കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ നിർണായക വോട്ടെടുപ്പ് ദിനം കഴിഞ്ഞതോടെ സംസ്ഥാനത്തെ മൂന്ന് മുന്നണികളും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്‌തമായി കനത്ത പോളിംഗ് നടന്നതിന്റെ ഗുണം ആർക്കാണ് ലഭിക്കുക എന്ന് വ്യക്തമാവാത്ത സവിശേഷ സാഹചര്യവും ഇവിടെ നിലനിൽക്കുന്നുണ്ട്. അതിനിടയിൽ അവകാശവാദങ്ങളുമായി മുന്നണികൾ രംഗത്ത് വരികയാണ്.
ഇക്കുറി കേരളത്തിൽ രണ്ടിടത്ത് താമര വിരിയുമെന്ന് ഉറപ്പിച്ചു പറയുകയാണ് ബിജെപി. വോട്ടെടുപ്പിൽ അന്തിമ കണക്കുകൾ പുറത്തുവന്നതിന് പിന്നാലെയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി ശുഭാപ്‌തി വിശ്വാസം പ്രകടിപ്പിക്കുന്നത്. മുൻപ് നേമത്ത് ഒ രാജഗോപാൽ വിജയിച്ചത് പോലെ ഇക്കുറി രണ്ട് പേർ നിയമസഭയിൽ എത്തുമെന്നാണ് പാർട്ടി അവകാശപ്പെടുന്നത്. രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ ആദ്യമായി ഇറങ്ങിയ നിയമസഭാ തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്.

നേമത്ത് ഒരിക്കൽ കൂടി താമര വിരിയുമെന്നാണ് ബിജെപി നേതാക്കൾ കണക്കുകൂട്ടുന്നത്. കൂടാതെ കഴക്കൂട്ടത്തും വിജയം ഉറപ്പാണെന്ന് അവർ കരുതുന്നു. രാജീവ് ചന്ദ്രശേഖറിന്റെയും വി മുരളീധരന്റെയും വിജയത്തിൽ സംശയമില്ലെന്ന് രാത്രി വൈകി ചേർന്ന യോഗത്തിലും അഭിപ്രായം ഉയർന്നു. ഇതിന് പുറമേ പത്തോളം മണ്ഡലങ്ങളിൽ അട്ടിമറി സാധ്യത നിലനിൽക്കുന്നുവെന്നും, അവിടെ ഫലം ഇങ്ങോട്ടും ആവാമെന്നുമാണ് കണക്കുകൂട്ടുന്നത്.
അതിൽ തിരുവനന്തപുരത്ത് നിന്ന് മൂന്നോളം മണ്ഡലങ്ങൾ കൂടിയുണ്ടെന്നതാണ് പ്രത്യേകത. കാട്ടാക്കട, വട്ടിയൂർകാവ്, ആറ്റിങ്ങൽ, ചാത്തന്നൂർ, മഞ്ചേശ്വരം, പാലക്കാട്, എന്നിവ ഉൾപ്പെടെ 10 ഇടങ്ങളിൽ അട്ടിമറിക്ക് സാധ്യതയുണ്ടെന്നാണ് ബിജെപി കരുതുന്നത്. മഞ്ചേശ്വരത്ത് കഴിഞ്ഞ രണ്ട് തവണയും കെ സുരേന്ദ്രൻ അവസാന നിമിഷമാണ് ചെറിയ ഭൂരിപക്ഷത്തിന് വീണത് എന്നത് അവരെ പ്രതീക്ഷയിൽ നിർത്തുന്ന ഘടകമാണ്.
നേമത്ത് ന്യൂനപക്ഷ വോട്ടുകൾ ഇരു പ്രബല മുന്നണികൾക്കുമായി പോയത് ഗുണമാവുമെന്നും നിഷ്‌പക്ഷ വോട്ടുകൾ ലഭിച്ചത് രാജീവ് ചന്ദ്രശേഖറിന് ആണെന്നും മൊത്തത്തിൽ വിലയിരുത്തലുണ്ട്. അത് സംസ്ഥാന അധ്യക്ഷന് ജയം കൊണ്ടുവരുമെന്നാണ് കണക്കുകൂട്ടുന്നത്. ശിവൻകുട്ടിയും കെഎസ് ശബരീനാഥനും മത്സരിച്ച മണ്ഡലത്തിൽ ത്രികോണ മത്സരത്തിന്റെ ആനുകൂല്യം രാജീവ് ചന്ദ്രശേഖറിന് ലഭിക്കുമെന്നാണ് വിലയിരുത്തൽ.
ശബരിമല സ്വർണക്കൊള്ള ഉൾപ്പെടെ ചർച്ചയായ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന് തിരിച്ചടിയായപ്പോൾ ഗുണം ലഭിച്ചത് വി മുരളീധരന് ആണെന്നും അവർ വിലയിരുത്തുന്നു. ഇതിന് പുറമെ കാട്ടാക്കട, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ ഉയർന്ന പോളിംഗ് തുണയാവുക ബിജെപിക്ക് ആണെന്നും പാലക്കാട് ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ അട്ടിമറി സാധ്യത ഉണ്ടെന്നും ബിജെപി സംസ്ഥാന നേതൃത്വം വിലയിരുത്തുന്നു.
അതേസമയം, നൂറ് സീറ്റ് കടക്കുമെന്ന് തന്നെയാണ് യുഡിഎഫ് ക്യാമ്പ് ഉറച്ച് വിശ്വസിക്കുന്നത്. അത് പലതവണയായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ തന്നെ ആവർത്തിക്കുന്നതും കാണാമായിരുന്നു. ഉയർന്ന പോളിംഗ് തന്നെയാണ് യുഡിഎഫിനെയും ഇത്തരത്തിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. നേരിയതെങ്കിലും ഭേദപ്പെട്ട ഭൂരിപക്ഷത്തോടെ വീണ്ടും ഭരിക്കാമെന്നാണ് എൽഡിഎഫ് കരുതുന്നത്. എന്തായാലും അന്തിമ ഫലം അറിയാൻ ഇനിയും 25 ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരും.












Click it and Unblock the Notifications