Kerala Exit Poll Result: കേരളത്തിൽ യുഡിഎഫ് അടിച്ചുകേറി വരും; എൽഡിഎഫ് നിറംമങ്ങും, എൻഡിഎക്ക് വൻ നേട്ടം
തിരുവനന്തപുരം: അത്യന്തം ആവേശകരമായ പോരാട്ടം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് അവസാനമായതിന് പിന്നാലെ പുറത്തുവന്ന എക്‌സിറ്റ് പോൾ സർവേ ഫലങ്ങളിൽ കേരളത്തിൽ യുഡിഎഫിന് കൃത്യമായ മുൻതൂക്കം. രണ്ട് പ്രധാന സർവേകളായ ന്യൂസ് 24 ടുഡേസ് ചാണക്യ, റിപ്പബ്ലിക് - പി മാർക്ക് എന്നീ സർവേകൾ പ്രകാരം കേരളത്തിൽ യുഡിഎഫിനാണ് മുൻതൂക്കം.
ന്യൂസ് 24 സർവേ പ്രകാരം യുഡിഎഫ് ആകെ പതിനഞ്ച് സീറ്റുകളാവും കേരളത്തിൽ നേടുക. ഇത് കഴിഞ്ഞ തവണ നേടിയതിനെ അപേക്ഷിച്ച് കുറവാണെങ്കിലും ഇക്കുറിയും മുന്നണിയുടെ പ്രകടനം കേരളത്തിൽ മികച്ചതാവും എന്ന സൂചനയാണ് സർവേ ഫലം നൽകുന്നത്. ഈ സർവേയിൽ എൽഡിഎഫിന് ഒരു സീറ്റ് മാത്രമാണ് പ്രവചിക്കപ്പെടുന്നത്.

എന്നാൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയ്ക്ക് വൻ മുന്നേറ്റമാണ് സർവേയിൽ പറയുന്നത്. ഏകദേശം നാല് സീറ്റുകൾ വരെ നേടാമെന്നാണ് സർവേ പ്രവചിക്കുന്നത്. എങ്കിൽ എൻഡിഎയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയമാവും ഇത്. എന്നാൽ ഇതുറപ്പിക്കാൻ കേവലം എക്‌സിറ്റ് പോളുകൾ കൊണ്ട് സാധ്യമല്ല എന്നതും ഓർക്കണം.
അതേസമയം, മറ്റൊരു പ്രധാന സർവേയായ റിപ്പബ്ലിക്-പി മാർക്ക് സർവേയിലും യുഡിഎഫിന് വ്യക്തമായ മുൻതൂക്കം പ്രവചിക്കപ്പെടുന്നുണ്ട്. അതിലാവട്ടെ ഒരൽപം കൂടി ഉയർന്ന മാർജിൻ വിജയമാണ് യുഡിഎഫിന് ഉണ്ടാവുകയെന്നാണ് പ്രവചനം. അതായത് ഏതാണ്ട് കഴിഞ്ഞ തവണത്തെ വിജയത്തോട് അടുത്ത് നിൽക്കുന്ന ഫലം ഉണ്ടാവുമെന്ന് ഇതിൽ പറയുന്നു.
യുഡിഎഫിന് പതിനേഴ് സീറ്റുകളാണ് സർവേ പ്രവചിക്കുന്നത്. കഴിഞ്ഞ തവണ പത്തൊമ്പത് സീറ്റുകൾ നേടിയെങ്കിലും പിന്നീട് ജോസ് കെ മാണിയുടെ കേരള കോൺഗ്രസ് മുന്നണി വിട്ടപ്പോൾ അത് പതിനെട്ടായി കുറഞ്ഞിരുന്നു. അതിനോട് ചേർന്ന് നിൽക്കുന്ന സർവേ ഫലമാണ് റിപ്പബ്ലിക് ഇക്കുറി യുഡിഎഫിന് മുൻപിൽ വച്ചിരിക്കുന്നത്.
മറുവശത്ത് എൽഡിഎഫിനെ സംബന്ധിച്ച് നേട്ടമെന്നോ നഷ്‌ടമെന്നോ പറയാൻ കഴിയാത്ത സാഹചര്യമാണുള്ളത്. കഴിഞ്ഞ തവണ നേടിയ ഒന്നിൽ നിന്ന് മൂന്നായി ഉയരുമെങ്കിലും ഇക്കുറി പ്രചരണ വേളയിൽ ഉയർത്തിയ മുദ്രാവാക്യങ്ങളും പ്രഖ്യാപനങ്ങളും ഒന്നും ഏശിയില്ലെന്ന സൂചനയാവും അവർക്ക് സർവേ നൽകുക.
ഇനി ഈ സർവ്വേ പ്രകാരം എൻഡിഎയുടെ നില പരിതാപകരമാണ്. എന്തെന്നാൽ മുൻ സർവേയിൽ എൻഡിഎ നാല് സീറ്റുകൾ വരെ നേടുമെന്ന് പ്രവചിക്കപ്പെട്ട സ്ഥാനത്ത് ഇതിൽ എൻഡിഎ സംപൂജ്യരാകും എന്നാണ് വിലയിരുത്തൽ. വലിയ രീതിയിൽ പ്രചാരണം നടത്തിയിട്ടും അത് ഫലം കണ്ടില്ലെന്ന തിരിച്ചടിയാവും എൻഡിഎയെ ഫലം കാണുമ്പോൾ അലട്ടുന്ന കാര്യം.












Click it and Unblock the Notifications