുവനന്തപുരത്ത് എത്തിക്കാൻ ശ്രമം
ദക്ഷിണേന്ത്യ ഇപ്പോഴും ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളിയായി മുൻപിൽ നിൽക്കുകയാണ്. കാര്യമായ സ്വാധീനം ഉണ്ടായിരുന്ന കർണാടകയിൽ പോലും നേട്ടമുണ്ടാക്കാൻ അവർക്ക് കഴിയുമോ എന്ന കാര്യം സംശയത്തിലാണ്. രാമക്ഷേത്ര ഉദ്‌ഘാടനം വടക്കേ ഇന്ത്യയിൽ ബിജെപി അനുകൂല തരംഗം ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെങ്കിലും തെക്കേ ഇന്ത്യയിൽ എന്ത് തരത്തിലുള്ള തന്ത്രമാണ് അവതരിപ്പിക്കേണ്ടത് എന്ന ആശയക്കുഴപ്പത്തിലാണ് ബിജെപി.
എന്നാൽ കേരളത്തിൽ നരേന്ദ്ര മോദിയുടെ വ്യക്തി പ്രഭാവം തന്നെയാണ് ബിജെപി വോട്ടാക്കി മാറ്റാൻ ലക്ഷ്യമിടുന്നതെന്ന് ഇതുവരെയുള്ള കാര്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഇതിന്റെ ഭാഗമായി രണ്ടാഴ്‌ചയ്ക്ക് ശേഷം വീണ്ടും കേരളത്തിലെത്തുന്ന മോദിയുടെ കൊച്ചി റോഡ് ഷോ വലിയ പരിപാടിയാക്കി മാറ്റാനാണ് എ അവരുടെ നീക്കം. ഇതിന് പിന്നാലെ അടുത്ത മാസം തിരുവനന്തപുരത്തും മോദിയെ കൊണ്ടുവരാനാണ് കേരള ബിജെപിയുടെ ശ്രമം.

കൊച്ചിയിൽ നടന്ന യുവാക്കളുമായുള്ള സംവാദ പരിപാടി, തൃശൂരിൽ നടന്ന വനിതാ സംഗമം എന്നിവയ്ക്ക് ശേഷം ഒരിക്കൽ കൂടി കൊച്ചിയിലേക്കു എത്തുകയാണ് മോദി. 2019ലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മോദി ആദ്യം വന്നത് ഗുരുവായൂർ ക്ഷേത്രത്തിലേക്കായിരുന്നു. ഇത്തവണ തിരഞ്ഞെടുപ്പിന് മുമ്പ് ഗുരുവായൂരിൽ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനായി മോദിയെത്തും.
തൃശൂർ പിടിക്കാൻ ബിജെപി ഇറക്കിയ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് മോദി എത്തുന്നത് ഒന്നിലധികം ലക്ഷ്യങ്ങൾ മുന്നിൽ കണ്ടാണ്. വനിതാ സംഗമത്തിൽ കണ്ട വമ്പിച്ച ആൾക്കൂട്ടം മോദിയുടെ ജനപ്രീതിയുടെ ആഴം വെളിവാക്കുന്നതാണ്. ഈ തിരിച്ചറിവിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ശാപം തീർക്കാൻ വീണ്ടും പ്രധാനമന്ത്രിയുടെ രംഗത്തിറക്കാൻ ശ്രമിക്കുന്നത്.
കേരളത്തിൽ ഉടനീളമുള്ള മണ്ഡലങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം ജയ പ്രതീക്ഷ വെച്ച് പുലർത്തുന്ന തൃശൂർ, തിരുവനന്തപുരം മണ്ഡലങ്ങൾക്ക് തന്നെ മുഖ്യ പരിഗണന നൽകാനാവും പാർട്ടിയുടെ ശ്രമം. അതുകൊണ്ട് തന്നെയാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് മോദി എത്തുന്നതും. കൂടാതെ രണ്ടാമത്തെ ലക്ഷ്യമായി ക്രിസ്ത്യൻ വിഭാഗങ്ങളുടെ പിന്തുണ ബിജെപി ഉറപ്പാകുന്നുണ്ട്.
അത് മുഖ്യമായും പ്രധാനമന്ത്രിയുടെ അജണ്ടയിലുള്ള വിഷയമാണ്. കേരളത്തിലെ പ്രബലമായ ഒരു ന്യൂനപക്ഷത്തെ തങ്ങൾക്കൊപ്പം ചേർക്കുക വഴി തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാമെന്നാണ് അവർ കരുതുന്നത്. ഇതിനായാണ് മധ്യ കേരളത്തിൽ തന്നെ അവർ പിടിമുറുക്കുന്നത്. സഭാ നേതൃത്വങ്ങളെ ഒപ്പം നിർത്താനുള്ള നയം വിജയിച്ചാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി അത്ഭുതങ്ങൾ കാട്ടുമെന്ന് തന്നെയാണ് ബിജെപിയുടെ വിലയിരുത്തൽ, ഇതിന് മോദി എഫെക്റ്റ് കൂടി ഇന്ധനം പകരുമെന്നും അവർ ഉറച്ചു വിശ്വസിക്കുന്നു.












Click it and Unblock the Notifications