Kerala Exit Poll 2024: കേരളത്തിൽ യുഡിഎഫ് തരംഗം; 17 സീറ്റുകൾ വരെ നേടാം, എൽഡിഎഫിന് 5 വരെ, എൻഡിഎയ്ക്കും പ്രതീക്ഷ
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇക്കുറിയും കേരളത്തിൽ യുഡിഎഫ് തരംഗമെന്ന് പ്രവചിച്ച് ജൻ കി ബാത്ത് സർവേ ഫലങ്ങൾ. ഈ സർവേ പ്രകാരം കഴിഞ്ഞ തവണത്തേതിന് സമാനമായി മികച്ച നേട്ടം യുഡിഎഫ് ഉണ്ടാക്കുമെന്നാണ് ഫലം. അതായത് പതിനേഴ് സീറ്റുകളാണ് യുഡിഎഫ് കേരളത്തിൽ നേടുകയെന്നാണ് സർവേയിൽ പറയുന്നത്.
സംസ്ഥാനത്തെ ഭരണകക്ഷിയായ എൽഡിഎഫിന് പക്ഷേ ആശ്വസിക്കാൻ വകയുണ്ട് എന്നതാണ് മറ്റൊരു കാര്യം. മൂന്ന് മുതൽ അഞ്ച് വരെ സീറ്റുകൾ എൽഡിഎഫ് നേടുമെന്നാണ് സർവേയിൽ വ്യക്തമാക്കുന്നത്. കൂടാതെ കേരളത്തിൽ എൻഡിഎ അക്കൗണ്ട് തുറക്കാനുള്ള സാധ്യതയും ജൻ കി ബാത്ത് സർവേ ഫലം കാണിക്കുന്നുണ്ട്.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ജൻ കി ബാത്ത് സർവേ ഫലം യുഡിഎഫിന് ആശ്വാസകരമാവുന്ന തിരഞ്ഞെടുപ്പ് ഫലങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്. പ്രത്യേകിച്ച് കേരളത്തിലെ പ്രാദേശിക സാഹചര്യങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ മറികടന്നുകൊണ്ട് ഏതാണ്ട് കഴിഞ്ഞ തവണ നേടിയതിനോളം സീറ്റുകൾ നേടാനായാൽ അവർക്കത് ചെറിയ കാര്യമാവില്ല.
എന്നാൽ ഭരണകക്ഷിയായ എൽഡിഎഫിന് ഈ സർവേ ഫലം പൂർണ തൃപ്‌തി നൽകുന്നതല്ല. പ്രത്യേകിച്ച് സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണം നിലനിൽക്കെ ഈ തവണ കൂടി ലോക്‌സഭയിൽ കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് വലിയ തിരിച്ചടിയാകും എന്നാണ് ഇടത് കേന്ദ്രങ്ങൾ കരുതുന്നത്.
ജൻ കി ബാത്ത് സർവേയിൽ കേന്ദ്രത്തിൽ ബിജെപിക്ക് വലിയ മുന്നേറ്റമാണ് പ്രവചിക്കപ്പെടുന്നതെങ്കിലും കേരളത്തിൽ അതിന്റെ പ്രതിഫലനം ഉണ്ടായിട്ടില്ലെന്ന് സർവേയിൽ വ്യക്തമാണ്. കാരണം പരമാവധി ഒരു സീറ്റ് മാത്രമാണ് കേരളത്തിൽ ബിജെപിക്ക് അഥവാ എൻഡിഎയ്ക്ക് സർവേ പ്രവചിക്കുന്നത്. എന്നാൽ ബിജെപി ഇക്കുറി ഒന്നിലധികം സീറ്റുകളിൽ കണ്ണ് വച്ചിരുന്നു എന്നത് അങ്ങാടിപാട്ടാണ്.
തൃശൂർ, തിരുവനന്തപുരം മണ്ഡലങ്ങളാണ് പ്രധാനമായും അവർ ജയം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അതിനൊപ്പം കേന്ദ്ര മന്ത്രി വി മുരളീധരൻ മത്സരിക്കുന്ന ആറ്റിങ്ങലും ജയം സ്വപ്‌നം കണ്ട മണ്ഡലത്തിൽ ഉൾപ്പെടുന്നുണ്ട്. പക്ഷേ ജൻ കി ബാത്ത് സർവേ പ്രകാരം ബിജെപിയുടെ ജയം തുലാസിലാണ്.
ഇത് പാർട്ടി കേന്ദ്ര നേതൃത്വത്തെ ഉൾപ്പെടെ ഇരുത്തി ചിന്തിപ്പിക്കും എന്നത് ഉറപ്പാണ്. പ്രത്യേകിച്ച് ഇത്തവണ പ്രധാനമന്ത്രി നേരിട്ട് പ്രചാരണത്തിന് ചുക്കാൻ പിടിക്കുകയും നിരവധി തവണ കേരളത്തിലേക്ക് നേരിട്ട് എത്തുകയും ചെയ്‌തിട്ടുണ്ട് ഫലം ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്ന ചിന്തയാവും അവരെ അലട്ടുക എന്നുറപ്പാണ്.












Click it and Unblock the Notifications