മദ്യവും ലോട്ടറിയും തന്നെ ശ്രദ്ധാകേന്ദ്രങ്ങൾ; ബജറ്റിനെ ഉറ്റുനോക്കി ടൂറിസം മേഖലയും, സാധ്യതകൾ ഇങ്ങനെ
തിരുവനന്തപുരം: കേന്ദ്ര ബജറ്റിന്റെ ചൂടാറും മുൻപേ സംസ്ഥാന ബജറ്റ് കൂടി എത്തുകയാണ്. സാമ്പത്തിക രംഗത്തെ വലിയ പ്രതിസന്ധിയുടെ കാലഘട്ടത്തിലൂടെയാണ് സംസ്ഥാനം കടന്നുപോവുന്നത്. ഇതിനെ ചൊല്ലി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഏറ്റുമുട്ടാത്ത ദിവസങ്ങളില്ല എന്ന് തന്നെ പറയാം. ഇപ്പോൾ കേരളത്തെ സമ്പൂർണമായി അവഗണിച്ചെന്ന് ഇടത് സർക്കാർ അവകാശപ്പെട്ട കേന്ദ്ര ബജറ്റ് കഴിഞ്ഞ് കൃത്യം നാലാം നാൾ കെഎൻ ബാലഗോപാൽ സഭയിൽ എത്തുമ്പോൾ ഉറ്റുനോക്കുന്നത് ഒട്ടേറെ മേഖലകളാണ്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് ഇക്കുറി കേന്ദ്രത്തിൽ നടന്നത് ഇടക്കാല ബജറ്റാണ്. എന്നാൽ കേരളത്തിൽ സ്ഥിതി വ്യത്യസ്‌തമാണ്. ഇവിടെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ ഇല്ലാത്തതിനാൽ പൂർണ ബജറ്റാണ് അവതരിപ്പിക്കപ്പിക്കേണ്ടത്. ഈ സാഹചര്യത്തിൽ കേരളത്തിന്റെ ഏറ്റവും വലിയ നികുതിയിതര വരുമാന സ്രോതസ്സുകളായ മദ്യം, ലോട്ടറി, ടൂറിസം മേഖലകൾ വളരെ പ്രതീക്ഷയോടെയാണ് ബജറ്റിന് നോക്കി കാണുന്നത്.

മദ്യത്തിന് ഇക്കുറി ബജറ്റിൽ വില വർധനവ് ഉണ്ടാകില്ലെന്ന് തന്നെയാണ് വിലയിരുത്തൽ. നേരത്തെ കഴിഞ്ഞ വർഷം പലപ്പോഴായി മദ്യ വിലയിൽ സർക്കാർ വർധനവ് വരുത്തിയിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ വിദേശ നിർമിത മദ്യത്തിന് ഗണ്യമായ വർധനവാണ് വരുത്തിയത്. ഈ സാഹചര്യത്തിൽ ഇനി മദ്യത്തിൽ തൊട്ടാൽ കൈപൊള്ളുമെന്ന് സർക്കാരിന് ഉറപ്പാണ്.
അതേസമയം, 2022-23 സാമ്പത്തിക വർഷത്തിൽ 150.58 കോടി രൂപയുടെ വിദേശ നിർമിത മദ്യമാണ് ബെവ്‌കോ വിറ്റഴിച്ചത്. സമാന കാലയളവിൽ ബെവ്കോയുടെ മൊത്തം മദ്യ വിൽപ്പന 18,511.92 കോടി രൂപയുടേതായിരുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ബജറ്റിൽ മേഖലയ്ക്ക് ഗുണകരമാവുന്ന പ്രഖ്യാപനങ്ങളാണ് പലരും ഉറ്റുനോക്കുന്നത്. എക്‌സൈസ് വകുപ്പിന് കീഴിൽ കൂടുതൽ ഡിസ്‌റ്റിലറികൾ, മദ്യനിർമാണ ശാലകൾ എന്നിവ അനുവദിക്കുമോ എന്നും ചോദ്യമുയരുന്നുണ്ട്.
ലോട്ടറിയും കേരളത്തിന്റെ നികുതിയിതര വരുമാനത്തിൽ ഗണ്യമായ സംഭാവന നൽകുന്ന മേഖലയാണ്. കഴിഞ്ഞ കാലങ്ങളിൽ ലോട്ടറിയുടെ വിൽപ്പന വർധിക്കുന്നത് കാണാൻ കഴിയും. ഈ സാഹചര്യത്തിൽ വില വർധിപ്പിക്കുമോ എന്നതാണ് സാധാരണക്കാർ ഉറ്റുനോക്കുന്നത്. സമ്മാനത്തുകയിൽ കാലാനുസൃതമായ പരിഷ്‌കാരവും വിവിധ കോണുകളിൽ നിന്ന് ഉയരുന്ന പ്രധാന ആവശ്യമാണ്.
സംസ്ഥാനത്ത് അതിവേഗം വളരുന്ന ടൂറിസം മേഖലയുടെ മുന്നേറ്റത്തിന് ഊർജം പകരുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാവുമോ എന്നതും നിർണായകമാണ്, പ്രത്യേകിച്ച് കോവിഡാനന്തരം ടൂറിസം മേഖലയുടെ വളർച്ച പ്രകടമാവുന്ന സാഹചര്യത്തിൽ. ടൂറിസം മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം തന്നെയാണ് മുഖ്യ അജണ്ടയായി എല്ലാവരും മുന്നോട്ട് വയ്ക്കുന്നത്. എന്നാൽ മുണ്ടുമുറുക്കി ഉടുത്ത് നടത്തുന്ന ബജറ്റിൽ ഇതിനെ എത്രത്തോളം സാധ്യതകളുണ്ട് എന്നത് കണ്ടറിയണം.
കൂടാതെ റബ്ബർ താങ്ങുവില അടക്കമുള്ള കാര്യങ്ങളിലും സർക്കാർ പ്രഖ്യാപനം ഉണ്ടാവുമെന്ന് കാർഷിക മേഖലയും പ്രതീക്ഷിക്കുന്നുണ്ട്. നിലവിലുള്ളതിനേക്കാൾ 20 രൂപയെങ്കിലും റബ്ബറിന്റെ താങ്ങുവില വർധിപ്പിച്ചേക്കുമെന്നാണ് വിലയിരുത്തൽ. കൂടാതെ കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലെ ലൈറ്റ് മെട്രോ, വയനാട്-കോഴിക്കോട് തുരങ്കപാത എന്നിവയുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ബജറ്റിൽ ഉണ്ടാവാനും ഇടയുണ്ട്.












Click it and Unblock the Notifications