'സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കും, ക്ഷേമ പെൻഷൻ കൂട്ടില്ല'; ധനമന്ത്രി
തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനപരിശോധിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ഇതിനാണ് പ്രത്യേക സമിതിയെ നിയോഗിക്കുന്നത്. കാലങ്ങളായി ഉയരുന്ന സർക്കാർ ജീവനക്കാരുടെ ആവശ്യങ്ങളിൽ ഒന്നാണ് പങ്കാളിത്ത പെൻഷൻ പദ്ധതി ഒഴിവാക്കണം എന്നത്.
അതേസമയം, ജീവനക്കാർക്ക് ആശ്വാസമാവുന്ന മറ്റൊരു പ്രഖ്യാപനം കൂടി ധനമന്ത്രി ബജറ്റിൽ നടത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശികയിൽ ഒരു ഗഡു ഏപ്രിലിലെ ശമ്പളത്തിനൊപ്പം കൊടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ആകെ ആറ് ഗഡുവാണ് നിലവിലുൽ കൊടുത്തു തീർക്കാനുള്ള കുടിശ്ശിക.

സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ലെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. സമയബന്ധികമാക്കാൻ കേന്ദ്രം അനുവദിക്കുന്നില്ല. അടുത്ത സാമ്പത്തിക വർഷം പെൻഷൻ സമയബന്ധിതമാക്കാൻ നടപടി സ്വീകരിക്കുമെന്നാണ് മന്ത്രി അറിയിച്ചത്. കേരളം മികച്ച രീതിയില്‍ പെന്‍ഷന്‍ നല്‍കുന്ന സംസ്ഥാനമാണെന്നും കുടിശ്ശികയാകുന്നത് കേന്ദ്ര സമീപനം മൂലമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
'ക്ഷേമ പെന്‍ഷന്‍ സമയബന്ധിതമായി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നില്ല, ബുദ്ധിമുട്ടിക്കുകയാണ്. കൃത്യമായി തുക നല്‍കുന്നില്ല അടുത്ത വര്‍ഷം സമയബന്ധിതമായി ക്ഷേമ പെന്‍ഷനും സാമൂഹ്യ സുരക്ഷാ പെന്‍ഷനും നല്‍കാനുള്ള നടപടിയുണ്ടാകും' ധനമന്ത്രി കൂട്ടിച്ചേർത്തു.
നേരത്തെ കേന്ദ്ര വിമർശനത്തോടെ തന്നെയായിരുന്നു ധനമന്ത്രി ബജറ്റ് അവതാരം ആരംഭിച്ചത്. കേന്ദ്രത്തിന്റെ കടുത്ത അവഗണന അതിന്റെ പാരമ്യത്തിൽ എത്തിയിരിക്കുകയാണ്. പ്ലാൻ ബി ആലോചിക്കുകയാണ്. വികസന ക്ഷേമ പ്രവർത്തനങ്ങളിൽ നിന്ന് പിന്നോട്ട് പോകില്ല. എന്ത് വില കൊടുത്തും വികസന ക്ഷേമ പ്രവര്‍ത്തനങ്ങൾ തുടരുമെന്നും കെഎൻ ബാലഗോപാൽ സർക്കാരിന്റെ നയം വ്യക്തമാക്കിയിരുന്നു.
കേന്ദ്രം അവഗണിക്കുന്നുവെന്ന് പ്രതിപക്ഷവും അംഗീകരിക്കുന്നുണ്ട്. ഇത് സ്വാഗതാര്‍ഹമാണ്. വൈകിയാണെങ്കിലും വിഷയം പാര്‍ലമെന്റിൽ ഉന്നയിക്കുമെന്ന് അവര്‍ പറയുന്നു. സര്‍ക്കാരിനൊപ്പം അല്ലെങ്കിലും സ്വന്തം നിലയ്ക്ക് എങ്കിലും സമരത്തിന് പ്രതിപക്ഷം തയ്യാറാകണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.
കേരളത്തിന്റെ സമ്പദ് ഘടന സൂര്യോദയ സമ്പദ്ഘടനയായി മാറിയെന്നും, കേരളത്തിന്റെ സ്ഥാനം രാജ്യത്തിന്റെ മുൻനിരയിലാണെന്നും ധനമന്ത്രി പറഞ്ഞിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ ശ്രമങ്ങൾ ഫലം കണ്ട് തുടങ്ങി. കേരളം ഒട്ടേറെ മാറി. കേന്ദ്രം നടത്തുന്ന സാമ്പത്തിക ഉപരോധത്തിൽ വിറങ്ങലിച്ച് നിൽക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications