എന്താണ് പ്ലാന്‍ ബി? പെട്ടിക്കകത്ത് തയ്യാറാക്കി വച്ചിട്ടൊന്നുമില്ല; വിശദീകരിച്ച് ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാന ബറ്റ് പ്രഖ്യാപന വേളയില്‍ ധനമന്ത്രി നടത്തിയ നിര്‍ണായകമായ പരാമര്‍ശമായിരുന്നു പ്ലാന്‍ ബി. എല്ലായിടത്തും ഈ വിഷയത്തിലാണ് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത്. കേന്ദ്രം കേരളത്തോടുള്ള അവഗണന തുടരുകയാണെങ്കില്‍ പ്ലാന്‍ ബിയെ കുറിച്ച് ആലോചിക്കേണ്ടി വരുമെന്നായിരുന്നു ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ പരാമര്‍ശം.
ഇപ്പോഴിതാ ഈ വിഷയത്തില്‍ മന്ത്രി വിശദീകരണം നടത്തിയിരിക്കുകയാണ്. പ്ലാന്‍ ബി അങ്ങനെ തയ്യാറാക്കി വെച്ചിട്ടില്ല. ഇപ്പോഴത്തെ സ്ഥിതിയില്‍ അര്‍ഹമായ നികുതി ലഭിച്ച് എല്ലാ കാര്യങ്ങളും നടക്കുന്നുണ്ടെങ്കില്‍ പ്ലാന്‍ ബിയെ കുറിച്ച് ചിന്തിക്കേണ്ടി വരില്ല. അതില്ലാതെ വരുമ്പോഴാണ് പ്ലാന്‍ ബി ചിന്തിക്കേണ്ടി വരികയെന്ന് ധനമന്ത്രി പറയുന്നു.

എന്താണ് ചെയ്യണ്ടത് എന്നതിനെ കുറിച്ച് എഴുതി പെട്ടിയിലാക്കി വെച്ചിട്ടൊന്നുമില്ല ഈ പ്ലാന്‍ ബി. അത് സാഹചര്യം വരുമ്പോള്‍ ചെയ്യേണ്ട കാര്യമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ നിന്ന് വ്യത്യസ്തമായ രീതിയില്‍ കാര്യങ്ങള്‍ ചെയ്യേണ്ടി വരുന്നതിനെയാണ് പ്ലാന്‍ ബി എന്ന് പറഞ്ഞത്. ഇപ്പോള്‍ അത് ആലോചിക്കേണ്ടതില്ലെന്നും ധനമന്ത്രി പറഞ്ഞു.
ബജറ്റില്‍ തന്നെ അന്താരാഷ്ട്ര തലത്തില്‍ നടപ്പാക്കുന്ന പുതിയ കാര്യങ്ങളുണ്ട്. അത് കൊണ്ടുവരുമ്പോള്‍ തടസ്സം കൊണ്ടുവരുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. നമുക്ക് മുന്നോട്ട് പോകാനാവും. തൊഴില്‍ മേഖലയും, വരുമാനവുമെല്ലാം വര്‍ധിപ്പിച്ച് മുന്നോട്ട് പോകാനുള്ള കാര്യങ്ങളാണ് ഇന്നത്തെ ബജറ്റില്‍ ഉള്ളതെന്നും ധനമന്ത്രി പറഞ്ഞു.
സ്വകാര്യവത്കരണത്തിന്റെ കാര്യത്തില്‍ നിലപാട് മയപ്പെടുത്തുകയല്ല ചെയ്തത്. മുപ്പത് വര്‍ഷമുണ്ടായിരുന്ന സാഹചര്യമല്ല ഇപ്പോഴുള്ളത്. അതിനനുസരിച്ചുള്ള സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കണം. നമ്മുടെ രാജ്യത്ത് നിന്ന് പതിമൂന്ന് ലക്ഷം പേര്‍ വിദ്യാഭ്യാസത്തിനായി പുറത്തേക്ക് പോകുന്നുണ്ട്. അതില്‍ നാല് ശതമാനം നമ്മുടെ സംസ്ഥാനത്ത് നിന്നാണ്.
വിദ്യാഭ്യാസം ഇന്ന് ലോകത്ത് തന്നെ വിദ്യാഭ്യാസം വലിയ തോതില്‍ പണം കൈമാറ്റം ചെയ്യപ്പെടുന്ന കൊമേഴ്‌സ്യല്‍ സെക്ടര്‍ കൂടിയാണ്. യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ അവരുടെ സമ്പദ് വ്യവസ്ഥയിലേക്ക് പണം എത്തുന്നതിന് വിദ്യാഭ്യാസ മേഖല കാരണമാകുന്നുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് പോലും നല്ല വിദ്യാഭ്യാസം നല്‍കാനുള്ള സീറ്റുകള്‍ ഇവിടെ ലഭിക്കുന്നില്ല. അതുപോലെ ഹൗസ് സര്‍ജന്‍സിക്കുമുള്ള സൗകര്യമില്ല. ഇതെല്ലാം മാറ്റിയെടുക്കേണ്ടതുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.
കൂടുതല്‍ ആളുകള്‍ ഇവിടേക്ക് വരാനുള്ള ശ്രമങ്ങള്‍ വേണം. അത് നമ്മുടെ നാട്ടിലെ ജനങ്ങള്‍ക്ക് കൂടി ഉപകാരപ്പെടുന്നതായിരിക്കും. ഇവിടെയുള്ളവര്‍ക്ക് ഗുണങ്ങളുണ്ടാവുക എന്നത് തന്നെയാണ് ഓരോ കാര്യങ്ങള്‍ കൊണ്ടും ഉദ്ദേശിക്കുന്നത്. അല്ലാതെ നയവ്യതിയാനം ഉണ്ടായിട്ടില്ലെന്നും ബാലഗോപാല്‍ പറഞ്ഞു.
വിഴിഞ്ഞത്തെ അടക്കം നമുക്ക് നല്ല രീതിയില്‍ ഉപയോഗപ്പെടുത്താം. കേരളത്തിലേക്ക് അന്യസംസ്ഥാന തൊഴിലാളികള്‍ വരുന്നത് പോലെ ലോകത്ത് നിന്ന് വലിയൊരു വിഭാഗം കേരളത്തിലേക്ക് വരുന്നതിനാണ് ഈ പദ്ധതികളെല്ലാം വരുന്നത്. ചൈനയുമായി താരതമ്യത്തിന് പ്രസക്തയില്ലെന്നും ധനമന്ത്രി പറഞ്ഞു.












Click it and Unblock the Notifications