Kerala Exit Poll Result: കേരളത്തിൽ യുഡിഎഫ് മുന്നേറ്റം; എൻഡിഎ അക്കൗണ്ട് തുറക്കുമെന്നും ടിവി 9 സർവേ ഫലം
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഇക്കുറിയും മുന്നേറ്റമുണ്ടാക്കുമെന്ന് പ്രവചിച്ച് ടിവി 9 സർവേ ഫലം. എന്നാൽ കഴിഞ്ഞ തവണത്തെ മികവ് ആവർത്തിക്കാൻ യുഡിഎഫിന് കഴിയില്ലെന്നാണ് സർവേയിലെ കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ സർവേയിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം എൻഡിഎയ്ക്ക് ഒരു സീറ്റ് പ്രവചിക്കപ്പെടുന്നു എന്നതാണ്.
ഇത്തവണ കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന എൻഡിഎ വാഗ്‌ദാനം വെറും വാക്കാവില്ലെന്നാണ് സർവേ ഫലം വ്യക്തമാക്കുന്നത്. ശക്തമായ സാന്നിധ്യമായ, നിലവിൽ സംസ്ഥാനത്ത് ഭരണകക്ഷിയായ എൽഡിഎഫ് കഴിഞ്ഞ തവണത്തേതിൽ നിന്ന് നില മെച്ചപ്പെടുത്തുമെങ്കിലും പ്രതീക്ഷിച്ച നേട്ടത്തിലേക്ക് എത്തില്ലെന്നാണ് സർവേ വ്യക്തമാക്കുന്നത്.

കേരളത്തിൽ നേട്ടമുണ്ടാക്കാൻ കഴിയുമെന്ന ബിജെപിയുടെ കണക്കുകൂട്ടലുകളിലെ ആദ്യപടി വിജയമാകും ഈ സർവേ ഫലം യാഥാർഥ്യമായാൽ. എന്തെന്നാൽ ഒരു സീറ്റ് നേടുക എന്ന ഏറെനാളത്തെ സ്വപ്‌നം നടക്കുമെന്നാണ് ടിവി 9 സർവേ വ്യക്തമാക്കുന്നത്. എങ്കിലും അന്തിമ ഫലം വന്നാൽ മാത്രമേ ഇക്കാര്യത്തിൽ തീരുമാനമാകൂ.
സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറും ഉൾപ്പെടെ വമ്പന്മാർ അണിനിരന്ന കേന്ദ്ര നേതൃത്വം ഒന്നാകെ പ്രചരണത്തിന് ചുക്കാൻ പിടിച്ച ഈ തിരഞ്ഞെടുപ്പിൽ വിജയം സുനിശ്ചിതമാണെന്ന് ബിജെപി നേരത്തെ തന്നെ പറഞ്ഞതാണ്. അത് ശരിയാകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.
ശരിക്കും കേരളത്തിൽ മൂന്നോളം സീറ്റുകളിലാണ് ബിജെപി പ്രധാനമായും പ്രതീക്ഷ പുലർത്തിയിരുന്നത്. കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖറും വി മുരളീധരനും മത്സരിച്ച തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങൾ അവർ വലിയ പ്രതീക്ഷ വച്ച് പുലർത്തുന്ന ഇടങ്ങളാണ്. അതിനാലാണ് സിനിമാ താരങ്ങളെ ഉൾപ്പെടെ ഇറക്കി ഇവിടെ പ്രചരണം കൊഴുപ്പിച്ചത്.
എന്നാൽ ഇതിന് പുറമെ ബിജെപി ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ നോക്കി കാണുന്ന മണ്ഡലം തൃശൂരാണ്. ഇവിടെ സുരേഷ് ഗോപിയുടെ വ്യക്തി പ്രഭാവവും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും ഒക്കെ ഒരുപോലെ തുണച്ചത് ജയം കൊയ്യാമെന്നാണ് അവർ കണക്ക് കൂട്ടിയത്. ഇത് നടന്നോ എന്നാണ് ഇനി കണ്ടറിയേണ്ടത്.
എൽഡിഎഫിന്റെ കാര്യം പറയുകയാണെങ്കിൽ ഇക്കുറി നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാവുമോ എന്ന ചോദ്യത്തോട് മൗനം പാലിച്ചാണ് അവർ പ്രചരണത്തിന് ഇറങ്ങിയത്. ഇത് തിരിച്ചടിയാവും എന്ന കണക്ക് കൂട്ടലിനെ തുടർന്നാണ് അവർ അതിനെ അവഗണിച്ചത്. എന്നാൽ വിവിധ സർവേ ഫലങ്ങൾ ശരിയാവുകയാണെങ്കിൽ അത് എൽഡിഎഫിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാകും എന്നാണ് വിലയിരുത്തൽ.












Click it and Unblock the Notifications