Kerala Budget 2025: വിദ്യാർത്ഥികളെ തൊഴിൽ പ്രാപ്‌തരാക്കും; വിജ്ഞാന കേരളം പദ്ധതിക്ക് 20 കോടി അനുവദിച്ചു
തിരുവനന്തപുരം: വിദ്യാഭ്യാസത്തിനൊപ്പം തന്നെ വിദ്യാർത്ഥികളെ തൊഴിൽ പ്രാപ്‌തരാക്കുന്ന പദ്ധതികളുമായി സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികളെ തൊഴിൽ പ്രാപ്‌തരാക്കാനുള്ള വിജ്ഞാന കേരളം പദ്ധതിക്കായി 20 കോടി രൂപ വകയിരുത്തി. ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെഎൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ അഭ്യസ്‌ത വിദ്യരായ ചെറുപ്പക്കാരുടെ തൊഴിൽ ക്ഷാമത്തിന് കടിഞ്ഞാണിടുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വരുന്നത്.
വിവിധ കോഴ്‌സുകളിൽ അവസാന വർഷം പഠിക്കുന്ന 5 ലക്ഷം വിദ്യാർത്ഥികളെ കൃത്യമായ നൈപുണ്യപരിശീലനം നൽകി തൊഴിൽ പ്രാപ്‌തരാക്കുക, പഠനം പൂർത്തീകരിച്ച് ശരിയായി തയ്യാറെടുപ്പിച്ച് തൊഴിൽമേളയിലൂടെ തൊഴിൽ നൽകുക എന്ന ജനകീയ ക്യാമ്പയിനാണ് വിജ്ഞാന കേരളം പദ്ധതി എന്ന പേരിൽ അറിയപ്പെടുന്നത്.

2025-26 സാമ്പത്തിക വർഷത്തിലെ പ്രധാന വികസന പദ്ധതിയായിരിക്കും ഇതെന്നും ധനമന്ത്രി ബജറ്റിൽ അറിയിച്ചു. ഇതോടെ പഠനത്തിന് ശേഷം തൊഴിൽ കിട്ടാതെ വരുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വരുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. പദ്ധതി വിജയിച്ചാൽ കൂടുതൽ വിപുലമായി ഇത് നടപ്പിലാക്കാനാണ് സർക്കാർ തീരുമാനം.
കൂടാതെ ഏറ്റവും കാര്യക്ഷമായ പിഎസ്‌സി സംവിധാനമുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളമെന്നും ധനമന്ത്രി അറിയിച്ചു. തൊഴിൽ നിയമനങ്ങളിൽ കേരളം ഈ സർക്കാരിന്റെ കാലത്ത് ഇതുവരെ ഒരു ലക്ഷത്തിലേറെ നിയമന ശുപാർശകൾ നൽകി കഴിഞ്ഞതായാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. പതിനായിരത്തിലധികം പുതിയ തസ്‌തികകൾ സൃഷ്‌ടിച്ചുവെന്നും .
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം പിഎസ്‍സി നിയമനങ്ങളുടെ സിംഹഭാഗവും നടക്കുന്നത് കേരളത്തിലാണ്. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനങ്ങളും വർധിച്ചതായി ധനമന്ത്രി ചൂണ്ടിക്കാട്ടി. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റിന് ശേഷം ഇതുവരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി 8293 സ്ഥിരനിയമനങ്ങളും 34859 താത്കാലിക നിയമനങ്ങളും ഉൾപ്പെടെ 43152 പേർക്ക് തൊഴിൽ നൽകിയെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിക്കായി 30 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കേരളത്തിലെ വിവിധ സര്‍വകലാശാലകളിലും ഗവേഷണ കേന്ദ്രങ്ങളിലും പ്രവേശനം നേടിയ റഗുലര്‍-ഫുള്‍ടൈം ഗവേഷണ വിദ്യാര്‍ഥികളില്‍ മറ്റു ഫെലോഷിപ്പുകളോ ധനസഹായമോ ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 10,000 രൂപവെച്ച് ഫെലോഷിപ്പ് നല്‍കുമെന്ന പുതിയ പ്രഖ്യാപനവും ബജറ്റിൽ ധനമന്ത്രി നടത്തുകയുണ്ടായി.
Download











Click it and Unblock the Notifications