Kerala Election Result: 1987ന് ശേഷം കോൺഗ്രസിന് കാസർഗോഡ് 2 എംഎൽഎമാർ, സന്ദീപ് വാര്യരും കെ നീലകണ്ഠനും
കാസർഗോഡ്: നാല് പതിറ്റാണ്ട് നീണ്ട എംഎൽഎ വരൾച്ചയ്ക്ക് അറുതി വരുത്തി കാസർഗോഡ് കോൺഗ്രസിന് ഇക്കുറി രണ്ട് എംഎൽഎമാർ. തൃക്കരിപ്പൂർ, ഉദുമ മണ്ഡലങ്ങളിലാണ് ഇക്കുറി കോൺഗ്രസ് വിജയം സ്വന്തമാക്കിയത്. 1987ലാണ് അവസാനമായി കോൺഗ്രസിന് ജില്ലയിൽ നിന്ന് സ്ഥാനാർത്ഥികളെ ജയിപ്പിക്കാൻ കഴിഞ്ഞത്. അവിടെയാണ് ഇത്തവണത്തെ യുഡിഎഫ് തരംഗത്തിൽ ഇടത് കോട്ടകൾ കടപുഴകിയത്.
ഉദുമ നിയമസഭാ മണ്ഡലത്തിൽ ഐഎൻസി സ്ഥാനാർത്ഥി നീലകണ്ഠൻ 4,847 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുകയായിരുന്നു. 18 റൗണ്ടുകൾ എണ്ണിത്തീർന്നപ്പോൾ, സിപിഐ (എം) സിറ്റിംഗ് എം.എൽ.എ സിഎച്ച് കുഞ്ഞമ്പുവിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. നീലകണ്ഠന് 78,910 വോട്ടുകൾ ലഭിച്ചപ്പോൾ കുഞ്ഞമ്പു 74,063 വോട്ടുകൾ നേടി.

തിരഞ്ഞെടുപ്പ് കമ്മീഷൻ കണക്കനുസരിച്ച്, ബിജെപി സ്ഥാനാർത്ഥി മാനുലാൽ എം 26,899 വോട്ടുകളോടെ മൂന്നാം സ്ഥാനത്തെത്തി. ഉദുമയിലെ ഫലം കാസർഗോഡ് ജില്ലയിൽ ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയായി. 2021-ൽ സിഎച്ച് കുഞ്ഞമ്പു വിജയിച്ച മണ്ഡലമായിരുന്നു ഉദുമ. ഭരണവിരുദ്ധ വികാരവും തീരദേശ മേഖലകളിലെ ശക്തമായ പിന്തുണയും കോൺഗ്രസിന് നിർണായക വിജയമൊരുക്കി.
ഈ വിജയം വടക്കൻ കേരളത്തിൽ യുഡിഎഫിന്റെ അംഗബലം വർധിപ്പിച്ചു. തൃക്കരിപ്പൂർ മണ്ഡലത്തിൽ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി സന്ദീപ് വാര്യർ 83,109 വോട്ടുകളോടെ വിജയിച്ചു കയറുകയായിരുന്നു. സിപിഐ (എം) സ്ഥാനാർത്ഥി ഡോ. വിപിപി മുസ്‌തഫ 78,678 വോട്ടുകളോടെ രണ്ടാമതെത്തി. ഇടതിന്റെ കോട്ടയായ മണ്ഡലത്തിൽ 4431 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചിരിക്കുന്നത്.
കാസർഗോട്ടെ തിരഞ്ഞെടുപ്പ് ചരിത്രം
1987ലെ വിജയത്തിന് ശേഷം കോൺഗ്രസിന് ഒരു എംഎൽഎ പോലും ഉണ്ടായിരുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 1987ൽ രണ്ട് എംഎൽഎമാരായിരുന്നു ജില്ലയിൽ കോൺഗ്രസിന് ഉണ്ടായിരുന്നത്. ആ സാഹചര്യത്തിൽ നിന്ന് അവർ താഴേക്ക് പോവുകയായിരുന്നു. ഉദുമയിൽ നിന്ന് കെപി കുഞ്ഞിക്കണ്ണനും അന്നത്തെ ഹൊസ്‌ദുർഗ് മണ്ഡലത്തിൽ നിന്ന് എൻ. മനോഹരൻ മാസ്‌റ്ററും സഭയിൽ എത്തിയപ്പോൾ അതിന് ശേഷം പിന്നീട് ജില്ലയിൽ കോൺഗ്രസ് എംഎൽഎമാർ ജയിച്ചിരുന്നില്ല.
1987ന് സമാനമാണ്, ഇത്തവണയും രണ്ടുപേരാണ് കോൺഗ്രസ് പ്രതിനിധികളായി നിയമസഭയിൽ എത്തുക. അതിൽ തന്നെ ഏറ്റവും ശ്രദ്ധേയമായ വിജയം തൃക്കരിപ്പൂരിലെ സന്ദീപ് വാര്യരുടെ വിജയമാണ്. വൻ ഭൂരിപക്ഷത്തിൽ കഴിഞ്ഞ തവണ വിജയിച്ച മണ്ഡലമായിരുന്നു ഇത്. അവിടെ ആദ്യമായാണ് കോൺഗ്രസ് സ്ഥാനാർത്ഥി ജയിക്കുക.












Click it and Unblock the Notifications